കൊച്ചി- ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ കാക്കനാട് തെങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയില്‍ സജിത(39)ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഭര്‍ത്താവ് പോള്‍ വര്‍ഗീസ് (42) ആണു മരിച്ചത്. പറവൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി അഹമ്മദ് കോയ ആണു ആണു സജിതയ്ക്കു ശിക്ഷ വിധിച്ചത്.
മക്കളെ മറ്റൊരു മുറിയില്‍ ഉറക്കിക്കിടത്തിയ ശേഷം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ പരിധിയില്‍ കൂടുതല്‍ മരുന്ന് അകത്തു ചെല്ലാതിരുന്നതിനാല്‍ പോള്‍ വര്‍ഗീസ് മരിച്ചില്ല. ഇതു കണ്ട് കാമുകന്‍ ടിസനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കുകയും മുഖത്ത് തലയിണ അമര്‍ത്തുകയും മറ്റും ചെയ്താണ് മരണം ഉറപ്പു വരുത്തിയത്. തുടര്‍ന്ന് കാമുകനെ പറഞ്ഞു വിടുകയും ഭര്‍ത്താവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ വിളിച്ചുകൂട്ടുകയുമായിരുന്നു.
സജിതക്ക് കോട്ടയം പാമ്പാടി സ്വദേശി പാമ്പാടിക്കണ്ടത്തില്‍ ടിസന്‍ കുരുവിളയുമായി അടുപ്പമുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ വേണ്ടിയാണു ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായി ടിസന്‍ കുരുവിള പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവം മൂലം വിട്ടയച്ചു. 2011 ഫെബ്രുവരി 22 നാണു കേസിനാസ്പദമായ സംഭവം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്. സജിതയും ടിസന്‍ കുരുവിളയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസില്‍ നിര്‍ണായക തെളിവായി.
കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ എട്ടും നാലും വയസുള്ള കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നു. തൃക്കാക്കര സി.ഐ ആയിരുന്ന ബൈജു പൗലോസ് ആണു കേസ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി വി.കെ. സനില്‍കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചു.