ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഈ മാസം 15, 16 തഞയതികളിലായി ദുബായിൽ നടക്കുകയാണ്.
മലയാളി പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒന്നാണ് ലോക കേരള സഭ. കഴിഞ്ഞ വർഷം ജനുവരിയിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലാണ് ചരിത്രത്തിലെ സുപ്രധാന പ്രഖ്യാപനമായി ലോക കേരള സഭ രൂപം കൊള്ളുന്നത്.
രണ്ട് ദിവസം വിവിധ സെഷനുകളിലായി നടന്ന ചർച്ചകൾക്കൊടുവിൽ നിർണായകമായ പല ചുവടുകൾക്കും ലോക കേരള സഭ തുടക്കം കുറിക്കുകയുണ്ടായി.
ഏഴ് സബ് കമ്മിറ്റികൾ സഭയ്ക്ക് വേണ്ടി രൂപം കൊണ്ടു. സബ് കമ്മിറ്റികൾ കൈക്കൊണ്ട തീരുമാനങ്ങളും നടപ്പാക്കിത്തുടങ്ങിയ പദ്ധതികളും ഭാവിയിൽ നടപ്പാക്കാൻ പോവുന്ന കാര്യങ്ങളും ഉൾക്കൊള്ളുന്ന പരിപാടികളുമാണ് ദുബായ് റീജണൽ സമ്മേളനത്തിന്റെ പ്രധാന അജണ്ട.
തിരുവനന്തപുരം സമ്മേളനത്തിന് ശേഷമാണ് കേരളം നൂറ്റാണ്ടിലിന്നു വരെ കാണാത്ത പ്രകൃതി ദുരന്തത്തിന് വിധേയമായത്. ഇത് കേരളത്തിലെ പദ്ധതി പ്രവർത്തനങ്ങളാകെ പുനരവലോകനത്തിന് വിധേയമാക്കിയിരുന്നു. ആ നിലയിൽ ലോക കേരള സഭ ലക്ഷ്യങ്ങൾ പലതും ഇക്കാലയളവിൽ നടപ്പാക്കാൻ പ്രയാസം നേരിട്ടുവെന്നത് ഒരു യാഥാർഥ്യമാണ്. നാൽപതിനായിരം കോടി രൂപയുടെ പല വിധ നഷ്ടങ്ങളും നേരിട്ട കേരളത്തെ എല്ലാ വിധത്തിലും ഞെരുക്കി പ്രയാസപ്പെടുത്തുന്ന നിലപാടുകളും നയങ്ങളുമാണ് പല കോണുകളിൽ നിന്നും കാണാനായത്.
അത്തരമൊരു ഘട്ടത്തിൽ പ്രവാസ ലോകം സ്വന്തം പ്രശ്‌നങ്ങളെ മറന്ന് കേരളത്തിനും സർക്കാറിനും ഒപ്പം നിൽക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. യു എ ഇ അടക്കമുള്ള കേരളത്തെ ഇഷ്ടപ്പെടുന്ന ഗൾഫ് രാജ്യങ്ങൾ സഹായ ഹസ്തങ്ങൾ നീട്ടി കേരളത്തോട് കരുണ കാട്ടിയപ്പോൾ അതിനെതിരെ എതിർപ്പും മുഖം തിരിയലുമായി നിന്നവർ ചരിത്രത്തിലെ കറുത്ത പുള്ളികൾ പേറി ജനങ്ങളുടെ മുന്നിലുണ്ടാവും.
എന്നാൽ പ്രവാസി മലയാളികൾ ജാതി മത രാഷ്ടീയ ചിന്തകൾക്കതീതമായി ഒത്തൊരുമയോടെ നില കൊണ്ടപ്പോൾ അത് ചരിത്രത്തിലെ രജതരേഖയുമായി. ലോക കേരള സഭ എന്ന നൂതന ആശയം ലോകത്ത് തന്നെ ആദ്യമാണ്. ലോകത്തെങ്ങും പ്രവാസികളുണ്ട്. മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ് പ്രവാസം. അതിന്റെ സാർവദേശീയത മനുഷ്യധ്വാനവും ബൗദ്ധിക വ്യാപാരവുമായി ബന്ധപ്പെട്ടതാണ്.
