റിയാദ് - സൗദിയിൽ വിനോദ മേഖലയുടെ അഭിവൃദ്ധിയും പുത്തനുണർവും വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ട് ആഗോള പദ്ധതികളും പരിപാടികളും നടപ്പാക്കുന്നു. വിനോദ മേഖലയിലെ സ്ഥാപനങ്ങളുമായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് ലണ്ടനിൽ ഇതിനുള്ള കരാറുകളിൽ ഒപ്പുവെച്ചു. ആഗോള വിനോദ പരിപാടികൾ സൗദിയിൽ സംഘടിപ്പിക്കുന്നതിനാണ് ശ്രമം.
സൗദിയിൽ ആഗോള തിയേറ്റർ പ്രദർശനങ്ങൾ നടത്തുന്നതിന് ഫ്‌ളൈയിംഗ് മ്യൂസിക് കമ്പനിയുമായി തുർക്കി ആലുശൈഖ് കരാർ ഒപ്പുവെച്ചു. മായാജാല പ്രദർശനങ്ങൾ നടത്തുന്നതിന് പ്രശസ്ത ബ്രിട്ടീഷ് മജീഷ്യൻ ഡൈനാമൊ, ദി വർക്‌സ് കമ്പനി എന്നിവയുമായി ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഓപൺ എയറിൽ സിനിമാ പ്രദർശനങ്ങൾ നടത്തുന്നതിന് ലൂന സിനിമയുമായും മൊബൈൽ എജ്യുക്കേഷനൽ എക്‌സിബിഷനുകൾ നടത്തുന്നതിന് ഇൻവെൻഷൻസ് 1001 മായും കരാറുകളുണ്ടാക്കി.
വിശുദ്ധ റമദാനിൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ റമദാൻ വിനോദ തമ്പുകൾ സജ്ജീകരിക്കുന്നതിന് ഡിസൈൻ ലാബ് എക്‌സിപീരിയൻസുമായും ഉയർന്ന സാങ്കേതിക വിദ്യയോടെ രണ്ടു മൊബൈൽ തിയേറ്ററുകൾ സ്ഥാപിക്കുന്നതിന് ടീം പാർട്ണർ ത്രീയുമായും പശ്ചാത്തല സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ദുറത് റിയാദുമായും ദുറത് അൽഅറൂസുമായും കരാറുകൾ ഒപ്പുവെച്ചു. പൊതുജനങ്ങളെ ലക്ഷ്യമിട്ട് ഓപൺ ഇന്ററാക്ടീവ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിന് പോലീസ് അക്കാഡമിയുമായും സൈനികരുടെ പങ്കാളിത്തത്തോടെ ചലഞ്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നതിന് ഹിസ്റ്ററി ചാനലിന്റെ അൾട്ടിമേറ്റ് സോൾജിയർ ചലഞ്ചുമായും ഫെറാരി കാറുകളുടെ ഇന്ററാക്ടീവ് പ്രദർശനം നടത്തുന്നതിന് ഫെറാരി ഫെസ്റ്റിവലുമായും മൊബൈൽ അമ്യൂസ്‌മെന്റ് സിറ്റികൾ സ്ഥാപിക്കുന്നതിന് മെല്ലോഴ്‌സ് ഗ്രൂപ്പുമായും ലോകത്തെ ഏറ്റവും വലിയ വീഡിയോ ഗെയിം സെന്റർ സൗദിയിൽ സ്ഥാപിക്കുന്നതിന് ഇൻസോമാനിയയുമായും വീഡിയോ ഗെയിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന് ഡോട്ടാ 2 വുമായും സൗദിയിൽ മെഴുകു പ്രതിമാ മ്യൂസിയം സ്ഥാപിക്കുന്നതിന് മാഡം ടുസോഡ്‌സ് ഉടമകളായ മെർലിൻ എന്റർടൈൻമെന്റുമായും ദി കളർ റൺ മത്സരം സംഘടിപ്പിക്കുന്നതിന് ഐ.എം.ജി കമ്പനിയുമായും തുർക്കി ആലുശൈഖ് കരാറുകൾ ഒപ്പുവെച്ചു.