Sorry, you need to enable JavaScript to visit this website.

സീറ്റ് സംരക്ഷിക്കണമെങ്കിൽ ജയദേവന് ആദ്യം പാർട്ടിയിൽ ജയിക്കണം 

പാലക്കാട്- സ്വന്തം സീറ്റ് സംരക്ഷിക്കണമെങ്കിൽ തുടർച്ചയായി രണ്ടു മൽസരങ്ങളിൽ വിജയിക്കണമെന്ന അവസ്ഥയിലാണ് തൃശൂരിലെ സിറ്റിംഗ് എം.പി സി.എൻ. ജയദേവൻ. പാർട്ടിയിൽ സീറ്റിനായി നടക്കുന്ന പോരാട്ടത്തിൽ വിജയിച്ചാലേ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാനാവൂ. പതിനാറാം ലോക്‌സഭയിൽ സി.പി.ഐ എന്ന രാഷ്ട്രീയപ്പാർട്ടിയെ അടയാളപ്പെടുത്തിയ ഏക എം.പി എന്ന നിലയിൽ അദ്ദേഹത്തിന് രണ്ടാമൂഴം അനുവദിക്കേണ്ടതാണ്. പക്ഷേ സി.പി.ഐ ആണ് പാർട്ടി. തൃശൂരിലെ സിറ്റിംഗ് എം.പിയെ മാറ്റി മുൻമന്ത്രി കെ.പി.രാജേന്ദ്രനെ അവിടെ ചെങ്കൊടി ഏൽപ്പിച്ചേ അടങ്ങുകയുള്ളൂ എന്ന വാശിയിലാണ് പാർട്ടി സംസ്ഥാന നേതൃത്വം. എന്നാൽ ജില്ലാ കമ്മിറ്റി ജയദേവനു പിന്നിൽ ഉറച്ചുനിൽക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ആദ്യ പോരാട്ടത്തിൽ ജയദേവൻ ജയിക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം. 
തുടർച്ചയായി രണ്ടു തവണ മൽസരിച്ചവരെ മാറ്റിനിർത്തുക എന്ന നയം കേരളാ രാഷ്ട്രീയത്തിൽ ആദ്യം നടപ്പാക്കിയ പാർട്ടിയാണ് വലതു കമ്യൂണിസ്റ്റുകൾ. സി.പി.ഐക്കു ശേഷമാണ് മുന്നണിയിലെ പ്രധാനകക്ഷി ആ നിലപാടിന്റെ വക്താക്കളായത്. എന്നാൽ ഇക്കാര്യത്തിൽ സി.പി.ഐ കാണിക്കുന്ന കാർക്കശ്യമൊന്നും സി.പി.എമ്മിന് ഇപ്പോഴും ഇല്ല. എന്നാൽ ജയദേവന് പകരക്കാരെ നിശ്ചയിക്കാനുള്ള ചർച്ചകൾക്ക് അതുമായൊന്നും ബന്ധമുണ്ടെന്ന് കരുതാനാവില്ല. ഒരു തവണയേ അദ്ദേഹം ലോകസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചിട്ടുള്ളൂ. പാർട്ടി പ്രതീക്ഷിച്ച നിലയിലേക്ക് ജയദേവന്റെ പ്രവർത്തനം ഉയർന്നില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സാധാരണ പ്രവർത്തകരുമായി അടുപ്പം സ്ഥാപിക്കുന്നതിലും ഇഴുകിച്ചേർന്ന് പ്രവർത്തിക്കുന്നതിലും തൃശൂർ എം.പി പരാജയപ്പെട്ടുവെന്നാണ് വിമർശനം. കൂടുതൽ ജനകീയനായ മറ്റൊരാൾക്കു വേണ്ടി അദ്ദേഹത്തെ മാറ്റി നിർത്താൻ ഇതൊക്കെ ധാരാളം.
ഇതെല്ലാം ജയദേവനെതിരേ ഉന്നയിക്കുന്ന മുടന്തൻ ന്യായങ്ങളാണെന്ന വാദമാണ് ജില്ലാ കമ്മിറ്റി ഉയർത്തുന്നത്. രണ്ടു ഘട്ടങ്ങളിലായി പതിനൊന്നു വർഷം പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച ഒരാൾക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന ആരോപണം തന്നെ ബാലിശമാണെന്നാണ് വിമർശനം. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഒല്ലൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വട്ടം നേടിയ തിളക്കമാർന്ന വിജയവും ജയദേവന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മൽസരിച്ച മറ്റ് മൂന്നു പേരും തോറ്റപ്പോൾ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന തൃശൂർ പിടിച്ചെടുത്ത് മാനം കാത്തതും ചർച്ചയാക്കി  ഉയർത്തിക്കൊണ്ടു വരുന്നുണ്ട്. പതിനാറാം ലോക്‌സഭയിൽ സി.പി.ഐയുടെ ഏക എം.പി എന്ന നിലയിൽ നിർണ്ണായകമായ പല ചർച്ചകളിലും ജയദേവൻ പങ്കെടുത്തിരുന്നു. 
ജയദേവനെതിരായ നീക്കം സി.പി.ഐയിലെ ചേരിപ്പോരിന്റെ തുടർച്ചയായി വിലയിരുത്തുന്നതിലും തെറ്റില്ല. പാർട്ടിയുടെ നേതൃത്വം പിടിക്കാൻ കാനം രാജേന്ദ്രനും കെ.ഇ.ഇസ്മയിലും തമ്മിൽ വാശിയേറിയ പോരാട്ടം നടന്ന സമയത്ത് ഇസ്മയിൽ പക്ഷത്തായിരുന്നു ജയദേവൻ. അദ്ദേഹത്തിന് ഒരവസരം കൂടി നൽകണമെന്ന വാദം ഉയർത്തുന്നത് ഇസ്മയിൽ വിഭാഗമാണ്. ജയദേവൻ വേണമോ രാജേന്ദ്രൻ വേണമോ എന്ന തർക്കം എങ്ങുമെത്താതിരുന്നാൽ ഒത്തുതീർപ്പു സ്ഥാനാർത്ഥിയായി മന്ത്രി സുനിൽകുമാറിനെ കളത്തിലിറക്കണമെന്ന വാദവും സി.പി.ഐയിൽ ഉയരുന്നുണ്ട്.  

 

Latest News