Sorry, you need to enable JavaScript to visit this website.

ലെവി കുടിശ്ശിക അടച്ച സംഖ്യ സ്ഥാപനത്തിന്റെ  അക്കൗണ്ടിലെത്തും 

റിയാദ്- നിതാഖാത്ത് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച ലെവി കുടിശ്ശിക ഇളവ് സാമ്പത്തിക രംഗത്ത് പുത്തനുണർവേകുമെന്ന് നിരീക്ഷകർ. സ്വദേശിവത്കരണം കൃത്യമായി പാലിച്ച സ്ഥാപനങ്ങൾക്ക് സർക്കാർ വകയുള്ള സഹായം ആശ്വാസമാണെങ്കിലും സ്വദേശിവത്കരണ തോത് പാലിക്കാത്തവർക്ക് നേട്ടമൊന്നുമുണ്ടാകില്ല. ലെവി കുടിശ്ശിക തിരിച്ചുനൽകാനുള്ള നടപടികളിലേക്ക് തൊഴിൽ മന്ത്രാലയം പ്രവേശിച്ചു.
കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ കാലാവധിയുള്ള, നിലവിൽ പ്രവർത്തനനിരതമായ സ്ഥാപനങ്ങൾക്ക് മാത്രമേ അടച്ച കുടിശ്ശിക സംഖ്യ തിരിച്ചുനൽകുകയുള്ളൂവെന്നും അതിന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് സഹിതം രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി. 52 ആഴ്ച അഥവാ 12 മാസം പൂർണമായി സ്വദേശിവത്കരണം പാലിച്ച പ്ലാറ്റിനം, പച്ച സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ ഈ കുടിശ്ശിക തിരിച്ചുനൽകും. നേരത്തെ ലെവി കുടിശ്ശിക അടക്കുകയും ശേഷം മഞ്ഞ, ചുവപ്പ് വിഭാഗത്തിലേക്ക് താഴുകയും ചെയ്ത സ്ഥാപനങ്ങൾ സ്വദേശികളെ നിയമിച്ച് പച്ചയിലേക്കോ പ്ലാറ്റിനത്തിലേക്കോ മാറി 52 ആഴ്ച സ്വദേശിവത്കരണതോത് കൃത്യമായി പാലിച്ചാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. അഥവാ അത്തരം സ്ഥാപനങ്ങൾക്ക് അവർ അടച്ച കുടിശ്ശിക ലഭിക്കണമെങ്കിൽ ഒരു വർഷത്തിലധികം കാത്തിരിക്കേണ്ടിവരും. 
കുടിശ്ശിക ഇളവ് പ്രഖ്യാപന കാലാവധി മുതൽ ഒരു വർഷത്തിനുള്ളിൽ സ്വദേശികളെ നിയമിച്ച് പദവി ശരിയാക്കുകയും വേണം. നിലവിലുള്ള സ്വകാര്യ സ്ഥാപനങ്ങളെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യമുള്ളതിനാൽ ഇൻവോയ്‌സ് അടച്ചശേഷം സ്ഥാപനം പൂട്ടിപ്പോയിട്ടുണ്ടെങ്കിൽ കുടിശ്ശിക തിരിച്ചുലഭിക്കുകയില്ലെന്നും മന്ത്രാലയം അറിയിച്ചു. 
കുടിശ്ശിക ഇൻവോയ്‌സ് നിശ്ചിത തീയതിക്കകം അടക്കണമെന്നും ഇല്ലെങ്കിൽ സേവനങ്ങൾ നിർത്തുമെന്നുമുള്ള അറിയിപ്പുകൾ അതത് സ്ഥാപനങ്ങൾക്കനുവദിച്ച സിസ്റ്റത്തിൽനിന്ന് തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം മുതൽ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതുവരെ അടക്കാത്തവരുടെ ഇൻവോയ്‌സുകളും ക്രമേണ റദ്ദ് ചെയ്യപ്പെടും. അടുത്തയാഴ്ച മുതൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്‌ട്രേഷനുള്ള സൗകര്യം ലഭ്യമാവുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