കേരള പ്രവാസത്തിന്റെ ചരിത്രം രണ്ടാം ലോകമഹായുദ്ധവും തുടർന്നുണ്ടായ കെടുതികളിൽ നിന്നുമാണ് ആരംഭിക്കുന്നത്. 1957 ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ നയവും കാരണം വിദ്യാസമ്പന്നമായ ഒരു പുതു തലമുറയുടെ രംഗപ്രവേശനവും അതോടൊപ്പം ഗൾഫ് രാജ്യങ്ങളിൽ എണ്ണ സമ്പത്തിന്റെ ഉൽപാദനവും ചേർന്നപ്പോഴാണ് മലയാളിക്ക് ഗൾഫ് പ്രവാസം സാധ്യമായത് .
പ്രവാസി പണമൊഴുക്കിനെ നേരായ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും കേരളത്തിലിന്നു കാണുന്ന എല്ലാ പ്രൗഢികളുടെയും പിന്നിൽ മലയാളി പ്രവാസികളുടെ വിയർപ്പാണ്. കേരളത്തിന് പുറത്തും അകത്തുമായി രണ്ട് കേരളം അക്ഷരാത്ഥത്തിൽ ഇന്ന് നിലവിലുണ്ട് .
സ്വന്തം മണ്ണിനെ കുറിച്ച് ഗൃഹാതുരത്വത്തോടെ ചിന്തിക്കുന്ന മലയാളിക്ക് കേരളത്തിലെ ജനാധിപത്യ പ്രക്രിയയിൽ വളരെ ചെറിയ പങ്ക് മാത്രമാണ് വഹിക്കാനാവുന്നത്. പ്രവാസി സംഘടിതരായ ഒരു വിലപേശൽ ശക്തിയല്ല. എല്ലാ തരം ചൂഷണങ്ങൾക്കും അനിയന്ത്രിതമായി അവർ വിധേയപ്പെട്ടു കൊണ്ടിരിക്കുന്നു. വിമാന യാത്ര മുതൽ കുട്ടികളുടെ വിദ്യാ
ഭ്യാസവും ഉറ്റവരുടെ ചേതനയറ്റ ശരീരം പോലും അളവു തൂക്കങ്ങൾക്ക് വിധേയമാണ്. പ്രവാസികളുടെ കാര്യത്തിൽ നിശ്ശബ്ദരായി നിന്നവർക്ക് അവരെ ആവശ്യം വരുന്നത് തെരഞ്ഞെടുപ്പുകളും സംഭാവനകളും മാത്രമാവുമ്പോഴാണ് .
രാഷ്ട്രീയ മാറ്റങ്ങൾക്കും വികസന പ്രവർത്തനത്തിനും വിധേയമാകുന്ന കേരളത്തിന് പുറത്തുള്ള മലയാളിക്ക് സംവദിക്കാനും സ്വന്തം ആവശ്യങ്ങളെ കുറിച്ച് സംസാരിക്കാനും ഒരുങ്ങിയ ആദ്യത്തെ വേദിയാണ് ലോക കേരള സഭ.
ഞങ്ങൾക്കും ഞങ്ങളുടേതായ ഒരിടം ഉണ്ടെന്ന തോന്നൽ സൃഷ്ടിക്കാൻ ഇതിനോടകം സഭക്ക് സാധിച്ചിട്ടുണ്ട് .
പ്രവാസി ക്ഷേമ പെൻഷൻ ഉയർത്താനും പ്രവാസി നിക്ഷേപക്കൾക്ക് പലിശരഹിതമായ ഡിവിഡണ്ട് നൽകാനും നവകേരള സൃഷ്ടിക്ക് പ്രവാസികളുടെ കഴിവും ശേഷിയും ഉപയോഗപ്പെടുത്താനും എടുത്ത തീരുമാനങ്ങൾ ചിലതാണ്.
പ്രവാസ ലോകത്ത് മരണപ്പെടുന്ന മലയാളിയുടെ മൃതദേഹം സന്നദ്ധ സംഘടനകൾ തെരുവിൽ പിരിവെടുത്താണ് പല ഘട്ടങ്ങളിലും നാട്ടിലയക്കാറ്. അങ്ങനെ ചെയ്യാൻ ആളുകളും സംഘടനകളും ഇല്ലാത്ത സ്ഥലങ്ങളിൽ മാസങ്ങളോളം മലയാളിയുടെ മരവിച്ച ശരീരം മോർച്ചറികളിൽ അനാഥമായി കിടന്നിട്ടുണ്ട്. ഇപ്പോഴും കിടക്കുന്നുണ്ടാവാം.
