തിരുവനന്തപുരം- സെനഗലില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരി തന്നെ ടെലിഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന കാര്യം പി.സി. ജോര്‍ജ് എം.എല്‍.എ സ്ഥിരീകരിച്ചു. രവി പൂജാരിയെ ഭയമില്ലെന്നും ഇപ്പോള്‍ വന്നാലും നേരിടുമെന്നും പി.സി. ജോര്‍ജ പറഞ്ഞു.
ഇന്റലിജന്‍സ് ബ്യൂറോ ശേഖരിച്ച പൂജാരിയുടെ കോള്‍ രേഖകളില്‍ ജോര്‍ജിന്റെയും നമ്പരുണ്ട്. ഭീഷണിപ്പെടുത്തിയതടക്കം ആറു തവണ രവി പൂജാരി ജോര്‍ജിനെ വിളിച്ചിരുന്നു. ജനുവരി 11, 12 തീയതികളിലാണ് ഫോണ്‍വിളികള്‍ എത്തിയത്.
സെനഗലില്‍നിന്നാണ് ഇന്റര്‍നെറ്റ് ഫോണ്‍ എത്തിയതെന്നും കണ്ടെത്തി. ബിഷപ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു തനിക്ക് രവി പൂജാരിയുടെ ഭീഷണി വന്നതായി പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസരൂപത്തിലാണു സ്വീകരിക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് രവി പൂജാരിയുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.
ആറു തവണ വിളിച്ചതായി പൊലീസ് പറഞ്ഞു. ഏതോ ഗുണ്ട വിളിച്ചതെന്നാണു കരുതിയത്. താന്‍ പരാതിപ്പെട്ടിട്ടില്ല. പൊലീസ് തന്റെ അടുത്തെത്തി വിവരങ്ങള്‍ ശേഖരിച്ചതായി ജോര്‍ജ് പറഞ്ഞു.
എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. നീ പോടാ റാസ്‌കല്‍ നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്’ എന്ന് അറിയാവുന്ന ഭാഷയില്‍ താന്‍ പറഞ്ഞതായി ജോര്‍ജ് വെളിപ്പെടുത്തി.