തിരുവനന്തപുരം- പ്രവാസി പെൻഷൻ കാര്യത്തിലെ പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ മുസ്‌ലിം ലീഗിലെ പി. ഉബൈദുള്ളക്ക് അൽപം പോലും മതിപ്പില്ല. അഞ്ച് ലക്ഷമൊക്കെ മുടക്കാൻ കഴിയുന്നവരാണ് പ്രവാസികൾ എന്നത് ആ സമൂഹത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടാണ്. മുഖ്യമന്ത്രി ഗൾഫിൽ കണ്ട മുതലാളിമാരെപ്പോലെയല്ല എല്ലാ പ്രവാസികളും. രാഹുൽ ഗാന്ധി കാണാൻ പോയ ലേബർ ക്യാമ്പുണ്ടല്ലോ, അവിടെയാണ് യഥാർഥ പ്രവാസികളുള്ളത്. അവർക്ക് അഞ്ച് ലക്ഷമൊന്നും ജീവിതത്തിൽ കാണാൻ പോലും കിട്ടില്ല. വോട്ട് ഓൺ അക്കൗണ്ട് ചർച്ചയിലാണ് ലീഗ് അംഗത്തിന്റെ പ്രവാസി വിചാരം.
വനിതാ മതിലുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന സെമിനാറിന്റെ വിഷയം ആർത്തവവുമായി ചേർത്ത് വെച്ചത് കണ്ടപ്പോൾ ഉബൈദുള്ളയുടെ സംശയം 'ഇതെന്താ സി.പി.എമ്മിന്റെ നയവും പരിപാടിയുമെല്ലാം ആർത്തവ വാദത്തിലേക്ക് വഴിമാറിയോ? ഇതു കേട്ട് സി.പി.എമ്മിലെ ആയിഷാ പോറ്റിക്ക് അടങ്ങിയിരിക്കാനായില്ല. സ്ത്രീ വിരുദ്ധമാണ് പരാമർശമെന്ന് ആയിഷാ പോറ്റിയുടെ വാദം. പരാമർശം രേഖയിലുണ്ടാകാൻ പാടില്ല. ആയിഷ പോറ്റിയും മറ്റു സി.പി.എം അംഗങ്ങളും രോഷം കൊണ്ട് തിളച്ചു മറിഞ്ഞപ്പോഴും ഉബൈദുള്ളയുടെ നിലപാട് സർക്കാരാണ് സ്ത്രീകളെ അപമാനിക്കുന്നതെന്നായിരുന്നു. പ്രവാസി ക്ഷേമ പദ്ധതിയെ നിസ്സാരവൽക്കരിച്ച ലീഗ് അംഗത്തെ സർക്കാർ പക്ഷം നിന്ന് നേരിട്ടത് സി.പി.എമ്മിലെ സി.കെ. ശശീന്ദ്രൻ.
രാഹുൽ ഗാന്ധി പോയ ലേബർ ക്യാമ്പിന്റെ കാര്യമൊക്കെ എല്ലാവർക്കും അറിയാമെന്ന് ശശീന്ദ്രന്റെ കുത്തുവാക്ക്. ആടു ജീവിതമെഴുതിയ ബെന്യാമിനെയും കഥാപാത്രം നജീബിനെയും ലോക കേരള സഭയുടെ വേദിയിലെത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരുമല്ലേ എന്ന് ഉബൈദുള്ളയോട് ശശീന്ദ്രന്റെ ചോദ്യം.
എസ്. രാജേന്ദ്രനായിരുന്നു ചർച്ചയുടെ തുടക്കക്കാരൻ. തമിഴ് കലർന്ന മലയാളം. ഉദ്ധരണികളധികവും തിരുവള്ളുവുടെ തിരുക്കുറലിൽ നിന്ന്. ഇടുക്കി വികസനത്തിന് 5000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച നടപടിയെ ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്നത് പോലെയാണ് രാജേന്ദ്രന് അനുഭവപ്പെടുന്നത്. ഫണ്ട് നൽകാത്ത കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിടുന്ന നടപടി കാണുമ്പോൾ സി.പി.എം അംഗത്തിന് സന്തോഷം. കാരണം കോൺഗ്രസ് പിരിച്ചുവിടണം എന്ന ഗാന്ധിജിയുടെ ഉപദേശം അങ്ങനെയെങ്കിലും യാഥാർഥ്യമാകുമല്ലോ.
