കോഴിക്കോട്- ശബരിമലയുടെ പേരിലെ കുലസ്ത്രീ വോട്ടുകള്‍ കോണ്‍ഗ്രസിന് ചോരാതിരിക്കാന്‍ ബി.ജെ.പി ശ്രമം. സി.പി.എം വിരോധം ശക്തമാവുമ്പോള്‍ ബി.ജെ.പിയുടെ പെട്ടി ചോര്‍ന്ന് യു.ഡി.എഫിന് നേട്ടമാവുമെന്നതാണ് അനുഭവം. ഇതു തടയാനും ശബരിമല വോട്ടുകള്‍ താമരയില്‍ തന്നെ വീഴുമെന്ന് ഉറപ്പുവരുത്താനുമാണ് ഒന്നാം ഘട്ടത്തില്‍ ബി.ജെ.പിയുടെ ശ്രമം.
ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ സംഘര്‍ഷം ശക്തമാവുന്നതോടെ സി.പി.എമ്മിനോട് വിരോധം മൂക്കുന്ന ബി.ജെ.പി അനുഭാവികളുടെ വോട്ട് യു.ഡി.എഫിലേക്ക് ചോരുക പതിവാണ്. ബി.ജെ.പിക്ക് ജയസാധ്യതയില്ലാതിരുന്നതാണ് ഇതിന് കാരണമായിരുന്നത്.
ബി.ജെ.പി സ്ഥാനാര്‍ഥി ജയിക്കുമെന്ന് പ്രതീതി വരുന്നതോടെ വോട്ട് താമരയില്‍ തന്നെ വീഴുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷാവസ്ഥ നേട്ടമാവുമെന്നാണ് ബി.ജെ.പിയുടെ നിരീക്ഷണം. സി.പി.എമ്മാകട്ടെ ബി.ജെ.പിക്ക് അല്‍പം ഹിന്ദു വോട്ട് ലഭിച്ചാലും ന്യൂനപക്ഷ വോട്ട് കൂടുതലായി ലഭിക്കുമെന്ന കണക്കുക്കൂട്ടലിലാണ്.
ശബരിമലയെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ സംഘ്പരിവാര്‍ സംഘടനകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് ബി.ജെ.പി രാഷ്ട്രീയ പ്രചരണം നടത്തുമ്പോള്‍ പ്രത്യക്ഷത്തില്‍ രാഷ്ട്രീയമില്ലെങ്കിലും ശബരിമലയെ മുന്‍നിര്‍ത്തി ഭക്തസംഗമങ്ങള്‍ സംഘ്പരിവാര്‍ നടത്തുന്നുണ്ട്. 'ഹൈന്ദവം' എന്ന പേരില്‍ കോഴിക്കോട്ട് വിപുലമായ സംഗമം തീരുമാനിച്ചു കഴിഞ്ഞു.
ഹിന്ദുക്കളില്‍ വലിയ വിഭാഗം പ്രത്യേകിച്ച് സ്ത്രീകള്‍ ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരാണെന്നാണ് സൂചന. യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സ്വീകരിച്ചത്. വിശ്വാസ സംരക്ഷണയാത്രകളും കോണ്‍ഗ്രസ് സംഘടിപ്പിച്ചു. എന്നാല്‍ ശബരിമലയില്‍ എത്തിയ യുവതികളെ തടയുന്നതിനും ഹര്‍ത്താലുകള്‍ നടത്തുന്നതിനും മുന്‍കൈ എടുത്തത് ബി.ജെ.പിയാണ്.
കുടുംബങ്ങളെ കേന്ദ്രീകരിച്ച് പ്രചരണം നടത്താനാണ് ബി.ജെ.പി തുടക്കം കുറിച്ചത്. എന്റെ കുടുംബം ബി.ജെ.പി കുടുംബം എന്ന പരിപാടിയിലൂടെ സ്ത്രീകളടക്കം കുടുംബത്തെ ഒന്നടങ്കം പാര്‍ട്ടിക്ക് കീഴിലാക്കുകയെന്ന ദൗത്യത്തിലാണ് അവര്‍.