തിരുവനന്തപുരം- ഹയര്‍ സെക്കന്‍ഡറിയിലും നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും അധ്യാപകരാവാനുള്ള സംസ്ഥാനതല യോഗ്യതാനിര്‍ണയപരീക്ഷയായ 'സെറ്റി'ന് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) വിജ്ഞാപനമായി. പരീക്ഷാത്തീയതി പിന്നീട് പ്രഖ്യാപിക്കും. എല്‍.ബി.എസ്. സെന്ററാണ് പരീക്ഷ നടത്തുന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷ അയക്കേണ്ടത്. പരീക്ഷാഫീസും ഓണ്‍ലൈനായി അടയ്ക്കണം.
കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍നിന്ന് ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദത്തില്‍ 50%ല്‍ കുറയാത്ത രണ്ടാം ക്ലാസ് മാര്‍ക്കും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. അന്യ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളില്‍നിന്ന് യോഗ്യത നേടിയവര്‍ക്ക് കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയുടെ അംഗീകാരം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചിട്ടുള്ള മറ്റ് സര്‍വകലാശാലകളില്‍നിന്ന് യോഗ്യത നേടിയവര്‍ക്കും സെറ്റിന് അപേക്ഷിക്കാം. LTTC, DHT തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള്‍ ബി.എഡിന് തുല്യമായി പരിഗണിക്കും.
സെറ്റിന് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനുള്ള നിര്‍ദേശങ്ങളും പ്രോസ്‌പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ അച്ചടിപ്പകര്‍പ്പ് തിരുവനന്തപുരം എല്‍.ബി.എസ്. സെന്ററില്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കണം. ഫെബ്രുവരി 20 ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി അപേക്ഷകള്‍ ലഭിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15ന് വൈകീട്ട് 5 മണിക്ക് മുന്‍പായി പൂര്‍ത്തിയാക്കണം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.