ആലപ്പുഴ- തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കേണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ തീരുമാനത്തില്‍ ഞെട്ടിയ ബി.ജെ.പി തുഷാറിനെ സ്വാധീനിക്കാന്‍ ്അമിത് ഷായെ ഇറക്കുന്നു.
ശബരിമല വിഷയം ചൂഷണം ചെയ്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സാന്നിദ്ധ്യമറിയിക്കാന്‍ വെമ്പുന്ന ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട്. കഴിഞ്ഞ ദിവസം ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പി യോഗത്തിന്റെ പോഷക സംഘടന അല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളിയോ എസ്.എന്‍.ഡി.പി ഭാരവാഹികളോ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്നും വെള്ളാപ്പള്ളി പറഞ്ഞത് ബിജെപിയെ ഞെട്ടിച്ചു. വെള്ളാപ്പള്ളി ബി.ജെ.പിയെ തള്ളി രംഗത്ത് വരുന്നത് ശ്രീനാരായണീയരുടെ വോട്ട് നഷ്ടപ്പെടുത്തുമോ എന്ന് ബി.ജെ.പി ആശങ്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ തുഷാര്‍ മത്സര രംഗത്ത് വന്നാല്‍ വെള്ളാപ്പള്ളിയുടെ നാവ് കെട്ടാമെന്നാണ് കരുതുന്നത്്.
ബി.ജെ.പി പ്രതീക്ഷ പുലര്‍ത്തുന്ന തൃശൂര്‍ ഉള്‍പ്പെടെ ബി.ഡി.ജെ.എസ് എട്ടു സീറ്റുകള്‍ ചോദിച്ചിട്ടുണ്ടെങ്കിലും താന്‍ മത്സരിക്കുന്ന കാര്യം തുഷാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ തുഷാര്‍ മത്സരിക്കണമെന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. ഇതിനായി കേന്ദ്രനേതാക്കള്‍ തുഷാറിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തുഷാര്‍ മനസ്സു തുറക്കാത്ത സാഹചര്യത്തില്‍ ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ സംസ്ഥാനത്ത് എത്തുന്ന അമിത്ഷാ ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുമെന്നാണ് സൂചനകള്‍.