പാലക്കാട്- ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടപടി നേരിട്ട പി.കെ.ശശി എം.എല്‍.എയുടെ നിയന്ത്രണത്തിലുള്ള അണ്‍എയ്ഡഡ് സ്ഥാപനത്തിലെ ഉദ്ഘാടനച്ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നു. മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്ന സ്ഥാപനത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് വിവാദത്തിലായിരിക്കുന്നത്. ഈ മാസം 23ന് രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിപ്പ്. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയാണ് കോളജ് ഡവലപ്പ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ സാഹചര്യത്തില്‍ വിവാദനായകനായ എം.എല്‍.എക്കൊപ്പം വേദി പങ്കിടുന്നത് മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നു എന്ന് കരുതുന്ന വലിയൊരു വിഭാഗം സി.പി.എമ്മിലുണ്ട്. സഹകരണ എജുക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ മുഖ്യമന്ത്രി എത്തുന്നതില്‍ അസ്വാഭാവികതയും അപാകതയും ഇല്ലെന്ന നിലപാടിലാണ് എം.എല്‍.എയെ അനുകൂലിക്കുന്നവര്‍.
ഡി.വൈ.എഫ്.ഐ നേതാവായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് അച്ചടക്കനടപടിക്ക് വിധേയനായെങ്കിലും സി.പി.എം സംഘടനാ സംവിധാനത്തിനകത്ത് പി.കെ.ശശി എം.എല്‍.എയുടെ സ്വാധീനത്തിന് തെല്ലും കുറവ് സംഭവിച്ചിട്ടില്ലെന്നത് വിളിച്ചോതുന്നതാണ് പുതിയ സംഭവം.