കോൺഗ്രസിലെ വി.പി. സജീന്ദ്രന് മന്ത്രി തോമസ് ഐസക്കിന്റെ ഭാവഹാവാദികളൊക്കെ വലിയ ഇഷ്ടമാണ്. മനോഹര വർണത്തിലുള്ള ജുബ്ബയിട്ട് വന്ന്, താളത്തിൽ സംസാരിക്കും. കണക്കിന്റെ മായാജാലം കൊണ്ട് എന്തും വിശ്വസിപ്പിക്കും. ഇതു കാണുമ്പോൾ സജീന്ദ്രന് ഓർമ വരുന്നത് വീട്ടിൽ സ്ത്രീകൾ മാത്രമുള്ള സമയത്ത് പലചരക്ക് സാധനങ്ങൾ ശേഖരിക്കാൻ വരുന്ന വറീതിനെയാണ്. നല്ല വിലയുള്ള സാധനങ്ങൾ ചുളുവിലക്ക് കൈക്കലാക്കിയ ശേഷം ഇതിരിക്കട്ടെ എന്ന് പറഞ്ഞ് 50 രൂപ വീട്ടമ്മക്ക് അധികമെന്ന മട്ടിൽ കൊടുത്ത് അതിബുദ്ധി കാണിക്കുന്നതു പോലെയാണ് ഐസക്കിന്റെ ബജറ്റ് സമീപനമെന്നാണ് സജീന്ദ്രൻ കാണുന്നത്. സി.പി.എമ്മിന്റെ കേന്ദ്ര നേതാക്കൾ കേരളത്തിൽ മത്സരിക്കാൻ വരുന്നതായി കേട്ടു. ദയവ് ചെയ്ത് ബംഗാളികളെ കൊണ്ടുവരരുതേ എന്നാണ് സജീന്ദ്രന്റെ അഭ്യർഥന. അല്ലെങ്കിൽ തന്നെ കേരളം ബംഗാളികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സി.പി.എം മസാല ദോശയോടൊപ്പം കിട്ടുന്ന വടയുടെ അവസ്ഥയിലാകും. വേണമെങ്കിൽ എടുത്ത് കഴിക്കാം. അല്ലെങ്കിൽ ഉപേക്ഷിക്കാം. ബി.ജെ.പിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കരുതെന്നത് സി.പി.ഐയിലെ ആർ. രാമചന്ദ്രൻ കോൺഗ്രസിനോട് നടത്തുന്ന വിനീതമായ അഭ്യർഥനയാണ്. റബ്ബറിനെതിരെ ആഞ്ഞടിച്ച് റബ്ബർ കർഷകരെ ഞെട്ടിച്ച പി.സി. ജോർജ് ഇപ്പോഴിതാ അരിക്കെതിരെയും തിരിഞ്ഞിരിക്കുന്നു. മലയാളികളെ മഹാ രോഗികളാക്കുന്നതിൽ പ്രധാന വില്ലൻ കേരളം തിന്നുന്ന മോശം അരിയാണെന്ന് ജോർജിന് ഉറപ്പ്. ഒന്നുകിൽ കേരളത്തിലേക്ക് ഷുഗർലസ് അരി വരുത്തണം. അതല്ലാതെ മനുഷ്യരെ നിത്യരോഗികളാക്കുന്ന അരി തീറ്റ വേണ്ടേ, വേണ്ട.
മുസ്‌ലിം ലീഗിലെ പി.കെ. ബഷീറിന്റെ പ്രസംഗം പതിവ് പോലെ ഇടപെടലുകൾ കൊണ്ട് ബഹളമയമായി. ചില അംഗങ്ങളുടെ വികസന ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയായിരുന്നു ബഷീറിന്റെ രോഷം. കൂട്ടത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കിട്ടേണ്ട ഫണ്ടും കുറച്ചിരിക്കുന്നുവെന്നാണ് ബഷീറിന്റെ വാദം. നല്ല കമ്യൂണിസ്റ്റുകാരനും സർവോപരി നല്ലൊരു മനുഷ്യനുമായ അങ്ങയോടിത് ചെയ്തതിൽ വലിയ പ്രതിഷേധമുണ്ട്. നോക്കൂ. ആ ജലീലിന്റെ മണ്ഡലത്തിൽ 32 കോടിയാണ് കൊടുത്തത്. അങ്ങയ്‌ക്കോ? വെള്ളം വേണോ? ബഷീർ പ്രസംഗം തുടരവേ സ്പീക്കറുടെ സ്‌നേഹ പ്രകടനം. ഏറനാടൻ ഭാഷയിൽ സംസാരിക്കുന്നതുകൊണ്ടാണ് ഈ അധിക സ്‌നേഹമെന്ന് ശ്രീരാമകൃഷ്ണൻ. 50 പേരടങ്ങുന്ന ശബരിമല യാത്രാ സംഘത്തിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മറ്റിയുണ്ടാക്കിയവരല്ലേ നിങ്ങൾ? ബഷീർ തുടരവേ സി.പി.എമ്മിലെ എ.എൻ. ഷംസീറും സംഘവും എഴുന്നേറ്റ് നിന്ന് പ്രതികരിക്കുന്നതു കണ്ടപ്പോൾ ബഷീറിന്റെ സംശയം - ഇതെന്താ നിങ്ങളുടെ സീറ്റിൽ മൂട്ട ശല്യമുണ്ടോ?
പ്രളയത്തിൽപെട്ട നടൻ സലിം കുമാറിന് ബോട്ടയച്ചു കൊടുത്ത് രക്ഷിച്ചത് സി.പി.എം നേതാവ് എസ്. ശർമ്മയായിരുന്നുവെന്ന് എല്ലാവരോടും പറയാൻ അദ്ദേഹം മുകേഷിനെ ഏൽപിച്ചിരുന്നുവത്രേ. അക്കാര്യം മുകേഷ് നിയമസഭയിൽ പറഞ്ഞു. അടിമുടി കോൺഗ്രസുകാരനായ സലീം കുമാറിനെപ്പോലും പ്രളയ കാലത്ത് സഹായിക്കാൻ കോൺഗ്രസുകാർക്ക് സാധിച്ചില്ല. എല്ലാറ്റിനും സി.പി.എം വേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയുമെല്ലാം അടിസ്ഥാനമില്ലാതെ പുകഴ്ത്തുന്ന സൈബർ സഖാക്കൾക്ക് അഭിവാദ്യമർപ്പിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ പ്രസംഗ തുടക്കം. വലിയ വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ ഇതൊക്കെ നടപ്പാക്കാനെങ്ങനെ കഴിയുമെന്ന് മന്ത്രി ഐസകിനും അറിയില്ലെന്നാണ് ഷാഫിയുടെ വാദം. ചർച്ചക്ക് മറുപടി പറഞ്ഞ മന്ത്രി ഐസക് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു -ഞങ്ങൾ ജയിക്കും നോക്കിക്കോ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കാണാം.