തിരുവനന്തപുരം- വിവാദങ്ങള്‍ക്കിടെ, സ്ഥാനം രാജിവെക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. പുറത്താക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പ്രസിഡന്റ് സ്ഥാനത്ത് നവംബര്‍വരെ തുടരുമെന്നു അദ്ദേഹം വ്യക്തമാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രവര്‍ത്തനോദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തര്‍ക്കമുണ്ടാക്കി ബോര്‍ഡിലെ ഐക്യം തകര്‍ക്കാമെന്നാണ് ചിലര്‍ കരുതുന്നത്. ദേവസ്വം കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോര്‍ട്ട് കിട്ടട്ടെയെന്ന് പറഞ്ഞത് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. സുപ്രീംകോടതി വിധി യുവതീ പ്രവേശത്തിന് അനുകൂലമെങ്കില്‍ എന്തു വേണമെന്ന് ആലോചിച്ചു തീരുമാനിക്കും. മറിച്ചാണെങ്കില്‍ പഴയ സ്ഥിതി തുടരും.
ശബരിമല വികസനത്തിന് 739 കോടി അനുവദിച്ച സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവും വേദിയിലുണ്ടായിരുന്നു.