റിയാദ് - പക്ഷാഘാതം ബാധിച്ച് റിയാദ് ശുമേസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. പൊതുമാപ്പ് ആനുകൂല്യം നേടി നാട്ടിൽ പോകാനിരിക്കെ പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചെങ്ങനാശേരി പെരുന്ന കല്ലംപറമ്പിൽ വീട്ടിൽ ഫൈസലി (ജഗദീഷൻ) നെയാണ് കെ.എം.സി.സി ജീവകാരുണ്യപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചത്.
മൂന്നു വർഷം മുമ്പാണ് ഫൈസൽ റിയാദിലെത്തിയത്. സ്‌പോൺസർ ഹുറൂബാക്കിയതിനാൽ രേഖകളൊന്നുമില്ലാതെ കാറ്ററിംഗ് ജോലി ചെയ്തായിരുന്നു കഴിഞ്ഞിരുന്നത്. നിയമലംഘകർക്ക് രാജ്യം വിടാനായി സൗദി ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാനിരിക്കെ കഴിഞ്ഞ 16ന് പക്ഷാഘാതം ബാധിച്ച നിലയിൽ ഇദ്ദേഹത്തെ സുഹൃത്തുക്കൾ ശുമേസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ വിദഗ്ധ ചികിത്സക്ക് നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മലപ്പുറം ജില്ല കെ.എം.സി.സി ജീവകാരുണ്യ കൺവീനർ സിദ്ദീഖ് തുവ്വൂരിന്റെ സഹായം സുഹൃത്തുക്കൾ തേടുകയായിരുന്നു. ജൂൺ എട്ടിന് നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്തതായിരുന്നു ഫൈസൽ.
നാട്ടിൽ വാടകവീട്ടിൽ താമസിക്കുന്ന ഇവരുടെ ചികിത്സയുടെ തുടർനടപടികൾ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ബിന്നിയാണ് ഭാര്യ. മകൻ ശാഹുൽ നാഗ്പൂർ സ്‌കൂൾ ഓഫ് ക്രിക്കറ്റ് അക്കാദമിയിൽ പ്ലസ് ടു പഠനത്തോടൊപ്പം ക്രിക്കറ്റ് പരിശീലനവും നടത്തുന്നു. ക്രിക്കറ്റിലെ മികവ് തിരിച്ചറിഞ്ഞ സ്‌കൂളധികൃതരാണ് ശാഹുലിനെ നാഗ്പൂരിലേക്ക് അയച്ചത്. മകൾ ഫാത്തിമ എസ്.എസ്.എൽ.സി കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്നു.
നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ഇന്ത്യൻ എംബസിയാണ് നൽകിയത്. ശരീരത്തിന്റെ ഇടത് ഭാഗം തളർന്ന നിലയിലായിരുന്ന 51 കാരന്റെ ചികിത്സയുടെ ചെലവ് മുഴുവനും ആശുപത്രി തന്നെ വഹിച്ചു. സഹായിയായി ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവായ മനുവാണ് അദ്ദേഹത്തെ അനുഗമിച്ചത്. മനുവിന് ടിക്കറ്റ് നൽകിയത് സിദ്ദീഖും ബദീഅയിലെ സുഹൃത്തുക്കളുമാണ്. ആശുപത്രി സ്റ്റാഫും ഇന്ത്യൻ എംബസിയും ഈ വിഷയത്തിൽ എല്ലാ സഹായവും നൽകിയതായി സിദ്ദീഖ് പറഞ്ഞു.