Sorry, you need to enable JavaScript to visit this website.

ഉത്സവപ്പറമ്പുകൾ  ബലിക്കളങ്ങളാകുമ്പോൾ

അപകടങ്ങൾ ഉണ്ടാകുമ്പോൾ ചർച്ചകൾ, പ്രഖ്യാപനങ്ങൾ, നിയന്ത്രണങ്ങൾ. ഉത്സവങ്ങളടുക്കുമ്പോൾ എല്ലാം ലംഘിക്കപ്പെടും. വർഷങ്ങളായി അതു തുടരുന്നു. അതിനിടയിലായിരുന്നു രണ്ടു വർഷം മുമ്പ് നൂറിൽപരം പേർ കൊല്ലപ്പെട്ട പുറ്റിങ്ങൽ അപകടം നടന്നത്. ലോകത്തെ ഞെട്ടിച്ച ആ സംഭവത്തിനു ശേഷം കുറേക്കൂടി ഗൗരവത്തോടെയുള്ള ഇടപെടൽ നടന്നു. തൃശൂർ പൂരത്തിനു മാത്രം വെടിക്കെട്ട് നടത്തി എല്ലാവരും പുളകിതരായി.

ഉത്സവ സീസണാരംഭിക്കുമ്പോൾ എല്ലാ വർഷവും നടക്കുന്ന സംഭവങ്ങൾ ഇക്കുറിയും ആവർത്തിക്കുന്നു. ആരാധനാലയങ്ങളിലെ ആനയെഴുന്നള്ളിപ്പും വെടിക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഉദ്ദേശിക്കുന്നത്. 
എല്ലാ വർഷവും ആവർത്തിക്കുന്നത് ഒരേ കാര്യം. ദുരന്തങ്ങൾ ഉണ്ടാകും. അധികൃതർ നടപടികൾ പ്രഖ്യാപിക്കും. എന്നാൽ ഉത്സവ പ്രേമികൾ രംഗത്തിറങ്ങും. സർക്കാർ മുട്ടുമടക്കും. വർഷങ്ങളായി ഇതു തന്നെ ആവർത്തിക്കുന്നു. ആകെ ഉണ്ടായത് ചെറിയ മാറ്റങ്ങൾ മാത്രം. 
ഇക്കുറിയും ചരിത്രമാവർത്തിച്ചു. കഴിഞ്ഞ ദിവസം ഗുരുവായൂർ കോട്ടപ്പടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആന രണ്ടുപേരെയാണ് ചവിട്ടിക്കൊന്നത്.  ഉത്സവത്തോടൊപ്പം ഗൃഹപ്രവേശനത്തിനു കൂടി ആനയെ എഴുന്നള്ളിക്കുകയായിരുന്നു. നിലനിൽക്കുന്ന നിയമപ്രകാരം ആനയെ എഴുന്നള്ളിക്കാനുള്ള വീതിയില്ലാത്ത തെരുവിലായിരുന്നു സംഭവം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വിധം ആനയുടെ തൊട്ടുപിറകിൽ ചിലർ പടക്കം പൊട്ടിച്ചതോടെയാണാ ആന ഓടിയത്. പണ്ടു തന്നെ പാപ്പാന്മാർ കണ്ണടച്ച് കളഞ്ഞ അന്ധനായ ആനയിൽ സ്വാഭാവികമായും ഉണ്ടാകുന്ന ദുരന്തമാണ് സംഭവിച്ചത്.  
