ഒരു ജനാധിപത്യ ഭരണകൂടത്തിന് അനഭിമതനാകുന്ന സിവിൽ സർവീസുകാരനും/ കാരിയും പിന്നാലെ വരുന്നവർക്കും അങ്ങനെത്തന്നെയായിരിക്കും. പരാക്രമങ്ങൾ കാണിക്കുമ്പോൾ ചുറ്റും നിന്ന് തുള്ളിച്ചാടാൻ ഒരു പാട് ആവേശക്കമ്മറ്റിക്കാർ കാണും. കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം എന്ന അവസ്ഥ വരും. ഇക്കാലത്ത് ആവേശം നിറക്കാൻ സോഷ്യൽ മീഡിയയുമുണ്ട് എന്നതുകൊണ്ടും പ്രയോജനമില്ലെന്ന് കലക്ടർ ബ്രോമാരും നമുക്ക് പറഞ്ഞു തരുന്നുണ്ട്.
ജനാധിപത്യ സംവിധാനത്തിൽ ഉദ്യോഗസ്ഥരുടെ സ്ഥാനമെവിടെ എന്ന മൗലിക ചോദ്യം വീണ്ടും ഉയരുകയാണ്. ഇത്തവണ അത് ഇടുക്കിയിലെ ദേവികുളം സബ് കലക്ടർ ഡോ. രേണു രാജും സി.പി.എമ്മിലെ എസ്. രാജേന്ദ്രൻ എം.എൽ.എയും തമ്മിലുള്ള പോരിന്റെ പരിസരത്ത് നിന്നാണ് തുടങ്ങുന്നത്. കാര്യങ്ങൾക്കൊന്നും ഒരു പുതുമയുമില്ല. ഒരു വശത്ത് പുതുതായി ഐ.എ.എസ് പാസായി വന്ന യുവതി. മറുഭാഗത്ത് പ്രത്യേക പട്ടങ്ങളൊന്നും ചേർത്ത് വെക്കാനില്ലാത്ത, പക്ഷേ ജന സേവനത്തിന്റെ വഴിയിൽ പതിറ്റാണ്ടുകൾ നാടിനൊപ്പം സഞ്ചരിച്ച വ്യക്തി. സാധാരണ ഗതിയിൽ ഒരുദ്യോഗസ്ഥ പ്രമാണിയും തലയിൽ കയാറൻ ഇടയില്ലാത്ത വ്യക്തിത്വത്തിനുടമ.
ഇത്തവണ പക്ഷേ രേണു രാജിന് നിരവധി അനുകൂല ഘടകങ്ങൾ വന്നു ചേരുന്നുണ്ട്. ഒന്നാമത് വനിതയെന്നത് തന്നെ. വനിതാ മതിൽ കഴിഞ്ഞയുടനെയായതിനാൽ സർക്കാർ സംവിധാനത്തിന് പുറംകാഴ്ചയിൽ സ്ത്രീവിരുദ്ധമെന്ന് തോന്നുന്ന (യാഥാർഥ്യം അതല്ലെങ്കിൽപോലും) എന്തിനെയും ഭയത്തോടെ മാത്രമേ സമീപിക്കാൻ സാധിക്കുകയുള്ളൂ. ചൈത്ര ജോൺ ഐ.പി.എസിന്റെ വിഷയം വന്നപ്പോൾ തുടക്കത്തിൽ ഈ ഭയം എല്ലാവർക്കും ഉണ്ടായിരുന്നു. നിയമസഭ നടക്കുന്ന കാലമായതിനാൽ അറുത്ത് മുറിച്ചൊരു സമീപനം സ്വീകരിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായി. പോലീസ് ഓഫീസറല്ല, പാർട്ടിയും, പാർട്ടി സംവിധാനവുമാണ് വലുതെന്ന് സ്ഥാപിച്ചെടുക്കൽ സി.പി.എം സംവിധാനത്തിന്റെ ബാധ്യതയായിത്തീർന്നു. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ നന്നായി നിറവേറ്റിയപ്പോൾ ചൈത്രയൊക്കെ വല്ലാതെ അപ്രസക്തയായിപ്പോയി. നഷ്ടം ആർക്കെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു. ചൈത്ര ജോണിന്. ഇനിയുള്ള പരിഗണനയിലും ചോദ്യചിഹ്നമായി സി.