ലോക കേരള സഭയിൽ ഏറ്റവും ശക്തമായി ഉയർന്നു വന്ന ഈ വിഷയം ഇക്കഴിഞ്ഞ ബജറ്റിലൂടെ പരിഹാരമായിരിക്കുന്നു.
ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്നതൊരു അലങ്കാര വാക്കല്ല ഇനി മുതൽ മലയാളി പ്രവാസിക്ക്.
പതിനായിരക്കണക്കിന് കോടി രൂപ പ്രവാസിയുടെ പണം ഇപ്പോഴും കൈവശം വെക്കുന്ന വൻകിട ബാങ്കുകൾ പ്രവാസികളുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിഞ്ഞു നിൽക്കുന്നു.
സ്വന്തം സമ്പത്ത് പണയം നൽകിയാൽ പോലും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വായ്പ നൽകാൻ ബാങ്കുകൾ തയാറാവുന്നില്ല. ശതകോടികൾ ബാങ്കുകളിൽ നിന്നും കടം വാങ്ങി രാജ്യം വിടുന്നവരുടെ രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. കേരള ബാങ്ക് രൂപീകരണത്തോടെ പ്രവാസികളുടെ പ്രശ്‌നങ്ങളിൽ കൂടുതൽ നല്ല സമീപനം പ്രതീക്ഷിക്കാൻ നമുക്ക് കഴിയും. ബാങ്കിന്റെ രൂപീകരണത്തെ വൻകിട ബാങ്കുകൾ വലിയ ഭയത്തോടെയാണ് കാണുന്നത്.
കഴിഞ്ഞ ബജറ്റിലും പ്രവാസി സംരംഭങ്ങൾക്ക് സബ്‌സിഡി നൽകാൻ 15 കോടി രൂപ അനുവദിച്ച സർക്കാറാണ് നമ്മുടേത്.സാന്ത്വനം പദ്ധതിയിലൂടെയും മറ്റും മുൻകാല പ്രവാസികളെ സർക്കാർ സഹായിക്കുന്നു.
പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ചെറുകിട വ്യവസായ സംരംഭകർക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്യാനും വ്യവസായ വകുപ്പ് നടപടികൾ തുടങ്ങിക്കഴിഞ്ഞു.
പ്രവർത്തനാനുമതി കാത്ത് ഒരു നിക്ഷേപകരും ഓഫീസുകളിൽ കയറി ഇറങ്ങേണ്ടുന്ന അവസ്ഥയില്ലാതാക്കാനാണ് ഏകജാലക സംവിധാനം ഒരുക്കിയിട്ടുള്ളത്. വിദേശ രാജ്യങ്ങളിലേക്കുള്ള തൊഴിൽ റിക്രൂട്ട്‌മെന്റുകളിൽ നടക്കുന്ന വ്യാപകമായ തട്ടിപ്പുകളെ സംബന്ധിച്ച് പോയ വർഷങ്ങൾ കേരളം ഏറെ ചർച്ച ചെയ്തിരുന്നു. കേരളത്തിലെ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷണൻ കുവൈത്തിലും ഖത്തറിലും നടത്തിയ സന്ദർശനവും ആ രാജ്യങ്ങളിലെ ഭരണാധികാരികളുമായി നടത്തിയ ചർച്ചയും തൊഴിൽ ചൂഷണവും അഴിമതിയും ഇല്ലാതാക്കാനും ആയിരക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സഹായകമായിട്ടുണ്ട്. ലോക കേരള സഭ കഴിഞ്ഞ വർഷം എടുത്ത തീരുമാനങ്ങളിൽ നടപ്പാക്കിയതിന്റെ ചെറു ചിത്രമാണ് ഇവിടെ കുറിക്കപ്പെട്ടിട്ടുള്ളത്.
മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന ദുബായ് ലോക കേരള സഭാ സമ്മേളനം പ്രവാസികൾക്ക് കൂടുതൽ പ്രതീക്ഷയും മാർഗനിർദേശവും നൽകുന്നത് തന്നെയായിരിക്കും.