കണ്ണൂര്‍- സൈബര്‍ ആക്രമണം നേരിട്ട വധൂവരന്മാര്‍ ആശുപത്രിയില്‍. വരനെക്കാള്‍ മൂത്ത വധു എന്ന തരത്തില്‍ വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ മനംനൊന്ത് ദമ്പതികള്‍ ആശുപത്രിയില്‍. 25 കാരന്‍ 48 കാരിയെ വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണത്തില്‍ മനംനൊന്താണ് കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫ്, ജൂബി ജോസഫ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
'വധുവിന് പ്രായം 45, വരന് 25. പെണ്ണിന് ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപയും സ്ത്രീധനം' എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യജപ്രചാരണം നടന്നത്. തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം മൂലം അനൂപിനെയും ജൂബിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അനൂപിന്റെ അച്ഛന്‍ ബാബുവാണ് മാധ്യമങ്ങളെ അറിയിച്ചത്.
അനൂപും ജോബിയും ഇതുസംബന്ധിച്ച് സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. വധുവിന് പ്രായക്കൂടുതല്‍ ഉണ്ടെന്നും സ്വത്തിന്റെ പ്രലോഭനത്തിലാണ് വരന്‍ വിവാഹത്തിന് തയ്യാറായത് എന്നുമുള്ള തരത്തിലാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്.എന്നാല്‍, ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് ദമ്പതികള്‍ തന്നെ സ്ഥിരീകരിച്ചു.
കോളജ് പഠനകാലത്തെ പ്രണയമാണ് വിവാഹത്തില്‍ എത്തിയത്. ജൂബിയെക്കാള്‍ രണ്ടു വയസ്സിന് മുതിര്‍ന്നയാളാണ് അനൂപ്. ഞങ്ങള്‍ ഇണയെത്തേടിയത് മനസ്സിനാണ്, ശരീരത്തിനല്ല. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴെ ഹൗസ് അനൂപിന്റെയും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാതരിയായ ജൂബിയുടെയും വിവാഹം പെട്ടെന്നായിരുന്നു. അതുകൊണ്ടുതന്നെ അധികംപേരെയൊന്നും വിവാഹത്തിന് ക്ഷണിക്കാന്‍ കഴിഞ്ഞിരുന്നുല്ല. പിതാവ് കാറ്ററിംഗ് സ്ഥാപനത്തിന് നല്‍കിയ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേര്‍ത്താണ് ചിലര്‍ ദുഷ്പ്രചരണം നടത്തിയത്.