ജിദ്ദ- മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് സൗദി അറേബ്യയിൽ കൂടുതൽ ഷോറൂമുകൾ തുറക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സൗദി അറേബ്യ വ്യാപാരത്തിന് അനുയോജ്യമായ നാടാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിനു തീർഥാടകരാണ് ഇവിടെ വരുന്നത്. ഒരുപാട് സാധ്യതകൾ ഇവിടെയുണ്ട്. സ്വദേശികളെ കൂടുതൽ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ അവർക്കായി 21, 18 കാരറ്റ് സ്വർണാഭരണത്തിന്റെ പ്രത്യേക ഷോറൂം താമസിയാതെ തുറക്കാൻ പരിപാടിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യയിലെ പതിമൂന്നാമത്തേതും ജിദ്ദ ബലദിലെ രണ്ടാമത്തേതുമായ ഷോറൂം ഉദ്ഘാടന ശേഷം വാർത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മദീനയിലെ ഷോറൂമിന്റെ പ്രവർത്തനം ഇന്നലെ ആരംഭിച്ചതോടെ സൗദിയിലെ ഷോറൂമുകളുടെ എണ്ണം 14 ആയി. ഇതോടെ പത്തു രാജ്യങ്ങളിലായി ലോകത്താകെയുള്ള ഷോറൂമുകളുടെ എണ്ണം 250 ആയി.
സ്വദേശിവൽക്കരണം ഒട്ടേറെ ഗുണം ചെയ്തിട്ടുണ്ട്. പ്രാദേശികമായി ഒരുപാട് പേർക്ക് ജോലി ലഭിച്ചു. സ്വദേശികളെ തെരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി മലബാർ ഗ്രൂപ്പും ജോലി നൽകിവരികയാണ്. വികസന ഭാഗമായി പുതിയ ഷോറൂമുകൾ തുറക്കുന്നതോടെ കൂടുതൽ പേരെ നിയമിച്ച് ജോലി നൽകാൻ ലക്ഷ്യമിടുന്നതായും ചെയർമാൻ വ്യക്തമാക്കി.
ഏതു രാജ്യത്താണോ പ്രവർത്തിക്കുന്നത് ആ രാജ്യത്തിന്റെ നിയമം അംഗീകരിക്കുകയും നടപ്പാക്കുകയുമാണ് മലബാർ ഗ്രൂപ്പ് ചെയ്യുന്നത്. എല്ലാ രംഗത്തും സത്യസന്ധതയും നൂറ് ശതമാനം നീതിയും പുലർത്തുക. എങ്കിൽ എവിടെയും വിജയിക്കാനാകുമെന്ന് അഹമ്മദ് പറഞ്ഞു. വിഷൻ 2030 ന്റെ ഭാഗമായി നിയോം പദ്ധതിൽ മലബാർ ഗ്രൂപ്പ് ഭാഗഭാക്കാവുമെന്നും അദ്ദേഹം അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ മലബാർ ഗ്രൂപ്പ് കോ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, പാർട്ണർ വസീം മുഹമ്മദ് അൽ കഹ്താനി, ഇന്റർനാഷണൽ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൽ സലാം, റീജണൽ ഡയറക്ടർ ഗഫൂർ എടക്കുനി എന്നിവരും പങ്കെടുത്തു.
ബലദിലെ അതിവിശാലമായ ഷോറൂമിൽ 22, 21, 18 കാരറ്റ് സ്വർണാഭരണങ്ങൾക്കു പുറമെ ഡയമണ്ട് ആഭരണങ്ങളുടെ വൻ ശേഖരവുമുണ്ട്. ഉദ്ഘാടനത്തോടുനബന്ധിച്ച് 3000 റിയാലിന്റെ ഡയമണ്ട് പർച്ചേസിന് ഒരു ഗ്രാം ഗോൾഡ് കോയിൻ സമ്മാനമായി ലഭിക്കും. സീറോ ഡിഡക്ഷനിൽ ഗോൾഡ് എക്‌സ്‌ചേഞ്ചും നടത്താം. ഫെബ്രുവരി 23 വരെയാണ് ഈ ആനുകൂല്യം.