കൊച്ചി- ഹര്‍ത്താലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ വരില്ലെന്ന് വാണിജ്യ വ്യവസായ സംഘടനകളുടെ സംയുക്ത യോഗം. ഹര്‍ത്താലിനെതിരെ വിമോചന സമരത്തിന് തുടക്കം കുറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗം ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എത്രയും വേഗം നിയമസഭ പാസാക്കി നിയമമാക്കണമെന്നും ആവശ്യപ്പെട്ടു. അസെന്‍ഡ് നിക്ഷേപക സംഗമം നടക്കുന്ന ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിലെ മറ്റൊരു ഹാളില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) സ്റ്റേറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വ്യവസായ വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗമാണ് ഹര്‍ത്താലിനെതിരെ സമരം പ്രഖ്യാപിച്ചത്. വ്യാപാര വ്യവസായ സമൂഹത്തിനും കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ജനകീയ മുന്നേറ്റത്തിന് മുന്നിട്ടിറങ്ങാന്‍ യോഗം തീരുമാനിച്ചു.
ഹര്‍ത്താലുകള്‍ക്കെതിരെ സമൂഹത്തില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തുന്നതിന് തുടര്‍നടപടികള്‍ സ്വീകരിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഇതിനായി ഏകോപിപ്പിക്കും. പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ യോഗങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെ ഒരു വേദിയില്‍ കൊണ്ടുവന്ന് ഹര്‍ത്താലുകള്‍ നിര്‍ത്തലാക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തും. ഹര്‍ത്താലുകളുമായി മുന്നോട്ടു പോകുന്ന പാര്‍ട്ടികളോട് സഹകരിക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തും. ഹര്‍ത്താലുകള്‍ക്കെതിരായ നിയമനപടികള്‍ക്ക് ശക്തമായ പിന്തുണ നല്‍കാനും കേസിന് വേണ്ടി ഏതറ്റം വരെയും പോകാനും തീരുമാനിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പത്തംഗ കമ്മിറ്റിക്കും യോഗം രൂപം നല്‍കി.
യോഗത്തില്‍ ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റ്, കോ ചെയര്‍ ദീപക് എല്‍ അസ്വാനി, കേരള ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ബിജു രമേശ്, കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് എം എ യൂസഫ്, സ്പെഷ്യല്‍ എക്കണോമിക് സോണ്‍ പ്രസിഡണ്ട് കെ കെ പിള്ള, ഹര്‍ത്താല്‍ വിരുദ്ധ സമിതി കണ്‍വീനര്‍ ഗോപകുമാര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി ജോജി, സെപ്സ് വൈസ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.