Sorry, you need to enable JavaScript to visit this website.

ബീഫില്ലാതെ എന്തു മടക്കം; ബീഫിനുവേണ്ടി മാത്രം അധികതുക നല്‍കി വിമാന ടിക്കറ്റ് മാറ്റി

ജിദ്ദ- അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് അവശ്യ വസ്തുവാണ് ബീഫ്. പാതിയോ മുഴുവനായോ പാകം ചെയ്ത ബീഫ് കൊണ്ടുവരാത്തവര്‍ക്ക് ബാച്ചിലര്‍ റൂമില്‍ നിലയും വിലയുമുണ്ടാവില്ല. അതുകൊണ്ട് എന്തു ത്യാഗം സഹിച്ചും ബീഫ് കൊണ്ടുവരുന്നവരാണ് കൂടുതല്‍ പേരും.
എട്ടു മാസം മുമ്പ് എട്ട് കിലോ ബീഫ് കൊണ്ടുവന്ന് ഉപേക്ഷിക്കേണ്ടിവന്ന ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രവാസി യുവാവ് ഇക്കുറി അധിക തുക നല്‍കി യാത്ര കൊച്ചി വഴിയാക്കി. കൊച്ചിയില്‍നിന്ന് ജിദ്ദയിലെത്തുന്നതുവരെ ബീഫ് പൊതി വെച്ചിരുന്ന ബാഗ് ഇദ്ദേഹം കൈയില്‍ തന്നെ കരുതുകയും ചെയ്തു.
എന്തുകൊണ്ട് ബാഗ് കാബിനില്‍ വെക്കുന്നില്ലെന്ന ചോദ്യത്തിനാണ് കോഴിക്കോട് മാവൂര്‍ സ്വദേശിയായ മൊയ്തീന്‍ അനുഭവം പങ്കുവെച്ചത്. ലഗേജ് കാബിനില്‍വെച്ചില്ലെന്നു മാത്രമല്ല, ബാഗ് പാതി തുറന്നുവെച്ച് അതിനകത്തുള്ള ബീഫ് പൊന്നുപോലെ സൂക്ഷിച്ചാണ് ഇദ്ദേഹം ജിദ്ദ വിമാനത്താവളത്തിലിറങ്ങയത്. കാബിനില്‍വെച്ചാല്‍ ചൂട് കാരണം ബീഫും ചപ്പാത്തിയും കേടാകുമോ എന്നായിരുന്നു ഭയം.
കോഴിക്കോട്ട് നിന്ന് മുംബൈ വഴിയുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ ടിക്കറ്റ് 2700 രൂപ നല്‍കിയാണ് മൊയ്തീന്‍ കൊച്ചി-ജിദ്ദ ടിക്കറ്റാക്കി മാറ്റിയത്. അവിശ്വസനീയമെന്ന് തോന്നാം, ബീഫ് സുരക്ഷിതമായി മക്കയില്‍ എത്തിക്കുകയെന്ന ഒറ്റക്കാരണമേ ഇതിനുണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ വെക്കേഷന്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ മുംബൈ വഴിയായിരുന്നു മൊയ്തീന്റെ ടിക്കറ്റ്. മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ഹാന്‍ഡ് ബാഗേജ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ബീഫ് വടികൊണ്ട് കുത്തിമറിക്കുകയും തന്നെക്കൊണ്ട് തീറ്റിക്കുകയും ചെയ്തതായി മക്കയില്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന മൊയ്തീന്‍ പറയുന്നു. സുരക്ഷാ പരിശോധന നടത്തിയതിലൊന്നുമല്ല പരാതി, മക്കയില്‍ എത്തിയപ്പോള്‍ ബീഫ് തിന്നാന്‍ കൊള്ളാത്ത വിധം മോശമായിരുന്നു. അന്ന് മക്കയില്‍ ബീഫിനുവേണ്ടി കാത്തിരുന്ന കൂട്ടുകാരെല്ലാം നിരാശരായി.
വളരെ സൂക്ഷിച്ച് പാകം ചെയ്ത ബീഫ് ആര്‍ക്കും തിന്നാന്‍ പറ്റാതെ പുളിച്ചു പോയതിലായിരുന്നു സങ്കടം- മൊയ്തീന്‍ പറഞ്ഞു. അതു കൊണ്ട് ഇത്തവണ മുംബൈ വഴി പോകേണ്ടെന്ന് തീരുമാനിച്ചു. ടിക്കറ്റ് മാറ്റാന്‍ 2700 രൂപയാണ് നല്‍കിയത്- അദ്ദേഹം പറഞ്ഞു.
വാഴയിലയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് തട്ടാതെ പേപ്പറില്‍ പൊതിഞ്ഞാണ് മൊയ്തീന്‍ ബീഫ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. മുകളില്‍ കാബിനില്‍ വെക്കാന്‍ സഹയാത്രികര്‍ പറഞ്ഞെങ്കിലും തണുപ്പ് കിട്ടിക്കോട്ടെയെന്നായിരുന്നു മൊയ്തീന്റെ മറുപടി. എയര്‍ഇന്ത്യ നല്‍കിയ ഫുഡ് കഴിച്ച് ആര്‍ക്കും വയര്‍ നിറഞ്ഞുകാണില്ലെന്നു പറഞ്ഞ അദ്ദേഹം തൊട്ടടുത്തിരുന്ന യാത്രക്കാര്‍ക്ക് ഓരോ നാടന്‍ നേന്ത്രപ്പഴം സമ്മാനിക്കുകയും ചെയ്തു.

 

Latest News