- ഒരു മാസം കഴിച്ചുകൂട്ടിയത് പൈപ്പ് വെള്ളം കുടിച്ച്
ദമാം- പ്രവാസത്തിന്റെ തിക്താനുഭവങ്ങളെ തുടർന്ന് മാനസികനില തെറ്റി ഭക്ഷണം കഴിക്കുന്നത് പാടെ ഒഴിവാക്കിയ ഉത്തർപ്രദേശുകാരനെ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ചു. ഫലക് ചൗഹാൻ (27) എന്ന മീററ്റ് സ്വദേശിയെയാണ് നാട്ടിലേക്ക് അയച്ചത്. രണ്ട് വർഷം മുമ്പാണ് ഒരു റസ്റ്റോറന്റിൽ ജോലിക്കായി ഫലക് ദമാമിലെത്തുന്നത്. ഒരു വർഷം മുമ്പാണ് മാനസിക നിലയിൽ മാറ്റം വന്നു തുടങ്ങിയത്. തുടർന്ന് ജോലിക്കു പോവാതെ മുറിയിൽ കഴിച്ചുകൂട്ടി.
ഫിലിപ്പിനോകളും നേപ്പാളികളുമായിരുന്നു സഹപ്രവർത്തകരും സഹതാമസക്കാരും. വീട്ടുകാരുമായി പൂർണമായും ബന്ധം വിഛേദിച്ച ഫലക് രണ്ട് മാസം മുമ്പ് മുറിയിൽ നിന്നുമിറങ്ങി ദമാമിലെ ഒരു കെട്ടിടത്തിനു സമീപം കഴിച്ചു കൂട്ടി. രാത്രിയും പകലുമായി റോഡരികിലും മറ്റും അലഞ്ഞു തിരിയുകയായിരുന്ന ഫലകിനെ പോലീസുകാർ ദമാം മാനസികാരോഗ്യ ചികിത്സാ കേന്ദ്രമായ അൽഅമൽ ആശുപത്രിയിലേക്കു മാറ്റി. ഹുറൂബാക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നു ആശുപത്രിയിൽനിന്ന് ദമാം തർഹീലിലേക്കു മാറ്റി.
ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് തർഹീൽ മേധാവി ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽ സയിഫ് സാമൂഹ്യ പ്രവർത്തകനായ നാസ് വക്കത്തെ വിവരം അറിയിച്ചു. നാസ് വക്കത്തിന്റെ ജാമ്യത്തിൽ പുറത്തിറക്കിയ ഫലകിനെ അടുത്ത ബന്ധുവിന്റെ കൂടെ നാട്ടിലയക്കാൻ ശ്രമിച്ചെങ്കിലും വിമാനത്തിൽ കയറാൻ കൂട്ടാക്കാത്തത് കാരണം ഉദ്യമം പരാജയപ്പെട്ടു.
മറ്റൊരു ദിവസം ടിക്കറ്റെടുത്ത് വീണ്ടും വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും യാത്ര ചെയ്യാൻ തയാറായില്ല. തുടർന്ന് നാസ് വക്കത്തിന്റെ താമസ സ്ഥലത്തെത്തിച്ചു. ഇവിടെയുള്ള പലരും ഫലകിനെ കൊണ്ട് ഭക്ഷണമോ അൽപം പഴച്ചാറോ കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല.
മറ്റുള്ളവരുടെ ചെലവിൽ ആഹാരം കഴിച്ചാൽ മരിച്ചു പോകുമെന്നും അതിനാൽ തന്നെ കൊണ്ട് ഭക്ഷണം കഴിപ്പിക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നുമായിരുന്നു ഫലകിന്റെ ഭാഷ്യം. പൈപ്പിൽ നിന്ന് വെള്ളം ചെറിയ കുപ്പിയിൽ സൂക്ഷിക്കുകയും ദിവസത്തിൽ രണ്ടോ മൂന്നോ തവണ അൽപം കുടിക്കുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്. ഒരു മാസത്തിലേറെ ഇങ്ങനെ കഴിച്ചു കൂട്ടിയിട്ടും ഇടക്കു മാത്രമാണ് പരവശനായത്.
ഇതിനിടെ രണ്ട് പ്രാവശ്യം ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് കൊടുക്കാൻ ശ്രമിച്ചെങ്കിലും സ്വന്തം ചെലവിൽ മാത്രമേ ഡ്രിപ്പ് സ്വീകരിക്കൂവെന്ന പിടിവാശിയിലായിരുന്നു. ഒടുവിൽ ദമാം ബദർ അൽറബീഅ ഡിസ്പൻസറിയിലെത്തിച്ച് ബലമായി ഡ്രിപ്പ് നൽകി. മാനസിക നിലയിൽ അൽപം മാറ്റം വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ദമാം തർഹീലിൽ എത്തിച്ചു.
പോലീസുകാരുടെ സഹായത്തോടെയാണ് വിമാനത്തിൽ കയറ്റിവിട്ടത്. തർഹീലിൽ കഴിഞ്ഞിരുന്ന മറ്റു നാലു പേരെ കൂടി ഇയാളെ സുരക്ഷിതമാക്കി എത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. നാട്ടിൽ വിമാനമിറങ്ങിയ ശേഷം കാത്തിരുന്ന മാതാപിതാക്കൾക്കും ബന്ധുക്കൾക്കും കൈമാറി.