Sorry, you need to enable JavaScript to visit this website.

സൗദി ഉപഗ്രഹം ഭ്രമണപഥത്തിൽ

റിയാദ് - വാർത്താ വിനിമയ ആവശ്യങ്ങൾക്കുള്ള സൗദി സാറ്റലൈറ്റ് (എസ്.ജി.എസ്-1) ഭ്രമണപഥത്തിലെത്തിച്ചു. സൗദി സമയം ചൊവ്വാഴ്ച അർധരാത്രിയാണ് സൗദി സാറ്റലൈറ്റ് ഫ്രഞ്ച് ഗയാനയിലെ ഏരിയൻ സ്‌പേസ് സെന്ററിൽ നിന്ന് ഏരിയാൻ-5 റോക്കറ്റിൽ വിക്ഷേപിച്ചത്. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഗവേഷണ മേഖലക്ക് നൽകുന്ന വലിയ പിന്തുണയുടെ ഫലമാണ് പുതിയ നേട്ടമെന്ന് ഊർജ, വ്യവസായ മന്ത്രിയും കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. തന്ത്രപ്രധാന സാങ്കേതികവിദ്യകളുടെ സ്വദേശിവൽക്കരണവും സാറ്റലൈറ്റ് വികസന, നിർമാണ മേഖലയിലെ നവീന സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്നതിന് സൗദി യുവാക്കൾക്ക് അവസരമൊരുക്കുന്നതിനും ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതി സാക്ഷാൽക്കരിക്കുന്നതിന് ശ്രമിച്ചാണ് പുതിയ സാറ്റലൈറ്റ് വിക്ഷേപിച്ചതെന്നും മന്ത്രി പറഞ്ഞു. 
സൗദി അറേബ്യ വിക്ഷേപിക്കുന്ന പതിനാറാമത്തെ സാറ്റലൈറ്റാണിത്. വാർത്താ വിനിമയ ശേഷികളും ശക്തമായ ഇന്റർനെറ്റ് കണക്ടിവിറ്റിയും ഉയർന്ന ടി.വി സംപ്രേക്ഷണ സംവിധാനവും മധ്യപൗരസ്ത്യദേശത്തും ഉത്തരാഫ്രിക്കയിലും യൂറോപ്പിലും സുരക്ഷിതമായ വാർത്താ വിനിമയ സംവിധാനവും സാറ്റലൈറ്റ് ലഭ്യമാക്കും. സൗദി സാറ്റലൈറ്റിനൊപ്പം ഇന്ത്യൻ സാറ്റലൈറ്റും ഏരിയാൻ-5 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. വിക്ഷേപിച്ച് അര മണിക്കൂറിനു ശേഷം സൗദി സാറ്റലൈറ്റ് ഏരിയാൻ-5 റോക്കറ്റിൽ നിന്ന് വേർപ്പെട്ടു. 
അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിനുമായി സഹകരിച്ച് കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിലെ എൻജിനീയർമാരാണ് സാറ്റലൈറ്റ് വികസിപ്പിച്ചത്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ ലോക്ഹീഡ് മാർട്ടിൻ ആസ്ഥാനത്തു നടത്തിയ സന്ദർശനത്തിനിടെ സാറ്റലൈറ്റിന്റെ നിർമാണ ഘട്ടങ്ങൾ കിരീടാവകാശി വീക്ഷിച്ചിരുന്നു. ആറു ടൺ ഭാരമുള്ള സാറ്റലൈറ്റിന്റെ കാലാവധി ഇരുപതു വർഷമാണ്. 

 

Latest News