Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരിൽ മത്സരിക്കാൻ കെ. സുധാകരനു മേൽ സമ്മർദമേറുന്നു

കണ്ണൂർ- കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ കെ. സുധാകരനു മേൽ സമ്മർദമേറുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടായ കെ. സുധാകരനു കേരള രാഷ്ട്രീയത്തിലാണ് താൽപര്യമെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാൽ മത്സര രംഗത്തിറങ്ങാതിരിക്കാനാവില്ല. എന്നാൽ സുധാകരൻ ഇതുവരെ മനസ്സു തുറന്നിട്ടില്ല. 
ഇത്തവണ ദേശീയ തലത്തിൽ ഓരോ സീറ്റും നിർണായകമാണെന്നതിനാൽ  കേരളത്തിൽ നിന്നടക്കം പരമാവധി സീറ്റുകൾ നേടാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. അതിനാൽ വിജയ സാധ്യതയുള്ളവരും പൊതു സമ്മതരുമായ സ്ഥാനാർഥികളെയാണ് രംഗത്തിറക്കുക. കണ്ണൂരിനെ സംബന്ധിച്ച് നേരത്തെ പരാജയപ്പെട്ടുവെങ്കിലും സുധാകരൻ തന്നെയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇക്കാര്യം കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വ്യക്തമാക്കിയിരുന്നു. സുധാകരൻ മത്സരിക്കണമെന്നതാണ് കെ.പി.സി.സി പ്രസിഡന്റിന്റെയും അഭിപ്രായം. 
2014 ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പി.കെ. ശ്രീമതി ടീച്ചറോട് 6500 വോട്ടുകൾക്കാണ് സുധാകരൻ പരാജയപ്പെട്ടത്. ഇതിനു ശേഷം അഞ്ചു വർഷത്തോളമായി സുധാകരൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷൻ ഭരണം നഷ്ടമായതും അതിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തകയായിരുന്ന കണ്ണൂർ മണ്ഡലം നഷ്ടമായതും ഉദുമയിൽ പരാജയപ്പെട്ടതും സുധാകരനു തിരിച്ചടിയായി. 
പിന്നീട് മൂന്നു വർഷത്തോളം യാതൊരു സ്ഥാനമാനങ്ങളുമില്ലാതെ കേവലം കോൺഗ്രസ് അംഗമായി തുടർന്ന സുധാകരനു അടുത്തിടെയാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. പദവികളില്ലെങ്കിലും പൊതു പ്രശ്‌നങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും സുധാകരൻ സജീവമായി ഇടപെട്ടിരുന്നു. 
കോൺഗ്രസിനകത്തെ പടലപ്പിണക്കങ്ങളും മുസ്‌ലിം ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുധാകരനു അടി തെറ്റാൻ കാരണം. കോൺഗ്രസിലെ ഗ്രൂപ്പു പ്രശ്‌നങ്ങൾക്കു ഒരു പരിധിവരെ പരിഹാരം കാണാനായതും ലീഗുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതും സുധാകരനെ സംബന്ധിച്ച് വലിയ നേട്ടമാണ്. മാത്രമല്ല, കോൺഗ്രസിനനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതും സാധ്യത വർധിപ്പിക്കുന്നു. 
പാർലമെന്റിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് കഴിഞ്ഞ തവണ സ്ഥാനാർഥി പ്രഖ്യാപനം വരെ സുധാകരൻ പറഞ്ഞതും നിഷ്പക്ഷ വോട്ടുകൾ ഭിന്നിക്കാൻ കാരണമായി. മാത്രമല്ല, മലയോര മേഖലകളിലടക്കം വോട്ടുകളിൽ ചോർച്ച വരികയും ചെയ്തു. അവസാന നിമിഷം വരെ പ്രതീക്ഷ നിലനിർത്തിയാണ് സുധാകരൻ പരാജയപ്പെട്ടത്. 
ഇത്തവണ സുധാകരൻ തന്നെ രംഗത്തിറങ്ങണമെന്ന് ഗ്രൂപ്പുകൾക്കതീതമായി ആവശ്യമുയർന്നു കഴിഞ്ഞു. കണ്ണൂരിലെ സ്ഥാനാർഥി ആരാവണമെന്ന ദേശീയ നേതൃത്വത്തിന്റെ അഭിപ്രായ സർവേയിലും സുധാകരന്റെ പേരാണ് ഉയർന്നു വന്നത്. മാത്രമല്ല, സുധാകരൻ സ്ഥാനാർഥിയായാൽ അണികളെ ഉണർത്തി വിടാൻ കഴിയുമെന്നും നേതൃത്വം കണക്കു കൂട്ടുന്നു. എന്നാൽ സ്ഥാനാർഥിത്വം സംബന്ധിച്ച് പല വിധത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിക്കപ്പെട്ടിട്ടും ഈ വിഷയത്തിൽ മനസ്സു തുറക്കാൻ സുധാകരൻ സന്നദ്ധമായിട്ടില്ല. എന്നാൽ നേതൃത്വം ആവശ്യപ്പെട്ടാൽ സുധാകരൻ വഴങ്ങുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ എതിർ സ്ഥാനാർഥിക്കു വിയർക്കേണ്ടി വരും. 

 

Latest News