Sorry, you need to enable JavaScript to visit this website.

പി.കെ. ഫിറോസിനെ ജയിലിലടക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചനയെന്ന് നജീബ് കാന്തപുരം

കോഴിക്കോട്- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ ജയിലിലടക്കാന്‍ ഇടത് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വന്‍ ഗൂഢാലോചന ഒരുങ്ങുന്നതായി യൂത്ത്ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ആരോപിച്ചു. കേന്ദ്രവും കേരളവും ഒരേ വഴിയിലാണ് ചിന്തിക്കുന്നതെന്നും കരുതിയിരിക്കണമെന്നും ജനാധിപത്യത്തിനു കാവല്‍ നില്‍ക്കണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ ആഹ്വാനം ചെയ്തു.
ഫേസ് ബുക്ക് പോസറ്റില്‍നിന്ന്്
കെ.ടി ജലീലിനെതിരേ യൂത്ത് ലീഗ് നയിക്കുന്ന സമരത്തിന്റെ ഭാഗമായി പി.കെ ഫിറോസ് പുറത്തുവിട്ട ഓരോ രേഖകളും എങ്ങനെ ചോര്‍ന്നുവെന്നറിയാതെ ഇടത് കേന്ദ്രങ്ങള്‍ അന്തം വിട്ട് നില്‍ക്കുമ്പോഴാണ് ജെയിംസ് മാത്യു എം.എല്‍.എയുടെ കത്തും മന്ത്രിയുടെ കുറിപ്പുമടക്കം ഫിറോസ് പുറത്തു വിട്ടത്. പ്രസ്തുത കത്ത് പുറത്തായതോടെ സിപിഎം നിര്‍മ്മിച്ച ഇരുമ്പുമറ ദ്രവിച്ച കാര്യം പിണറായിക്കും കോടിയേരിക്കും ബോധ്യമായിരിക്കുന്നു. സൈമണ്‍ ബ്രിട്ടോയുടെ മരണത്തിലെ ദുരൂഹത, ഇത് സംബന്ധിച്ച് ബ്രിട്ടോയുടെ ഭാര്യ സീനയുടെ പരാമര്‍ശം, അഭിമന്യുവിന്റെ മരണം സംബന്ധിച്ച് ബ്രിട്ടോ മുമ്പ് നടത്തിയ ചില സംശയങ്ങള്‍ തുടങ്ങി പല കാര്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഇരുമ്പുമറ ഭേദിച്ച് പുറത്ത് കടക്കുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്. പാര്‍ട്ടിക്കകത്ത് നിന്ന് വിവരം ചോര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അപ്രതിരോധ്യനായി ഫിറോസ് മുന്നേറുന്നത് തടയാനും വിവിധ കേസുകള്‍ ചുമത്തി തളയ്ക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. ഫിറോസിനെതിരേ ജെയിംസ് മാത്യു നടത്തിയ ആക്രോശവും ഇത് സംബന്ധിച്ച് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയതും ചില തീരുമാനങ്ങളുടെ ഭാഗമാണ്. ഭരണാധികാരി കള്ളനാണെന്ന് വിളിച്ച് പറയാന്‍ ആളുണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന നരേന്ദ്രമോഡിക്ക് പഠിക്കുന്ന പിണറായി വിജയന്‍, അധികാരത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ തളക്കാന്‍ ശ്രമിക്കുമെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഫിറോസിനെതിരേ അണിയറയില്‍ നടക്കുന്നത് ഒരു യുവനേതാവിനെ നിശബ്ദമാക്കാനുള്ള ഗൂഢാലോചന മാത്രമല്ല, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ഫാഷിസ്റ്റ് നീക്കം കൂടിയാണ്.  

 

Latest News