Sorry, you need to enable JavaScript to visit this website.

മധ്യകേരളത്തിൽ മികച്ച സ്ഥാനാർഥികളെത്തേടി മുന്നണികൾ

പത്തനംതിട്ടയിൽ ആന്റോ ആന്റണി മാത്രമാണ് സീറ്റ് ഉറപ്പിച്ചത്. ഇടുക്കിയിലും കോട്ടയത്തും ആരെന്നത് ഇനിയും വ്യക്തമായില്ല 

കോട്ടയം- മധ്യകേരളത്തിലെ മണ്ഡലങ്ങളിൽ പിടിച്ചുനിൽക്കാനും പിടിച്ചുകയറാനും ഇടതു- വലതുമുന്നണികൾ സ്ഥാനാർഥികളെ തേടുന്നു. ക്രൈസ്തവ-ഹിന്ദു വോട്ട് ബാങ്കുകൾക്ക് മേധാവിത്വമുളള പത്തനംതിട്ട, കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലാണ് ഇക്കുറി മത്സരം ശ്രദ്ധേയമാവുക. കോട്ടയം, പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിൽ ക്രൈസ്തവ വോട്ടുകൾക്കൊപ്പം ശബരിമലയും കടന്നുവരുമെന്നതിനാൽ സ്ഥാനാർഥി നിർണയം എല്ലാ ഘടകങ്ങളും പരിഗണിച്ചായിരിക്കും.
കോട്ടയം കഴിഞ്ഞ രണ്ടു തവണയായി കേരള കോൺഗ്രസ് പക്ഷത്താണെങ്കിൽ പത്തനംതിട്ട കോൺഗ്രസും ഇടുക്കി ഇടതുമുന്നണിയുമാണ് നേടിയത്. കഴിഞ്ഞ ഇലക്ഷനിൽ മതികെട്ടാൻ വിഷയത്തിലൂടെ താരമായ ജോയ്‌സ് ജോർജ് അപ്രതീക്ഷതമായി കടന്നുവന്ന് മിന്നുന്ന വിജയം നേടുകയായിരുന്നു. യു.ഡി.എഫ് പക്ഷത്ത് ഉറപ്പിച്ച മണ്ഡലമായിരുന്നു ഇടുക്കി. ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോർജ് അന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസിനെയാണ് തോൽപിച്ചത്. 
ഇത്തവണ ഇടുക്കിയും കോട്ടയവും യു.ഡി.എഫിന്റെ ഹോട്ട് സീറ്റുകളാണ്. ഇടുക്കിയിലും കോട്ടയത്തും യു.ഡി.എഫ് സ്ഥാനാർഥികളായി തുടക്കം മുതലേ പേരുകേൾക്കുന്ന ഒരാളാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി അപ്രതീക്ഷിതമായി കടന്നുവന്നതോടെ യു.ഡി.എഫ് ക്യാമ്പ് അിശ്ചിത്വത്തിലായി. ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിന് ഏതു മണ്ഡലം തെരഞ്ഞെടുക്കും എന്നത് പരിഗണിച്ചു മാത്രമേ ഇതര സ്ഥാനാർഥികളെ നിശ്ചയിക്കാൻ കഴിയൂ. 
പത്തനംതിട്ടയിൽ മൂന്നാമതും മത്സരത്തിന് ഇറങ്ങുമെന്ന് കരുതുന്ന ആന്റോ ആന്റണി ആണ് നിലവിൽ രാഷ്ട്രീയ നിരീക്ഷകർ ഉറപ്പിച്ച ഏക സ്ഥാനാർഥി.
