Sorry, you need to enable JavaScript to visit this website.

കോൺഗ്രസിലെ ബിഗ് ബോസ് തന്നെ പക്ഷെ മത്സരിക്കാൻ ഉമ്മൻചാണ്ടിക്ക് മടി

കൊച്ചി- കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആരാണെന്ന ചോദ്യത്തിന് ഉമ്മൻചാണ്ടി എന്ന് ഉത്തരം പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. സോളാർ കേസും സരിതയുമൊന്നും ഉമ്മൻചാണ്ടിക്ക് കോൺഗ്രസ് പ്രവർത്തകർക്കിടിയിലുള്ള സ്വാധീനത്തെ കാര്യമായി സ്പർശിക്കാനായിട്ടില്ലെന്നാണ് അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത അടിവരയിടുന്നത്. 
എന്നാൽ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ റോൾ എന്തായിരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ കടുത്ത കൺഫ്യൂഷനാണ്.  ഉമ്മൻചാണ്ടി മത്സരിക്കണമെന്നും തിരഞ്ഞെടുപ്പ് നയിച്ച് യു ഡി എഫിനെ വിജയപഥത്തിലേക്ക് ആനയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് കോൺ്ഗ്രസിൽ ഏറെയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം പോലും വേണ്ടെന്ന് വച്ച ഉമ്മൻ ചാണ്ടി ഇനിയും മനസ് തുറക്കാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. 
ആരോപണങ്ങൾ അലമാല പോലെ വന്നിട്ടും പുതുപ്പള്ളിയിലെ ജനങ്ങൾ ഉമ്മൻചാണ്ടിയെ നിയമസഭയിലേക്ക് വിജയിപ്പിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്തു നിന്നും മാറി നിൽക്കുകയായിരുന്നു. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായതോടെ ഉമ്മൻചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്കാണെന്ന വ്യക്തമായ സൂചന ലഭിച്ചു. ഇതിന്റെ തുടർച്ചയായി ലോകസഭയിലേക്ക് ഉമ്മൻചാണ്ടി മത്സരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ കരുതുന്നത്. ഉമ്മൻചാണ്ടി ലോകസഭയിലേക്ക് പോകുകയെന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ്ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി രമേശ് ചെന്നിത്തലയായിരിക്കുമെന്നു കൂടിയാണ്. എന്നാൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നിയന്ത്രണം തന്റെ കൈപ്പിടിയിൽ നിന്നു വിട്ടുപോകാതിരിക്കാൻ ഏറെ ശ്രദ്ധിച്ചാണ് ഉമ്മൻചാണ്ടി ഓരോ ചുവടും വെക്കുന്നത്. കെ പി സി സി പ്രസിഡണ്ട് സ്ഥാനം വി എം സുധീരൻ രാജിവച്ചപ്പോൾ എംഎം ഹസനെ താൽക്കാലികമായി ചുമതലയേൽപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളാണ്. ഹസന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായതും ആ തന്ത്രത്തിന്റെ ബാക്കിയായിരുന്നു. കെ പി സി സിയുടെ നിയന്ത്രണം തന്റെ വിശ്വസ്തരുടെ കൈകളിലായിരിക്കെ ലോകസഭയിലേക്ക് മത്സരിക്കാൻ ഉമ്മൻചാണ്ടിക്ക് തടസങ്ങളില്ല. കോട്ടയത്തോ ഇടുക്കിയിലോ ഉമ്മൻ ചാണ്ടി മത്സരിക്കുമെന്നാണ് അറിയുന്നതെങ്കിലും കേരളത്തിൽ എവിടെ വേണമെങ്കിലും അദ്ദേഹത്തിന് മത്സരിക്കാമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരിക്കുന്നത്. ഉമ്മൻ ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് പാർട്ടിയുടെ തീരുമാനമാണെന്നും മത്സരിക്കണമോയെന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും കെപിസിസി പ്രചാരക സമിതി അധ്യക്ഷൻ കെ മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഉമ്മൻചാണ്ടിയെ ആശയക്കുഴപ്പത്തിൽ നിർത്തുന്നത് പഴയ സോളാർ കേസും സരിതയും തന്നെയാണ്. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ചില കെണികൾ എൽ ഡി എഫ് സർക്കാർ ബാക്കിവെച്ചിട്ടുണ്ടെന്നാണ് കേൾവി. ഉമ്മൻചാണ്ടി മത്സരിക്കുകയും കേരളത്തിൽ തിരഞ്ഞെടുപ്പിന്റെ നായകസ്ഥാനത്ത് വരികയും ചെയ്താൽ ബലാൽസംഗ കേസിൽ അദ്ദേഹത്തെ പ്രതിയാക്കിക്കൊണ്ട് യു ഡി എഫിന് രാഷ്ട്രീയ ആഘാതമേൽപിക്കാൻ സർക്കാർ ശ്രമിക്കാനുള്ള സാധ്യത സജീവമായി നിൽക്കുന്നു. സോളാർ കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലുള്ള നടപടികൾ ഇനിയും വരാനിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള അപായ സാധ്യത അദ്ദേഹത്തിന് മറ്റാരേക്കാളും ബോധ്യമുണ്ട്. 


 

Latest News