കണ്ണൂര്‍: നവദമ്പതികളെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍. ഷൈജു , നടുവില്‍ സ്വദേശി വിന്‍സെന്റ് , ചെങ്ങളായി സ്വദേശി പ്രേമാനന്ദ് , സുരേന്ദ്രന്‍, അടുവാപ്പുറം സ്വദേശി രാജേഷ് എന്നിവരെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം വച്ചാണ് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ അക്രമികള്‍ ആക്രമണം അഴിച്ചുവിട്ടത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരന്‍ വിവാഹം കഴിച്ചതാണെന്നും ആയിരുന്നു പ്രചാരണം.സന്ദേശം പങ്കുവച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്.
സൈബര്‍ ഗുണ്ടായിസത്തിനെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ഇവര്‍ പരാതി നല്‍കിയിരുന്നു. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാല്‍ നവദമ്പതികളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
15 കോടി ആസ്തിയുള്ള 48 കാരിയെ 25 കാരന്‍ വിവാഹം കഴിച്ചെന്നായിരുന്നു ദുഷ്പ്രചാരണം. അനൂപും ജൂബിയും ഫെബ്രുവരി നാലിനാണ് വിവാഹിതരായത്. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണ് അനൂപ്. ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്.
ടൂറിസത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ 27 കാരിയായ ജൂബിയെ കണ്ട് ഇഷ്ടമായ 29 കാരനായ അനൂപിന്റെ വീട്ടുകാര്‍ വിവാഹലോചന നടത്തുകയായിരുന്നു. വിവാഹത്തെക്കുറിച്ച് പല കഥകളും ആളുകള്‍ ചമയ്ക്കുന്നുണ്ടെന്നും ഇതെല്ലാം ദുഃഖമുണ്ടാക്കുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.