ജിദ്ദ - കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നു. സൗത്ത് ടെർമിനലിൽ ഉംറ തീർഥാടകർ അടക്കമുള്ളവരുടെ കടുത്ത തിരക്കാണ്. യാത്രയുടെ ഏറെ സമയം മുമ്പ് തീർഥാടകർ ടെർമിനലിൽ എത്തുന്നതും തിരക്കിന് ഇടയാക്കുന്നുണ്ട്. ഇവർ എയർപോർട്ടിൽ കിട്ടുന്ന സ്ഥലങ്ങളിലെല്ലാം കുത്തിയിരിക്കുകയാണ്.
അതേസമയം, ഇതുപോലുള്ള തിരക്ക് ഉംറ സീസണുകളിൽ പതിവാണെന്നും അനിയന്ത്രിതമായ നിലയിലേക്ക് തിരക്ക് ഉയർന്നിട്ടില്ലെന്നും ജിദ്ദ എയർപോർട്ട് ഡയറക്ടർ ജനറൽ ഉസാം ഫുവാദ് നൂർ പറഞ്ഞു. സാധാരണയിൽ ഇക്കാലത്ത് ജിദ്ദ എയർപോർട്ടിൽ തിരക്ക് അനുഭവപ്പെടുന്നത് പതിവാണ്. ഉംറ തീർഥാടകരുടെ എണ്ണത്തിലുള്ള വർധനവും ജിദ്ദ വിമാനത്താവളത്തിൽ വിമാന സർവീസുകളുടെ എണ്ണം വർധിച്ചുവരുന്നതും തിരക്കിന് കാരണമാണ്. സാധ്യമായ എല്ലാ ശേഷികളും പ്രയോജനപ്പെടുത്തി യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനാണ് എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ ശ്രമിക്കുന്നത്.
ആഗമന, നിർഗമന ടെർമിനലുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ആവശ്യത്തിന് ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. അനുയോജ്യമായ സമയത്തിനകം യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. ടെർമിനലുകളിൽ തിരക്ക് അനുഭവപ്പെടാതെ നോക്കുന്നതിനും യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും എയർപോർട്ട് അഡ്മിനിസ്‌ട്രേഷനും വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന മറ്റു ബന്ധപ്പെട്ട വകുപ്പുകളും സഹകരിക്കുന്നുണ്ടെന്നും ഉസാം ഫുവാദ് നൂർ പറഞ്ഞു.
ശേഷിയുടെ മൂന്നിരട്ടി യാത്രക്കാർ ജിദ്ദ എയർപോർട്ട് വഴി നിലവിൽ കടന്നുപോകുന്നുണ്ട്. ജിദ്ദയിൽ പുതിയ എയർപോർട്ട് നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും ഏതാനും ആഭ്യന്തര സെക്ടറുകളിലേക്കുള്ള സർവീസുകൾ മാത്രമാണ് പുതിയ എയർപോർട്ടിൽനിന്ന് നടത്തുന്നത്. ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും സുസജ്ജത ഉറപ്പുവരുത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ എയർപോർട്ട് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. മാസങ്ങൾക്കുള്ളിൽ പുതിയ വിമാനത്താവളം പൂർണ തോതിൽ പ്രവർത്തിപ്പിച്ചു തുടങ്ങുമെന്നാണ് കരുതുന്നത്. നിലവിൽ പ്രതിദിനം ഒരു ലക്ഷത്തിലേറെ പേർ ജിദ്ദ എയർപോർട്ട് വഴി യാത്ര ചെയ്യുന്നുണ്ട്.