കാസര്‍കോട്- യുവാവിനേയും അന്യമതക്കാരിയായ ഭര്‍തൃമതിയേയും കാണാതായ സംഭവത്തില്‍ കര്‍ണാടക പോലീസും ആദൂര്‍ പോലീസും അന്വേഷണം ഊര്‍ജിതമാക്കി. കര്‍ണാടക ഗ്വാളിമുഖം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ 23 കാരിയെയും ആദൂര്‍ പോലീസ് പരിധിയിലെ അഡൂര്‍ മണ്ടേമ്പെട്ടു സ്വദേശി സോമശേഖരയുടെ മകന്‍ അഭിഷേകി (25) നെയുമാണ് കഴിഞ്ഞ എട്ട് മുതല്‍ കാണാതായത്.
അഭിഷേകിനെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടെയാണ് ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കര്‍ണാടക സാംബിയ പോലീസ് യുവാവിന്റെ വീട്ടില്‍ എത്തിയത്.യുവതി അന്യമതക്കാരിയാണ്. കൊച്ചിയില്‍ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇലക്ട്രീഷ്യനായ അഭിഷേക് പോയിരുന്നത്. ആദൂര്‍ എ.എസ്.ഐ എം.രാജനാണ് കേസ് അന്വേഷിക്കുന്നത്. ഇരുവരും അഡൂര്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്ന് പോലീസ് പറയുന്നു.