റിയാദ്- തൊഴിലാളികളുടെ ഭീമമായ ലെവിമൂലം മാന്ദ്യത്തിലായ വിപണിയെ ഉത്തേജിപ്പിക്കാന്‍ 1150 കോടി റിയാല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. ലെവി കുടിശിക അടക്കാനാവാതെ പ്രതിസന്ധിയിലായ സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഇത് ലഭിക്കുക.
ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് സഹായം ലഭിക്കുമെന്നത് ഇപ്പോള്‍ വ്യക്തമല്ല. ധനകാര്യ മന്ത്രാലയം, സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി (എസ്.എം.ഇ.എ), ലോക്കല്‍ കണ്ടന്റ് ആന്റ് പ്രൈവറ്റ് സെക്ടര്‍ യൂണിറ്റ് എന്നീ വകുപ്പുകളുമായി ഏകോപനം നടത്തി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുമെന്നാണ് അറിയുന്നത്.
വിപണിയിലെ മാന്ദ്യംമൂലം കടുത്ത തിരിച്ചടിയാണ് തങ്ങള്‍ നേരിടുന്നതെന്ന് നിരവധി വ്യാപാരികള്‍ വാണിജ്യ നിക്ഷേപ മന്ത്രാലയം മുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നു. ഭീമമായ തുകയുടെ ലെവി ഇന്‍വോയ്‌സുകള്‍ ആണ് പല സ്ഥാപനങ്ങള്‍ക്കും ലഭിച്ചിരുന്നത്. സാമ്പത്തിക പരിഷ്കരണങ്ങളും ലെവിയുംമൂലം നിരവധി സ്ഥാപനങ്ങള്‍ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ടെന്നും വ്യാപാരികള്‍ ആവലാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് വിഷയം സാമ്പത്തിക വികസന കാര്യ സമിതി ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ താല്‍പര്യങ്ങളും അഭിപ്രായങ്ങളുംകൂടി മാനിച്ച് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശം രാജാവിന് മുമ്പില്‍ സമര്‍പ്പിച്ചത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനവും സാമ്പത്തിക പുരോഗതിയും വാഗ്ദാനം ചെയ്യുന്ന രാജാവിന്റെ തീരുമാനത്തിന് വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബി നന്ദി അറിയിച്ചു.
സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതിന് തൊഴില്‍, സാമൂഹിക വികസനമന്ത്രി സുലൈമാന്‍ അല്‍രാജ്ഹി, രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി രേഖപ്പെടുത്തി.
2018 ജനുവരി 15 മുതല്‍ ലെവി ഇന്‍വോയ്‌സ് ഇഷ്യു ചെയ്യുന്നതിനാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആദ്യം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ജനുവരി 29 ലേക്ക് നീട്ടിവെച്ചു. ജനുവരി 29 മുതല്‍ ഇഷ്യു ചെയ്ത് തുടങ്ങിയ ലെവി ഇന്‍വോയ്‌സുകള്‍ അടക്കുന്നതിന് മൂന്നു മാസം സമയമാണ് ആദ്യം അനുവദിച്ചിരുന്നത്. ഇത് പിന്നീട് ആദ്യം മൂന്നു മാസത്തേക്കും പിന്നീട് ആറു മാസത്തേക്കും ദീര്‍ഘിപ്പിച്ചു. ഈ കാലാവധിയും അവസാനിച്ചിരുന്നു.