കണ്ണൂർ - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളെത്തുടർന്ന് ജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. പ്രവേശനം തേടിയെത്തുന്നവരുടെ ഒഴുക്ക് വർധിച്ചതോടെ പൊതുവിദ്യാലയങ്ങളിൽ പലതിലും പുതുതായി എത്തുന്നവരെ ഉൾക്കൊള്ളാനാവാത്ത നിലയാണ്. ആവശ്യത്തിന് ക്ലാസ് സൗകര്യമില്ലാത്ത പല സ്‌കൂളുകളും പ്രവേശനം ഇതിനകം തന്നെ് അവസാനിപ്പിച്ചിരിക്കുകയാണ്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ പുതുതായി പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി എന്നാണ് ലഭ്യമാകുന്ന കണക്ക്. പൊതുവിദ്യാഭ്യാസ സംരക്ഷണ കാമ്പയിന് രക്ഷിതാക്കളിലും പൊതുജനങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചുവെന്നാണ് ഇത് കാണിക്കുന്നത്. തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്‌കൂളിൽ 140 കുട്ടികളാണ് ഈ വർഷം ഒന്നാം ക്ലാസിലേക്ക് ഇതിനകം പ്രവേശനം നേടിയത്. വെള്ളൂർ ജി.എൽ.പിയിൽ 110 കുട്ടികളും പാനൂർ മൊകേരി ഈസ്റ്റ് യു.പി സ്‌കൂളിൽ 108 കുട്ടികളുമാണ് പുതുതായി ചേർന്നത്. മയ്യിൽ എൽപിയിൽ 118 വിദ്യാർഥികളാണ് ഈ വർഷം ഒന്നാം ക്ലാസിലേക്ക് എത്തിയത്. ഇതിൽ സെന്റ് ജോൺസ്, വെള്ളൂർ ജിഎൽപി എന്നിവിടങ്ങളില്ലൊം ക്ലാസ് സൗകര്യങ്ങളുടെ പരിമിതി കാരണം പ്രവേശനം അവസാനിപ്പിച്ചു. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ഏഴ് കുട്ടികൾ മാത്രമുണ്ടായിരുന്ന കാഞ്ഞിരങ്ങാട് കൃഷ്ണമാരാർ എ.എൽ.പി സ്‌കൂളിൽ ഈ വർഷം 77 വിദ്യാർഥികളാണ് ആദ്യാക്ഷരം നുകരാൻ ചേർന്നിരിക്കുന്നത്. മാനേജർ നാട്ടുകാരുടെ കമ്മിറ്റിക്ക് കൈമാറിയ സ്‌കൂളാണ് ഇത്. രണ്ട് മുതലുള്ള ക്ലാസുകളിലേക്ക് പുതുതായി പ്രവേശനം തേടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധന പ്രകടമാണ്. മൊകേരി ഈസ്റ്റ് യു.പിയിൽ രണ്ടു മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് 65 കുട്ടികളാണ് ഈ വർഷം പുതുതായി ചേർന്നത്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ അൺഎയിഡഡ് സ്‌കൂളുകളിൽ നിന്ന് വിടുതൽ നേടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് ഈ പ്രവണത കാണിക്കുന്നത്.
പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വൻ കുതിച്ചുചാട്ടം തന്നെ ഇതിനകം ഉണ്ടായി. അക്കാദമിക് നിലവാരം ഉയർത്താനുള്ള ഫലപ്രദമായ പദ്ധതികളും ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്. പി.ടി.എ, അധ്യാപകർ, നാട്ടുകാർ, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ എന്നിവരുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് പ്രത്യേക കോച്ചിംഗിനായി ഭാഷാലാബ് എന്ന പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച കോളേജ് അധ്യാപകരടക്കമുള്ള ഭാഷാ വിദഗ്ധരെ ഉപയോഗിച്ച് സ്‌കൂൾ ക്ലാസിനു പുറമെ പ്രത്യേക ഭാഷാ പരിശീലനമാണ് ലക്ഷ്യമിടുന്നത്. ഗണിതം അനായാസമാക്കാനും പ്രത്യേക ക്ലാസ് നടത്തും. അതത് സ്‌കൂൾ പി.ടി.എയുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുക. പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ ജനകീയ സമിതികൾ ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.