കോട്ടയം - മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന. തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതിനിടയിൽ കുമ്മനം തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോട്ടയത്ത് ഇന്നലെ വിവിധ പരിപാടികളിൽ പങ്കെടുത്ത അദ്ദേഹം അടുത്ത പാർട്ടി വൃത്തങ്ങൾക്കു നൽകിയ സൂചന അതാണ്. മാധ്യമ സുഹൃത്തുകളോടുളള സംഭാഷണങ്ങളിലും വരികൾക്കിടയിലൂടെ അത് വ്യക്തമായിരുന്നു.
പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അടുത്ത ആഴ്ച കേരളത്തിലെത്തുന്നുണ്ട്. അതിനുശേഷമേ സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ആകൂ. ഏതായാലും ഈ ഘട്ടത്തിൽ സജീവ പരിഗണയിലുളള സ്ഥാനാർഥികൾക്കൊപ്പം ഇല്ലെന്ന് തറപ്പിച്ചുപറയാമെന്ന് ഒരു സംസ്ഥാന നേതാവ് പ്രതികരിച്ചു. ഇത്തരത്തിലുളള ഒരു സന്ദേശവും ദേശീയ നേതൃത്വം ഇതുവരെ കുമ്മനത്തിന് കൈമാറിയിട്ടില്ലെന്നാണ് അറിയുന്നത്.
തിരുവനന്തപുരം സീറ്റിൽ കുമ്മനം രാജശേഖരൻ, നടൻ സുരേഷ് ഗോപി എന്നിവരുടെ പേരുകളാണ് ബി.ജെ.പി വൃത്തങ്ങൾ സജീവമായി ചർച്ച ചെയ്യുന്നത്. ഒ. രാജഗോപാൽ കഴിഞ്ഞാൽ ഏറ്റവും വിജയസാധ്യത പാർട്ടി കാണുന്നത് കുമ്മനത്തിനാണ്. തിരുവനന്തപുരം ഈസ്റ്റിൽ ഹിന്ദു മുന്നണി സ്ഥാനാർഥിയായി കന്നിയങ്കം നടത്തിയ കുമ്മനം പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു. കഴിഞ്ഞ തവണ വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണ മത്സരത്തിലും ബി.ജെ.പി വോട്ടുബാങ്ക് സുരക്ഷിതമാക്കാനും വിജയപ്രതീക്ഷ നൽകാനും കഴിഞ്ഞു.
ഇന്നലെ ജന്മനാടായ കോട്ടയത്ത് നിരവധി പരിപാടികളിലാണ് കുമ്മനം പങ്കെടുത്തത്. അക്ഷരനഗരിയിലെ വൈദിക സെമിനാരിയിലെ മിസോറംകാരായ യുവ വൈദികരും കുടുംബാംഗങ്ങളും അദ്ദേഹത്തെ ഗസ്റ്റ് ഹൗസിൽ സന്ദർശിച്ചു. ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനിൽ പങ്കെടുത്ത് ആരംഭിച്ച കുമ്മനത്തിന്റെ കേരള പര്യടനം 17 വരെ തുടരും.