ദുബായ്- പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ നേട്ടങ്ങളില്‍ ഒരുപക്ഷെ അദ്ദേഹം ഏറ്റവും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് ഇതായിരിക്കാം-തികഞ്ഞ ദൈവ വിശ്വാസിയായ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രശസ്തിക്കോ ഭൗതിക ലാഭത്തിനോ വേണ്ടിയല്ലെങ്കില്‍ പോലും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതില്‍ മലയാളി വ്യവസായികളില്‍ ഒന്നാം സ്ഥാനത്ത് എം.എ. യൂസഫലിയാണെന്നാണ് ഹുറൂണ്‍സ് ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2018 പറയുന്നത്.
അഖിലേന്ത്യാ അടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനവും യൂസഫലിക്കുണ്ട്. റിലയന്‍സ് എംഡി മുകേഷ് അംബാനിക്കാണ് ഒന്നാം സ്ഥാനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പട്ടിക തയ്യാറാക്കുന്ന സംഘടനയാണ് ഹുറൂണ്‍സ് ഇന്ത്യ ഫിലാന്ത്രോപ്പി.
2017 ഒക്ടോബര്‍ ഒന്നിനും 2018 സെപ്റ്റംബര്‍ 30നും ഇടയില്‍ നല്‍കിയ സംഭാവനയാണ് പരിഗണിച്ചിരിക്കുന്നത്. കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനടക്കം യൂസഫലി നല്‍കിയിരിക്കുന്ന സംഭാവന 70 കോടി രൂപയാണ്. കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടിയിലധികമാണ് ഇദ്ദേഹം സംഭാവന ചെയ്തത്. ഇന്ത്യയിലുണ്ടായ മറ്റ് പ്രകൃതിദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് റാങ്കിംഗ്. ബുദ്ധിമുട്ടുന്ന നിരവധി പ്രവാസികള്‍ക്കും ഇദ്ദേഹം ഒരു തണലാണെന്ന് ഹുറൂണ്‍ റിസര്‍ച്ച് ചീഫ് റിസര്‍ച്ചറും മാനേജിംഗ് ഡയറക്ടറുമായ അനസ് റഹ്്മാന്‍ ജുനൈദ് പറഞ്ഞു.
437 കോടി രൂപയാണ് മുകേഷ് അംബാനി നല്‍കിയിട്ടുള്ളത്. 200 കോടി രൂപ സംഭാവന നല്‍കിയ പിരമല്‍ ഗ്രൂപ്പിലെ അജയ് പിരമലാണ് രണ്ടാം സ്ഥാനത്ത്. 113 കോടി രൂപ നല്‍കിയ വിപ്രോ ഗ്രൂപ്പിന്റെ അസിം പ്രേംജി മൂന്നാം സ്ഥാനത്തും 96 കോടി രൂപ ചെലവഴിച്ച ഗോദ്രേജ് ഗ്രൂപ്പിന്റെ ആദി ഗോദ്രേജ് നാലാം സ്ഥാനത്തുമുണ്ട്. 30 കോടി രൂപ നല്‍കിയ ഗൗതം അദാനിയാണ് 10–ാം സ്ഥാനത്ത്.