സംഭവത്തിനു ശേഷം വനംവകുപ്പെടുത്ത തീരുമാനം യാതൊരു യാഥാർത്ഥ്യ ബോധവുമില്ലാത്തതാണ്. ആനക്ക് എഴുന്നള്ളിപ്പിന് രണ്ടാഴ്ചക്കു വിലക്ക്. പിന്നീട് ആരോഗ്യം പരിശോധിച്ച് തീരുമാനിക്കുമെന്ന്. ആനയുടെ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമല്ല ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണം. പണത്തിനു വേണ്ടി മനുഷ്യരോടല്ല, മൃഗങ്ങളോടും എന്തു ക്രൂരതയും ചെയ്യുന്ന മനുഷ്യന്റെ ആർത്തിയാണ് പ്രധാന കാരണം. പിന്നെ ആചാരങ്ങളുടെ പേരിൽ അവയെല്ലാം ന്യായീകരിക്കലും. അല്ലെങ്കിൽ ഇതിനകം 13 പേരെ ഇതിനകം കൊന്നുകളഞ്ഞ ഈ ആനയെ ഇനിയും എഴുന്നള്ളിക്കാമെന്ന് ആലോചിക്കുകയില്ലല്ലോ. 
അടിസ്ഥാനപരമായി ആന കാട്ടുമൃഗമാണ്. നാട്ടാന എന്ന പ്രയോഗം തന്നെ തെറ്റ്. എത്ര ശ്രമിച്ചാലും ആനയെ പൂർണമായി മെരുക്കാനാവില്ല. അതെല്ലാവർക്കും അറിയാം. അതുകൊണ്ടു തന്നെ ആനകളെ മെരുക്കാനും അക്രമാസക്തി കുറക്കാനും വേണ്ടി ചെയ്യുന്ന ക്രൂരതകൾ ഏറെയാണ്. കണ്ണിന്റെ കാഴ്ചശക്തി കളയുന്നതു വരെയെത്തും ഈ ക്രൂരത. മത്തങ്ങക്കുരുക്കൾ കൊണ്ട് കണ്ണിൽ കിഴി കെട്ടിയാണ് കാഴ്ച കളയുക. മിക്കവാറും വലതുകണ്ണിന്റെ കാഴ്ചയാണ് കളയുക. റോഡിലൂടെ കൊണ്ടുപോകുമ്പോൾ വാഹനങ്ങളെ കണ്ട് അക്രമാസക്തനാകാതിരിക്കാനാണത്രേ അത്. അങ്ങനെ രാമചന്ദ്രന്റേതും കളഞ്ഞിരുന്നു. ചട്ടം പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ക്രൂരതകൾ വേറെ. 
വാസ്തവത്തിൽ വലിയ പ്രശ്നങ്ങളില്ലാതെയായിരുന്നു കേരളത്തിലെ ഉത്സവ സീസൺ കടന്നു പോയിരുന്നത്. ആനയെ ഉപയോഗിച്ചുള്ള ധനസമ്പാദനം അന്ന് മുഖ്യ അജണ്ടയായിരുന്നില്ല. അപ്പോഴാണ് 1989
മുതൽ തേക്കിൻകാട് മൈതാനിയിൽ 100 ആനകളെ അണിനിരത്തി ഗജമേള ആരംഭിച്ചത്. ടൂറിസത്തെ േ്രപാത്സാഹിപ്പിക്കാനെന്ന പേരിൽ ആരംഭിച്ച ഈ മേളക്ക് ലക്ഷക്കണക്കിനു രൂപയാണ് സർക്കാർ നൽകിയത്. ആനയെ ഒരു കറവപ്പശുവാക്കാമെന്നു കണ്ടതിനെ തുടർന്ന് സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും ഗജമേളകൾ ആരംഭിച്ചു. അങ്ങനെ ആനകളെ പ്രദർശന വസ്തുവാക്കുന്നതു തന്നെ നിയമ വിരുദ്ധമായിരുന്നു. ഒരു വിദേശി തന്നെയാണ് ഈ പരിപാടി നിർത്തിവെക്കാൻ മുഖ്യ കാരണമായത് -ബ്രിട്ടീഷുകാരനായ ഇയാൻ റെഡ്മണ്ട്. ഇത് മൃഗപീഡനമാണെന്നാരോപിച്ച ഇദ്ദേഹം ആനേ്രപമി വെങ്കിടാചലത്തോടൊപ്പം തൃശൂർ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തി. 