അൽഹസ-നവോദയ കുടുംബവേദിയുടെ നേതൃത്വത്തിൽ അവധിക്കാലത്ത് കുട്ടികൾക്കായി വിവിധ ഏരിയകളിലായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് അൽ കോസാമ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീദേവി മേനോൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മനോഭാവത്തെ കുറിച്ചും 21 ാം നൂറ്റാണ്ടിലെ ജോലി സാധ്യതകളെ കുറിച്ചും ടീച്ചർ സംസാരിച്ചു. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാൻ ഇത്തരം ക്യാമ്പുകൾ ഉപകാരപ്പെടുമെന്ന് അവർ അഭിപ്രായപ്പെട്ടു. കുടുംബവേദി പ്രസിഡന്റ് മനീഷ് പുല്ലുവഴി അധ്യക്ഷനായി.
ജോയന്റ് സെക്രട്ടറി കൃഷ്ണൻ കൊയിലാണ്ടി സമ്മർ ക്യാമ്പിന്റെ രൂപരേഖ വിശദീകരിച്ചു. കേന്ദ്ര ബാലവേദി കൺവീനർ ഷൈസ അഷ്‌റഫ് സംസാരിച്ചു. കേന്ദ്ര വനിതാ വേദി കൺവീനർ സുഷമ റെജി, ദമാം, ജുബൈൽ, അൽഹസ എന്നീ കുടുംബ വേദികളിൽ നിന്നുള്ള പ്രവർത്തകരും യോഗത്തിൽ സംബന്ധിച്ചു. ഹുഫൂഫ് ഏരിയ ജോയന്റ് സെക്രട്ടറി കെ. ശ്രീകുമാർ ആമുഖ ഭാഷണം നടത്തി. സെക്രട്ടറി മോഹനൻ വെള്ളിനേഴി സ്വാഗതവും അൽഹസ വനിതാ വേദി കോർഡിനേറ്റർ ധന്യ ഷൈൻ നന്ദിയും പറഞ്ഞു. യോഗത്തോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
-സൈഫ് വേളമാനൂർ