ജിദ്ദ- നാട്ടിൽ അമ്മയുടെയും ബന്ധുക്കളുടെയും സ്‌നേഹ പരിലാളനത്തോടെ ആദ്യത്തെ കണ്മണിക്ക് ജന്മം നൽകണമെന്ന ആഗ്രഹം സഫലമായില്ലെങ്കിലും ടിന്റു സ്റ്റീഫന് അബഹയിലെ മെറ്റേണിറ്റി ഹോസ്പിറ്റലിൽ സുഖ പ്രസവം. അസീറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ രണ്ടു വർഷമായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ടിന്റു സ്റ്റീഫൻ ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവാവധിയിൽ നാട്ടിൽ പോകണമെന്ന ആവശ്യം ആശുപത്രി അധികൃതർ നിരാകരിച്ചതിനെ തുടർന്ന് ടിന്റു ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിരുന്നു. എംബസി നിർദ്ദേശിച്ചത് പ്രകാരം കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗങ്ങളായ അഷ്‌റഫ് കുറ്റിച്ചൽ, ബിജു നായർ എന്നിവർ പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരങ്ങൾ തേടിയെങ്കിലും മാനേജ്‌മെന്റ് അവധി ആവശ്യം അംഗീകരിച്ചില്ല.
ഇതിനിടെ ടിന്റുവിനെ സ്‌പോൺസർ ഹുറൂബ് ആക്കിയതിനാൽ തർഹീൽ വഴി നാട്ടിൽ പോകാനുള്ള അവസരം ലഭിച്ചു. എക്‌സിറ്റ് നേടി നാട്ടിൽ പോകാൻ എയർപോർട്ടിൽ എത്തിയെങ്കിലും മാനേജ്‌മെന്റ് ഇടപെടൽ മൂലം യാത്ര ചെയ്യാൻ സാധിച്ചില്ല. പോലീസ് ടിന്റുവിനെ കസ്റ്റഡിയിൽ എടുത്ത് പിന്നീട് അഷ്‌റഫിന്റെ ജാമ്യത്തിൽ വിട്ടയച്ചു.
പിറ്റേ ദിവസം പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ടിന്റു പെൺകുഞ്ഞിന് ജന്മം നൽകി.
ഗവർണറേറ്റ്, തൊഴിൽ മന്ത്രാലയം, ഇന്ത്യൻ എംബസി എന്നീ വകുപ്പുകളുടെ ഇടപെടലുകളെ തുടർന്ന് നാട്ടിൽ പോകാനുള്ള രേഖകൾ ഉടൻ ലഭിക്കുമെന്ന് അഷ്‌റഫ് കുറ്റിച്ചൽ അറിയിച്ചു. കുഞ്ഞിന്റെ പാസ്‌പോർട്ട് കൂടി ലഭിച്ചാൽ ഈ ആഴ്ച തന്നെ ടിന്റുവിന് നാട്ടിലേക്ക് മടങ്ങാം.
ജോലിയിൽ പ്രവേശിച്ച ഏഴാം മാസത്തിൽ തന്നെ ടിന്റുവിനെ വിവാഹ ആവശ്യാർഥം അവധിക്ക് നാട്ടിൽ അയച്ചതാണെന്നും ഇക്കാര്യത്തിൽ ഉദാരമായ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളതെന്നുമാണ് മാനേജ്‌മെന്റ് ഭാഷ്യം. പുതിയ സ്റ്റാഫ് എത്തിയാൽ ഉടൻ അവധി നൽകാമെന്നും പ്രസവത്തിനുള്ള എല്ലാ സൗകര്യങ്ങളും നൽകാമെന്നും ടിന്റുവിനെ അറിയിച്ചിരുന്നു. ടിന്റുവിന് എതിരെയുള്ള കേസുകൾ പിൻവലിക്കാനും അവരെ നാട്ടിൽ അയക്കാനും സ്‌പോൺസർ സമ്മതിച്ചതായി എംബസി നിർദേശം അനുസരിച്ച് സ്‌പോൺസറുമായി പ്രശ്‌നം ചർച്ച ചെയ്ത സി.സി.ഡബ്ലിയു അംഗം ബഷീർ മൂന്നിയൂർ മലയാളം ന്യൂസിനോട് പറഞ്ഞു.