തുറൈഫ്- സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രവിശ്യയിൽ ജോർദാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന തുറൈഫിൽ ഇത് വിവാഹാഘോഷങ്ങളുടെ കാലമാണ്. പ്രധാനമായും പത്തോളം വിവാഹ മണ്ഡപങ്ങളാണ് നഗരത്തിലും പരിസരത്തുമായി പ്രവർത്തിക്കുന്നത്. നിലവിൽ, മിക്ക മണ്ഡപങ്ങളിലും കുറഞ്ഞപക്ഷം ആഴ്ചയിൽ രണ്ട് മുതൽ അഞ്ച് വരെ വിവാഹ പാർട്ടികൾ നടക്കുന്നു. 8000 മുതൽ 25,000 റിയാൽ വരെയാണ് വാടക ഈടാക്കുന്നത്. വിവാഹ ദിവസം ഉച്ചയോടെ മണ്ഡപങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങും. കമാനങ്ങളും പുതുമണവാളന്റെ ഫോട്ടോ പതിച്ച ബാനറുകളും മണ്ഡപത്തിന് മുൻവശത്ത് സ്ഥാപിക്കും. വൈകുന്നേരമായാൽ മണ്ഡപങ്ങളുടെ മുന്നിലുള്ള വിശാലമായ മുറ്റത്ത് വിറകുകൾ കൂട്ടിയിട്ട് തീ കത്തിക്കും.
അതോടൊപ്പം അതിഥികൾക്കായി ഖഹ്‌വ, ചായ എന്നിവയും തയാറാക്കും. ഇഞ്ചിച്ചായ, പൊതീന ചായ, സാധാരണ മധുരമുള്ളതും ഇല്ലാത്തതുമായ ചായ എന്നിങ്ങനെ മൂന്ന് ഇനം ചായ നിർബന്ധമാണ്. മണ്ഡപങ്ങളിലേക്കുള്ള പ്രവേശന കവാടത്തോട് ചേർന്ന് വലിയ തളികയിൽ ഈത്തപ്പഴവും കൂടെ കഴിക്കാൻ പ്രത്യേക വെണ്ണയും വെച്ചിരിക്കും. നേന്ത്രപ്പഴം, ആപ്പിൾ, ഓറഞ്ച് തുടങ്ങി വിവിധയിനം പഴങ്ങൾ എന്നിവയുമുണ്ടാകും. ഇശാ നമസ്‌കാരം കഴിഞ്ഞാൽ പുതുമണവാളനും സംഘവും അനേകം കാറുകളുടെ അകമ്പടിയോടെ മണ്ഡപത്തിൽ എത്തിച്ചേരും. വരനും പരിവാരങ്ങളും ശബ്ദകോലാഹലമുണ്ടാക്കി നഗരത്തിൽ പ്രധാന ഇടങ്ങളിലൂടെ കറങ്ങുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയാണ്. വിവാഹ ദിവസം, അതിരാവിലെ തന്നെ വരൻ സഞ്ചരിക്കുന്ന വാഹനം സർവീസ് ചെയ്തു പ്രത്യേകം ചിത്രങ്ങളും സ്‌നേഹ ചിഹ്നങ്ങളും പതിച്ച് അൽഫ് മബ്‌റൂക് എന്നും മറ്റും എഴുതി അലങ്കരിക്കും. ഇങ്ങനെ വാഹനം കമനീയമാക്കുവാൻ പ്രത്യേകം പരിശീലനം നേടിയ ആളുകൾ തന്നെയുണ്ട്. വലിയ തുക ഇതിന് ചെലവ് വരുന്നുണ്ടെന്നതാണ് വസ്തുത. മണ്ഡപത്തിൽ വരന് ഇരിക്കുന്നതിന് പ്രത്യേകം ഇരിപ്പിടം സജ്ജമാക്കിയിരിക്കും. വരന്റെ ഇരുവശങ്ങളിലായി പിതാവും അമ്മാവനും അടുത്ത ബന്ധുക്കളും ഇരിക്കും. വിവാഹ സൽക്കാരത്തിനു വരുന്നവർ വരനെ ആശ്ലേഷിക്കുകയും പ്രാർഥിക്കുകയും ചെയ്യും.
ശേഷം ഭക്ഷണം കഴിക്കാനുള്ള സമയമാണ്. മട്ടൺ കബ്‌സ, ജ്യൂസുകൾ, ശീതള പാനീയങ്ങൾ എന്നിവ ഉൾപ്പെടെ വിഭവ സമൃദ്ധമായ സദ്യ. ഒട്ടക മാംസവും ഭക്ഷണത്തളികയിലുണ്ടാകും.
തുടർന്ന് പരമ്പരാഗതമായ 'അർദ' നൃത്തവും പാട്ടുകളും നടക്കും. പ്രയാഭേദമന്യേ എല്ലാവരും പങ്കെടുക്കുന്ന നൃത്തങ്ങളിൽ ഭൂരിപക്ഷവും മുതിർന്നവരായിരിക്കും. സ്ഥാന വസ്ത്രങ്ങളും വാളും ഉയർത്തിപ്പിടിച്ചു, പ്രത്യേക ഈണത്തോടെയും സവിശേഷമായ നൃത്തച്ചുവടുകളോടെയും അരങ്ങേറുന്ന നൃത്തം വിവാഹാഘോഷങ്ങളിൽ മുഖ്യമാണ്. ശേഷം വളരെ അടുത്ത ബന്ധുക്കൾ ഒഴികെയുള്ളവർ മണ്ഡപത്തിൽനിന്ന് തിരിക്കും. അടുത്ത ബന്ധുക്കളാണ് വധുവിന്റെ അടുത്തേക്ക് വരനെ കൊണ്ടുപോകുന്നത്. പാട്ടു പാടിയും നൃത്തം ചവിട്ടിയുമാണ് വരനെ സ്വീകരിക്കുക. പിന്നീട് പുതിയ വീട്ടിലേക്ക് നവദമ്പതികൾ ഇറങ്ങുന്നതോടെ വിവാഹാഘോഷങ്ങൾക്ക് തിരശ്ശീല വീഴും.