പി.എം ഓഫീസ് റെയ്ഡ് ഉയർന്നു വരും. സി.പി.എം ഓഫീസ് റെയിഡ് ചെയ്യാൻ ധൈര്യമുള്ളയാൾക്ക് കോൺഗ്രസ് ഓഫീസുകളും മറ്റ് ഓഫീസുകളും ഒന്നുമല്ലെന്ന് ആ പാർട്ടിക്കാർക്കും മനസ്സിലാകാൻ അധിക ബുദ്ധിയൊന്നും വേണ്ട. ഏത് സാധാരണക്കാരനും മനസ്സിലാകും വിധം കാര്യങ്ങൾ കേരളത്തിൽ തന്നെ തെളിഞ്ഞു നിൽക്കുന്നുണ്ട്- അനിശ്ചിതകാല സസ്‌പെൻഷനിൽ കഴിയുന്ന ജേക്കബ് തോമസ് ഐ.പി.എസ്. ഓർമ്മയില്ലേ ആ കാലം? മഞ്ഞക്കാർഡും ചുവന്ന കാർഡുമൊക്കെയെടുത്ത് കേരള ജനതയെ അതിശയിപ്പിച്ചു നിർത്തിയ ആ നാളുകൾ! ഇതാ കണ്ടോളൂ, കേരളത്തിന്റെ ഡി.ജി.പിയായി ജേക്കബ് തോമസ് ഇങ്ങെത്തി എന്ന പ്രതീതിയായിരുന്നു പിണറായി വിജയൻ സർക്കാരിന്റെ ആദ്യ നാളുകളിൽ. ഒരു ജനാധിപത്യ ഭരണകൂടത്തിന് അനഭിമതനാകുന്ന സിവിൽ സർവീസുകാരനും/ കാരിയും പിന്നാലെ വരുന്നവർക്കും അങ്ങനെത്തന്നെയായിരിക്കും. പരാക്രമങ്ങൾ കാണിക്കുമ്പോൾ ചുറ്റും നിന്ന് തുള്ളിച്ചാടാൻ ഒരുപാട് ആവേശക്കമ്മിറ്റിക്കാർ കാണും. കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം എന്ന അവസ്ഥ വരും. ഇക്കാലത്ത് ആവേശം നിറക്കാൻ സോഷ്യൽ മീഡിയയുമുണ്ട് എന്നതുകൊണ്ടും പ്രയോജനമില്ലെന്ന് കലക്ടർ ബ്രോ മാരും നമുക്ക് പറഞ്ഞു തരുന്നുണ്ട്.
ദേവികുളം സബ് കലക്ടർ ഡോ.രേണു രാജിന്റെ വിഷയം തൽക്കാലം മറ്റൊരു വഴിക്കാണ് നീങ്ങുന്നതെന്ന തോന്നലുണ്ടാകാൻ കാരണങ്ങൾ പലതുണ്ട്. വനിതാ മതിൽ ഘടകങ്ങളിൽ ഒന്ന്. ചില കാര്യങ്ങൾ അങ്ങനെയാണ്. പ്രതിസന്ധി തരണം ചെയ്യാൻ ചെയ്തുവെക്കുന്ന സംഗതികൾ വയ്യാവേലിയായി പിറകെ കൂടും. സി.പി.എമ്മും, സർക്കാരും ഇപ്പോൾ വനിതാമതിലിന്റെ വ്യാജ പ്രതിഛായയിലാണ്. മറ്റൊന്ന് ഇടുക്കിയിൽ ദീർഘകാലമായി നിലനിൽക്കുന്ന രാഷ്ട്രീയമാണ്. ഒരു കാലത്ത് വി.എസ്.അച്യുതാനന്ദനെ കേന്ദ്രീകരിച്ച് നിലനിന്ന ആ രാഷ്ട്രീയം സി.പി.എം-സി.പി.ഐ പോരിന്റെ തലത്തിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. അണിയറയിലെ ഊർജമായി സി.പി.എമ്മിലെ അവശിഷ്ട വിഭാഗീയതയും പ്രത്യക്ഷത്തിലല്ലാതെ ഇന്ധനമാകുന്നു. