Sorry, you need to enable JavaScript to visit this website.

ഹറമൈൻ റെയിൽവെയിൽ സൗദി യുവതികൾക്ക് ജോലി

ജിദ്ദ - മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് പൂർത്തിയാക്കിയ ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ നൂറിലേറെ സൗദി യുവതികൾക്ക് നിയമനം നൽകി. മക്ക, ജിദ്ദ, റാബിഗ്, മദീന റെയിൽവെ സ്റ്റേഷനുകളിൽ ടിക്കറ്റ് വിൽപന കേന്ദ്രങ്ങളിലും ഇൻഫർമേഷൻ സെന്ററുകളിലും ടിക്കറ്റ് ബുക്കിംഗ് സെന്ററുകളിലുമാണ് സൗദി യുവതികളെ നിയമിച്ചിരിക്കുന്നത്. ഹറമൈൻ ട്രെയിനുകളിൽ ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്ക് വലിയ ഡിമാന്റ് ആണുള്ളത്. ഇക്കോണമി ക്ലാസിൽ മക്കയിൽനിന്ന് മദീനയിലേക്ക് 150 റിയാലാണ് നിരക്ക്. ട്രെയിനുകളിൽ ഇക്കോണമി ക്ലാസ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. 
ഹജ്, ഉംറ തീർഥാടകരും സന്ദർശകരും സ്വദേശികളും വിദേശികളും അടക്കമുള്ളവർക്ക് മക്ക, മദീന, റാബിഗ്, ജിദ്ദ നഗരങ്ങൾക്കിടയിൽ കുറഞ്ഞ നിരക്കിൽ സുഖകരമായ ലക്ഷ്വറി യാത്രാ സൗകര്യം ഒരുക്കുന്നതിന് ലക്ഷ്യമിട്ട് ആയിരക്കണക്കിന് കോടി റിയാൽ ചെലവഴിച്ച് സൗദി അറേബ്യ പൂർത്തിയാക്കിയ ഹറമൈൻ ഹൈസ്പീഡ് റെയിൽവെ 2018 സെപ്റ്റംബർ 25 നാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഒക്‌ടോബർ 11 മുതൽ പൊതുജനങ്ങൾക്കുള്ള ട്രെയിൻ സർവീസുകൾക്ക് തുടക്കമായി. പ്രതിദിനം 1,60,000 ലേറെ പേർക്ക് വീതം പ്രതിവർഷം ആറു കോടി പേർക്ക് യാത്രാ സൗകര്യം നൽകുന്നതിനുള്ള ശേഷിയിലാണ് പദ്ധതി രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്നത്. 
450 കിലോമീറ്റർ നീളമുള്ള പാതയിൽ മണിക്കൂറിൽ 300 ലേറെ കിലോമീറ്റർ വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ടു ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രി കാറും അടങ്ങിയ ട്രെയിനുകളിൽ 417 സീറ്റുകൾ വീതമാണുള്ളത്. 
ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീർഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഹറമൈൻ ഹൈസ്പീഡ് റെയിൽവെ പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്. 
2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിൽ എത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം അര കോടിയായും ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. 

 

Latest News