ചെന്നൈ - ഈ സീസണിലെ ഐ.എസ്.എല്ലില്‍ സ്വന്തം ഗ്രൗണ്ടില്‍ ജയിക്കാനുള്ള നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയന്‍ എഫ്.സിയുടെ അദമ്യമായ മോഹം ഒടുവില്‍ പൂവണിഞ്ഞു. അഞ്ചു മാസവും എട്ടു മത്സരവും കാത്തിരുന്ന ശേഷമാണ് ചെന്നൈയന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആദ്യ വിജയം സ്വന്തമാക്കാനായത്. പക്ഷെ വിജയം അത്യുജ്വലമായി. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ബംഗളൂരു എഫ്.സിയെ അവര്‍ 2-1 ന് തോല്‍പിച്ചു.
നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന ചെന്നൈയന്‍ ഈ സീസണിലെ 15 കളികളില്‍ രണ്ടെണ്ണം മാത്രാണ് ജയിച്ചത്. സ്വന്തം ഗ്രൗണ്ടിലെ അവസാന ഏഴു കളികളില്‍ ആറും തോറ്റു. കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി സമനില പാലിച്ചതായിരുന്നു ഏക ആശ്വാസം. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചാമ്പ്യന്മാര്‍. പൂനെയില്‍ പൂനെ സിറ്റിക്കെതിരെയായിരുന്നു അവരുടെ മറ്റ് ഏക ജയം. നവംബറിലായിരുന്നു അത്.