മലപ്പുറം- സി.പി.എമ്മുമായി ധാരണയുണ്ടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമായതോടെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് മാറ്റി. രാജ്യം നിരാകരിച്ച പാര്‍ട്ടിയാണ് സി.പി.എം എന്നും അവരുടെ ഒരു വോട്ടും കോണ്‍ഗ്രസിന് വേണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബംഗാളില്‍ സി.പി.എമ്മുമായി ധാരണയാകാമെന്ന നിലപാട് വ്യക്തമാക്കിയ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം കേരളത്തിലും ചര്‍ച്ചയാകാമെന്ന് വ്യക്തമാക്കിയത്. അക്രമം അവസാനിപ്പിച്ചാല്‍ സിപി.എമ്മുമായി ചര്‍ച്ചയാകാമെന്ന് അദ്ദേഹം മഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവനയോട് കോണ്‍ഗ്രസിലെ തന്നെ പല നേതാക്കളും വിയോജിക്കുകയും സി.പി.എം.നേതാക്കള്‍ അപഹസിക്കുകയും ചെയ്തതോടെയാണ് മുല്ലപ്പള്ളി നിലപാട് മാറ്റിയത്.
അക്രമം അവസാനിപ്പിക്കാന്‍ സി.പി.എം.തയ്യാറായാല്‍ ചര്‍ച്ചയാകാമെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം സീറ്റ് വിഭജന ചര്‍ച്ചയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരിച്ചു.
മതേതര ജനാധിപത്യ ഐക്യം വേണം എന്നു പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകാരുമായി അധികാരം പങ്കുവക്കലല്ല. കമ്യൂണിസ്റ്റുകാരുടെ ഒരു വോട്ടും കോണ്‍ഗ്രസിനു വേണ്ട. രാജ്യം നിരാകരിച്ച പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി- അദ്ദേഹം പറഞ്ഞു.