റിയാദ് - ബിനാമി ബിസിനസ് കേസ് പ്രതിയായ ഇന്ത്യക്കാരനെ നാടുകടത്തുന്നതിന് റിയാദ് ക്രിമിനൽ കോടതി വിധി. റിയാദിൽ സൗന്ദര്യവർധക വസ്തുക്കളുടെ മൊത്ത, ചില്ലറ വിൽപന മേഖലയിൽ ബിനാമി സ്ഥാപനം നടത്തിയ ഇന്ത്യക്കാരൻ അൻവൻ കബീർ ഇസ്മായിൽ, ഇതിന് കൂട്ടുനിന്ന സൗദി പൗരൻ അലി ബിൻ മുഹമ്മദ് ബിൻ അലി ആലുബകരി അൽഅസ്മരി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവർക്കും കോടതി 80,000 റിയാൽ പിഴ ചുമത്തി. ബിനാമി സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നാടുകടത്തുന്ന ഇന്ത്യക്കാരനെ പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഇന്ത്യക്കാരനും സൗദി പൗരനും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു.
റിയാദ് അൽസുവൈദി ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന മൊത്ത, ചില്ലറ വ്യാപാര സ്ഥാപനം ബിനാമിയാണെന്ന് സംശയിക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിനു വേണ്ടി മറ്റു കമ്പനികളുമായും സ്ഥാപനങ്ങളുമായും വ്യക്തികളുമായും സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരനും സൗദി പൗരനും എതിരായ കേസ് നിയമ നടപടികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം കൈമാറുകയായിരുന്നു.