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ രേണു രാജിനെതിരായ പരാമർശത്തിലെ ചില പദങ്ങളാണ് സി.പി.എമ്മിനെ ചെറിയ രീതിയിൽ പ്രതിരോധത്തിലാക്കുന്നത്. വനിതാ കമ്മീഷൻ അധ്യക്ഷ പ്രൊഫ.എം.സി. ജോസഫൈൻ പ്രതികരിച്ചതും ആ വാക്കുകളുടെ കാര്യം എടുത്തു പറഞ്ഞാണ്. വീണ് കിടക്കുന്ന സി.പി.എമ്മിനിട്ട് നാല് തൊഴി എന്നത് കുറച്ചു നാൾ മുമ്പ് വരെ സി.പി.ഐ യുടെ നടപ്പ് ശൈലിയായിരുന്നു. ഇടവേളക്ക് ശേഷം ആ ശൈലി വീണ്ടും ആവർത്തിക്കപ്പെടുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആകുമ്പോഴും രേണു രാജ് എന്ന പുതിയ ഐ.എ.എസുകാരിയുടെ തൊഴിലിട ഭാവി എന്താകും? മുന്നിൽ ദീർഘവർഷങ്ങൾ സർവീസുള്ള സിവിൽ സർവീസുകാരി. എത്രയെത്രയോ ജനനന്മയുള്ള കാര്യങ്ങൾ സ്വപ്‌നം കാണുകയും നടപ്പാക്കുകയും ചെയ്യേണ്ടയാൾ. ദേവികുളത്തും അല്ലാതെയുമുള്ള ഇത്തിരി വട്ടത്തിലെ രാഷ്ട്രീയക്കാരോട് നിസ്സാര കാര്യങ്ങൾക്ക് യുദ്ധം ചെയ്ത് ഭാവി ഇല്ലാതാക്കരുതെന്ന് ജൂനിയർ ഐ.എ.എസ്/ ഐ.പി.എസ് കാരെ പറഞ്ഞു മനസ്സിലാക്കേണ്ട ബാധ്യത ആ രംഗത്തെ മുതിർന്നവർക്കില്ലേ? 2015 മുതൽ ദേവികുളത്ത് രാഷ്ട്രീയക്കാരോട് ഏറ്റുമുട്ടി അവരുടെ എതിർപ്പ് ഏറ്റു വാങ്ങുന്ന നാലാമത്തെയാളാണ് ഡോ. രേണു രാജ്. ആർ.ഡി.ഒ ചുമതലയുണ്ടായിരുന്ന സബീൻ സമീദായിരുന്നു ആദ്യത്തെയാൾ. പിന്നാലെ സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ. ശ്രീറാം മുദ്ര വീണ് പോകേണ്ടി വന്നപ്പോൾ വി.ആർ.പ്രേംകുമാറെത്തി.
കോപ്പിയടിച്ച് പരീക്ഷ പാസായയാൾ എന്ന പഴി വരെ കേട്ട് ഇറങ്ങിപ്പോക്ക്. പ്രേംകുമാറിനെ ശബരിമലയിലേക്ക് മാറ്റിയാണ് രേണു രാജിനെ കൊണ്ടുവന്നത്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ തെരഞ്ഞെടുത്തയക്കുന്നവരുടെ തീരുമാനങ്ങളെ അവരെ ധിക്കരിക്കും വിധം ചോദ്യം ചെയ്യാൻ ഒരുദ്യോഗസ്ഥനും അധികാരമില്ല. മയത്തിലും ബുദ്ധിപൂർവവും കാര്യങ്ങൾ ചെയ്യേണ്ടതെങ്ങനെയെന്ന് ജീവിത പരിസരങ്ങളിൽ നിന്ന് ഇവരൊക്കെ ഇനിയും പഠിക്കുമായിരിക്കാം. എല്ലാറ്റിനെയും ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ വിജയികളായി കൈയടി വാങ്ങുന്നത് സിനിമകളിലാണ്. തങ്ങൾ സിനിമയിലഭിനയിക്കുകയല്ലെന്ന ഓർമ കാത്തു സൂക്ഷിക്കേണ്ടത് ഉദ്യോഗസ്ഥരാണ്.