2018 മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികൾ സ്വദേശികളേക്കാൾ കൂടുതലാണെങ്കിൽ ഒരു ദിവസം 13.3 റിയാൽ പ്രകാരം പ്രതിമാസം 400 റിയാലും സ്വദേശികളേക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിദിനം 10 റിയാൽ തോതിൽ പ്രതിമാസം 300 റിയാലും ലെവി നൽകേണ്ടിവരുമെന്ന് തൊഴിൽമന്ത്രാലയം പ്രഖ്യാപിച്ചത് 2017 ലാണ്. 
2018 ലെ അധിക ലെവിയിൽ നിന്നെങ്കിലും ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലും മറ്റും പല സ്ഥാപനങ്ങളും തൊഴിലാളികളുടെ ഇഖാമ അന്നത്തെ ലെവിയായ 2400 റിയാലും മറ്റു ഫീസുകളുമടക്കം 3150 റിയാൽ അടച്ച് 2017 അവസാന മാസങ്ങളിൽ തന്നെ പുതുക്കി. എന്നാൽ ജനുവരി ഒന്നിന് പുതിയ ലെവി പ്രാബല്യത്തിലായപ്പോൾ നേരത്തെ ഇഖാമ പുതുക്കിയവർക്ക് 2018 ൽ എത്ര ദിവസം ഇഖാമ കാലാവധിയുണ്ടോ അത്രയും ദിവസത്തെ ലെവി കുടിശ്ശികയായി നിശ്ചയിക്കുമെന്നും സ്ഥാപനങ്ങൾ അത് അടക്കേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു. ഇതു പ്രകാരം എല്ലാ സ്ഥാപനങ്ങൾക്കും മന്ത്രാലയം കുടിശ്ശിക രേഖപ്പെടുത്തിയുള്ള പ്രത്യേക ഇൻവോയ്‌സുകൾ അയക്കുകയും ചെയ്തു.
എന്നാൽ 2018 ജനുവരി മുതൽ ഇഖാമ പുതുക്കിയവർക്ക് ലെവി മുഴുവൻ അടക്കേണ്ടിവന്നതിനാൽ അവർക്ക് ലെവി കുടിശ്ശിക ഉണ്ടായിരുന്നില്ല. അതിനാൽ അവർക്ക് മന്ത്രാലയം പ്രത്യേക ഇൻവോയ്‌സ് അയച്ചിരുന്നുമില്ല.
നിലവിൽ 364000 സ്വകാര്യ സ്ഥാപനങ്ങളാണ് ലെവി കുടിശ്ശിക അടച്ചിട്ടുള്ളത്. പച്ച, പ്ലാറ്റിനം വിഭാഗത്തിൽപെട്ട 316000 സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ ആ പണം തിരിച്ചുനൽകും. 48000 സ്ഥാപനങ്ങൾ ചുവപ്പ്, മഞ്ഞ വിഭാഗത്തിലായതിനാൽ അവ പദവി ശരിയാക്കി ഒരു വർഷം കാത്തിരിക്കണം. 
സ്വകാര്യസ്ഥാപനങ്ങളുടെ ഉത്തേജനത്തിന് ബജറ്റിൽ വകയിരുത്തിയ 200 ബില്യൻ റിയാലിൽനിന്ന് 11.5 ബില്യൻ റിയാലാണ് ഈ തിരിച്ചടവിനായി ഉപയോഗിക്കുന്നത്. ലെവി കുടിശ്ശിക തിരിച്ചുനൽകുമെന്ന പ്രഖ്യാപനം വന്നത് മുതൽ സൗദി സ്റ്റോക്ക് മാർക്കറ്റിലും മറ്റും അതിന്റെ ഉയർച്ച പ്രകടമായിരുന്നു. മഞ്ഞ, ചുവപ്പ് കമ്പനികൾ പച്ചയിലേക്ക് മാറുന്നതോടെ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയും ലെവി കുടിശ്ശിക ഇളവ് വഴി അധികൃതർക്കുണ്ട്.

 

Latest News