മനാമ- ബഹ്റൈനില്‍ കഴിഞ്ഞാഴ്ച ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ട മലയാളി നഴ്‌സ് പ്രിയങ്ക വര്‍ഗീസിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കേരള മനുഷ്യാവകാശ കമീഷന്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നാണിത്. തിങ്കളാഴ്ച പ്രിയങ്കയുടെ സംസ്കാരം നടക്കേണ്ടതായിരുന്നുവെങ്കിലും മനുഷ്യാവകാശ കമീഷന്‍ ഉത്തരവിനെ തുടര്‍ന്ന് നീട്ടിവെച്ചു.
കേരള പോലീസിനും മനുഷ്യാവകാശ കമ്മീഷനും പ്രിയങ്കയുടെ അമ്മ മറിയാമ്മ പൊന്നച്ചന്‍ നല്‍കിയ പരാതിയിലാണ് നടപടി. മകളുടെ മരണം സംശയാസ്പദ സാഹചര്യത്തിലാണെന്ന് അവര്‍ പരാതിയില്‍ പറഞ്ഞു.
പ്രിയങ്കയെ ഭര്‍ത്താവ് പ്രിന്‍സ് വര്‍ഗീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് അമ്മ പറയുന്നു. സത്യം വെളിച്ചത്തുവരാന്‍ റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും ആവശ്യപ്പെട്ടു. മൃതദേഹം വേഗം മറവു ചെയ്യാന്‍ ഭര്‍ത്താവിന്റെ കുടുംബം ധൃതികൂട്ടിയതും സംശയത്തിനിടയാക്കി.
വ്യാഴാഴ്ച രാത്രിയാണ് മഹൂസിലെ വസതിയില്‍ 30 കാരിയായ പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് മദ്യപനും പീഡകനുമായിരുന്നെന്ന ആരോപണം മനാമയിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ നിഷേധിച്ചു. നഴ്‌സിന് മറ്റൊരാളുമായി ഉണ്ടായിരുന്ന ബന്ധം പുറത്തുവന്നതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മനാമയിലെ ഹൂറ പോലീസ് സ്‌റ്റേഷനില്‍ പ്രിന്‍സിനെതിരെ മൂന്ന് ഗാര്‍ഹിക പീഡന കേസുകള്‍ നിലവിലുണ്ടെന്നും ഇയാളുടെ പീഡനം സഹിക്കാതെയാണ് പ്രിയങ്ക ജീവനൊടുക്കിയതെന്നും അവരുടെ ബന്ധുക്കള്‍ പറഞ്ഞു.