കഴിഞ്ഞ രണ്ടു തവണയും അനായാസം വിജയിച്ച ആന്റോ ഇക്കുറിയും സീറ്റ് നിലനിർത്തുമെന്നു തന്നെയാണ് കോൺഗ്രസ് കരുതുന്നത്. പുതുമുഖങ്ങളെ പരീക്ഷിക്കാനുളള സാധ്യത കാണുന്നില്ല. ശബരിമല ഉൾപ്പെടുന്ന മണ്ഡലം എന്ന നിലയിൽ ബി.ജെ.പിയും ശക്തിപ്രകടനത്തിന് തയാറെടുക്കുകയാണ്. ശബരിമല വിഷയത്തിൽ തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്ന് നേരത്തെ തന്നെ ആന്റോ ആന്റണി വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമ നിർമാണം നടത്തണമെന്ന ആവശ്യം പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമായ നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ആന്റോ ലോക്‌സഭയിൽ ഈ ആവശ്യം ഉന്നയിച്ചതെന്നത് ശ്രദ്ധേയം. വിശ്വാസികളെ കൂടെ നിർത്തുക എന്ന നിലപാടിന്റെ ഭാഗമായിരുന്നു ഇത്. പത്തനംതിട്ടയിൽ കോൺഗ്രസ് യുവനേതാക്കളുടെ പട്ടികയിൽ ഷിൻസ് പീറ്ററുടെ പേരും പരിഗണിച്ചിട്ടുണ്ട്
ബി.ജെ.പിയും പത്തനംതിട്ടക്ക് ഗണ്യമായ പ്രധാന്യമാണ് നൽകുന്നത്. നരേന്ദ്ര മോഡിയുടെ കൊല്ലം സന്ദർശനത്തിൽ തന്നെ പത്തനംതിട്ടയുടെ പേര് മോഡി പരാമർശിച്ചിരുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസിന് പാർലമെന്റിൽ ഒരു നിലപാടും പത്തനംതിട്ടയിൽ മറ്റൊന്നുമാണെന്ന് സമ്മേളനത്തിൽ മോഡി വിമർശിച്ചിരുന്നു. പത്തനംതിട്ടയിൽ ആർ.എസ്.എസുമായി അടുപ്പമുളളവരെയും എൻ.എസ്.എസിന് താൽപര്യമുളളവരെയുമാണ് പരിഗണിക്കുന്നത്. ഇവിടെ എം.ടി. രമേശ്, ബി. രാധാകൃഷ്ണമേനോൻ എന്നിവരെയാണ് പരിഗണിക്കുന്നത്.  ഇടതുമുന്നണി പത്തനംതിട്ടയിലേക്ക് പരിഗണിക്കുന്നത് മുൻ ഡി.സി.സി പ്രസിഡന്റ് ഫിലിപ്പോസ് തോമസ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ എന്നിവരെയാണെന്നാണ് സൂചന. 
ക്രൈസ്തവ വോട്ടുകൾ ഇടതു ക്യാമ്പിൽ എത്തുമെന്ന് ഉറപ്പില്ല. കാരണം ക്രൈസ്തവ വോട്ട് എന്നും മുൻതൂക്കം നൽകിയിട്ടുളളത് യു.ഡി.എഫിനാണ്. ഇക്കുറി ഫ്രാങ്കോ മുളയ്ക്കൽ വിഷയവും ഓർത്തഡോക്‌സ് സഭയോട് സഭാ തർക്കത്തിൽ സി.പി.എം എടുത്ത സമീപനവും ഈ വോട്ട് ബാങ്കിൽ വീണ്ടും വിളളൽ വീഴ്ത്തും. ചെങ്ങന്നൂരിൽ തുണച്ച ഓർത്തഡോക്‌സ് വോട്ടുകൾ ഇക്കുറി ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഫ്രാങ്കോ മുളയ്ക്കൽ കേസിൽ പുരോഗമന വാദികൾ ഇടതുപക്ഷത്തിനൊപ്പമാണെങ്കിലും ക്രൈസ്തവ സഭാ നേതൃത്വം വിരുദ്ധ നിലപാടിലാണ്. സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ ഇക്കാര്യങ്ങൾക്ക് മുന്തിയ പരിഗണന നൽകിയേക്കും.

Latest News