1998 ലായിരുന്നു അത്. തുടർന്ന് 99 ൽ തന്നെ ഗജമേള നിർത്തിവെച്ചു. എന്നാൽ അതിനിടെ നിരവധി പേർ നിയമ വിരുദ്ധമായി ആനകളെ കൈവശപ്പെടുത്തിയിരുന്നു. മുഖ്യമായും ബിഹാറിലെ സോണാപൂരു മേളയിൽ നിന്നാണ് ആനകൾ എത്തിയത്. ഇവയെ കേരളത്തിലുടനീളം ലോറികളിൽ കയറ്റി കൊണ്ടുപോയി എഴുന്നള്ളിക്കാൻ തുടങ്ങി. അതുവരെയില്ലാതിരുന്ന പലയിടത്തും പൂരങ്ങൾ ആരംഭിച്ചു. ഉണ്ടായിരുന്ന പൂരങ്ങളിൽ ആനകളുടെ എണ്ണം കൂടി. പെട്ടിക്കട ഉദ്ഘാടനത്തിനും പഞ്ചായത്ത് മെമ്പറെ സ്വീകരിക്കാനും ആന വേണമെന്നായി. അങ്ങനെയാണ് സംസ്ഥാനത്ത് ആനമാഫിയ തന്നെ രൂപം കൊണ്ടത്. ആനകളുടെ പീഡനപർവം ആരംഭിച്ചതും. മറുവശത്ത് സ്വാഭാവികമായ പ്രതികരണങ്ങളും. ഏതാനും വർഷങ്ങൾക്കുള്ളിൽ നൂറുകണക്കിനു പേരാണ് ആ പ്രതികരണങ്ങളിൽ ഇല്ലാതായത്. ഇതിനിടയിൽ യഥാർത്ഥ ആന സ്‌നേഹികളുടെ ശക്തമായ ഇടപെടലുകൾ മൂലം കുറെ മാറ്റങ്ങളൊക്കെ വന്നു. എന്നാലും ഇപ്പോഴും ഉത്സവ ബലികൾ തുടരുകയാണ്. ആ പരമ്പരയിലെ അവസാനത്തേതാണ് ഗുരുവായൂരിൽ കൊല്ലപ്പെട്ടവർ. 
വെടിക്കെട്ടിന്റെ കാര്യവും അങ്ങനെ തന്നെ. അപകടങ്ങൾ ഉണ്ടാകുമ്പോൾ ചർച്ചകൾ, പ്രഖ്യാപനങ്ങൾ, നിയന്ത്രണങ്ങൾ. ഉത്സവങ്ങളടുക്കുമ്പോൾ എല്ലാം ലംഘിക്കപ്പെടും. വർഷങ്ങളായി അതു തുടരുന്നു. അതിനിടയിലായിരുന്നു രണ്ടു വർഷം മുമ്പ് നൂറിൽപരം പേർ കൊല്ലപ്പെട്ട പുറ്റിങ്ങൽ അപകടം നടന്നത്. ലോകത്തെ ഞെട്ടിച്ച ആ സംഭവത്തിനു ശേഷം കുറേക്കൂടി ഗൗരവത്തോടെയുള്ള ഇടപെടൽ നടന്നു. തൃശൂർ പൂരത്തിനു മാത്രം വെടിക്കെട്ട് നടത്തി എല്ലാവരും പുളകിതരായി.
ഈ വർഷമാകട്ടെ കാര്യങ്ങൾ കൂടുതൽ ആസൂത്രിതമായി. തൃശൂർ പൂരത്തിനു മാസങ്ങൾക്കു മുമ്പു തന്നെ മന്ത്രി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ വെടിക്കെട്ടു നടത്താൻ തീരുമാനിച്ചിരിക്കുന്നു. പതിവുപോലെ സുരക്ഷാ നടപടികളെടുക്കുമെന്നൊക്കെ പറയുന്നു. എന്നാൽ ഇപ്പോഴും ഡിജിറ്റൽ വെടിക്കെട്ടിലേക്കു മാറാൻ തയാറായിട്ടില്ല. 

 

Latest News