ജിദ്ദ - വാഹനങ്ങളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ നിന്ന് വനിതകൾക്ക് പ്രത്യേക ഇളവില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. കൂളിംഗ് ഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെയാണ് പിഴ. കൂളിംഗ് ഫിലിം നീക്കം ചെയ്യുന്നതു വരെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്യും.
ഉൾവശത്തെ കാഴ്ച മറക്കാത്ത, സുതാര്യമായ കൂളിംഗ് ഫിലിമുകളായിരിക്കണം വാഹനങ്ങളുടെ ചില്ലുകളിൽ ഒട്ടിക്കേണ്ടത്. കണ്ണാടികളെ പോലെ ചിത്രം പ്രതിഫലിപ്പിക്കുന്ന കൂളിംഗ് ഫിലിമുകൾ വാഹനങ്ങളിൽ ഒട്ടിക്കുന്നതിന് വിലക്കുണ്ട്. മനുഷ്യനും പരിസ്ഥിതിക്കും ഹാനിയുണ്ടാക്കാത്ത, സൗദിയിൽ അനുമതിയുള്ള കൂളിംഗ് ഫിലിമുകളായിരിക്കണം ഉപയോഗിക്കേണ്ടത്.
കൂളിംഗ് ഫിലിമുകളുടെ സുതാര്യത സീറോ 2 വിൽ കൂടാൻ പാടില്ല. കാറുകളുടെ പിൻവശത്തെ സീറ്റുകളുടെ വശങ്ങളിലെ ചില്ലുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. മുൻവശത്തെയോ പിൻവശത്തെയോ ചില്ലുകളിൽ ഒരു തരത്തിലുള്ള കൂളിംഗ് ഫിലിമുകളും അനുവദിക്കില്ല. പ്രത്യേക രോഗമുള്ള സാഹചര്യങ്ങളിലൊഴികെ മുൻവശത്തെ സീറ്റുകളുടെ വശങ്ങളിലെ ചില്ലുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിന് അനുവദിക്കില്ല.
ടാക്‌സി കാറുകൾ, ലിമോസിനുകൾ, റെന്റ് എ കാറുകൾ, സിംഗിൾ ഡോറുള്ള സ്‌പോർട്‌സ് കാറുകൾ, ചരക്കു വാഹനങ്ങൾ, നഗരങ്ങൾക്കകത്ത് കൂലിക്ക് സർവീസ് നടത്തുന്ന ബസുകൾ എന്നീ വാഹനങ്ങളിൽ കൂളിംഗ് ഫിലിമുകൾ ഒട്ടിക്കുന്നതിന് വിലക്കുണ്ട്.