ദുബായ്- സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബായ് ഭരണകൂടം ഈ വര്‍ഷം റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയില്‍ ഉപാധികളോടെ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച (ഫെബ്രുവരി 6) മുതല്‍ ഇതു നിലവില്‍ വന്നു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കു മാത്രമെ ഈ ഇളവുകള്‍ ലഭിക്കൂ. ഇതു പ്രകാരം ഡ്രൈവര്‍മാര്‍ക്ക് നിയമലംഘനത്തിന്റെ തോതനുസരിച്ച് ഇതുവരെ ലഭിച്ച പിഴയുടെ 25 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇളവ് നല്‍കുക. ഈ വര്‍ഷം മുഴുവന്‍ നിയമ ലംഘനം നടത്താതെ വാഹനമോടിച്ചാല്‍ ഇതു വരെ ലഭിച്ച നിശ്ചിത നിരക്കിലുള്ള പിഴ ഡ്രൈവര്‍മാര്‍ മുഴുവനായും അടക്കേണ്ടതില്ലെന്ന് ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറി പറഞ്ഞു. 2019 ഫെബ്രുവരി മുതല്‍ ഒരു വര്‍ഷത്തേക്ക് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാതെ പൂര്‍ണമായും നിയമപരമായി വാഹനമോടിച്ചിരിക്കണം എന്ന ഉപാധി ഉണ്ട്. വാഹനം ദുബായില്‍ രജിസ്റ്റര്‍ ചെയ്തവയും ആയിരിക്കണമെന്നും ദുബായ് പോലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ അറിയിച്ചു.
القائد العام: مبادرة #السائق_المثالي لتسوية المخالفات المرورية في #عام_التسامح هي مبادرة للمجتمع ولتحويل التسامح لأسلوب حياة.#شرطة_دبي#أمنكم_سعادتنا pic.twitter.com/cYui81bYZQ
— Dubai Policeشرطة دبي (@DubaiPoliceHQ) February 6, 2019
പിഴയിലെ ഇളവുകള്‍ ഇങ്ങനെ:
മൂന്ന് മാസം നിയമ ലംഘനങ്ങള്‍ ഇല്ലെങ്കില്‍ 25%
ആറു മാസം നിയമ ലംഘനങ്ങള്‍ ഇല്ലെങ്കില്‍ 50%
ഒമ്പത് മാസം നിയമ ലംഘനങ്ങള്‍ ഇല്ലെങ്കില്‍ 75%
ഒരു വര്‍ഷം നിയമ ലംഘനങ്ങള്‍ ഇല്ലെങ്കില്‍ 100%
ഉദാഹരത്തിന്, ഒരു ഡ്രൈവര്‍ പലപ്പോഴായി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഇതുവരെ ലഭിച്ച പിഴ 10,000 ദിര്‍ഹം ആയി കുമിഞ്ഞുകൂടിയിരിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. ഈ ഡ്രൈവര്‍ അടുത്ത മൂന്ന് മാസത്തേക്ക് നിയമലംഘനങ്ങള്‍ നടത്തുന്നില്ലെങ്കില്‍ 7500 ദിര്‍ഹം പിഴ അടച്ചാല്‍ മതിയാകും. ആറു മാസം നിയമ ലംഘനങ്ങള്‍ ഇല്ലെങ്കില്‍ 5000 ദിര്‍ഹവും. ഒരു വര്‍ഷം മുഴവന്‍ ലംഘനങ്ങളില്ലാതെ വാഹനമോടിച്ചാല്‍ പിഴ തുക പൂര്‍ണമായും എഴുതിത്തള്ളും.
ഈ ഓഫര്‍ എല്ലാവര്‍ക്കുമില്ല!
ഈ ഇളവുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്കും മാത്രമെ ലഭിക്കൂവെന്ന് അല്‍ സഫീന്‍ വ്യക്തമാക്കി. കമ്പനികളുടെ വാഹനങ്ങള്‍, ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കുന്നവ, പൊതു, സ്വാകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുടെ വാടക വാഹനങ്ങള്‍ എന്നിവയ്ക്ക് ഈ പിഴ ