റിയാദ്- എഴുപതു ലക്ഷത്തോളം സൗദികൾക്ക് ബാങ്ക് അക്കൗണ്ടില്ലെന്ന് കിംഗ് ഖാലിദ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തി. 69 ലക്ഷം സൗദികൾക്കാണ് ബാങ്ക് അക്കൗണ്ടില്ലാത്തത്. 40 ലക്ഷം സൗദി വനിതകൾക്ക് ബാങ്ക് അക്കൗണ്ടുകളില്ല. സൗദി ജനസംഖ്യയിൽ 72 ശതമാനം പേർക്ക് ബാങ്ക് അക്കൗണ്ടുകളുണ്ട്.
അക്കൗണ്ടില്ലാത്തവരിൽ 60 ശതമാനം പേർ വനിതകളാണ്. വിശ്വാസപരമായ കാരണങ്ങളാൽ ഏഴു ശതമാനം പേർ ബാങ്കുകളുമായുള്ള ഇടപാടുകളിൽ നിന്ന് അകന്നു നിൽക്കുന്നു. 31 ശതമാനം സൗദികൾ വായ്പകളെടുത്തിട്ടുണ്ട്.
ഇതിൽ ഭൂരിഭാഗം പേരും ബാങ്കുകളിൽ നിന്നാണ് ലോണുകൾ എടുത്തത്. പര്യാപ്തമായ പണമില്ലാത്തതാണ് ബാങ്ക് അക്കൗണ്ടില്ലാത്തവരിൽ 66 ശതമാനവും ബാങ്ക് അക്കൗണ്ടു തുറക്കാതിരിക്കുന്നതിന് കാരണം. എട്ടു ശതമാനം പേർക്ക് ബാങ്ക് ഇടപാടുകളിൽ വിശ്വാസമില്ല. 19 ശതമാനം പേർ മറ്റു കാരണങ്ങളാലാണ് അക്കൗണ്ട് തുറക്കാത്തത്.
അക്കൗണ്ടുള്ള 97 ശതമാനം സൗദികളും വിദേശികളും ആറു മാസത്തിനിടെ തങ്ങളുടെ അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ട്.
മൂന്നു ശതമാനം പേർ ആറു മാസത്തിനിടെ അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടില്ലെന്നും പഠനത്തിൽ തെളിഞ്ഞു. 44 ശതമാനം സൗദികൾക്കു മാത്രമാണ് ബാങ്കുകളിൽ നിക്ഷേപം നടത്താൻ കഴിയുന്നത്. ഇക്കൂട്ടത്തിൽ 41 ശതമാനം പേർ വനിതകളാണ്.
30 ശതമാനം സൗദികൾ ബാങ്കുകൾക്ക് പുറത്ത് നിക്ഷേപങ്ങൾ നടത്തുന്നതിനാണ് മുൻഗണന നൽകുന്നത്.
എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ 65 ശതമാനം പേർക്ക് ബാങ്ക് അക്കൗണ്ടുകളുണ്ട്. ബാങ്ക് അക്കൗണ്ടുകളുള്ള സൗദി വനിതകളുടെ അനുപാതം ഉയർത്തുന്നതിന് വനിതകൾക്കുള്ള പ്രോത്സാഹനങ്ങൾ വർധിപ്പിക്കണമെന്ന് കിംഗ് ഖാലിദ് ഫൗണ്ടേഷൻ നടത്തിയ പഠനം ആവശ്യപ്പെടുന്നു.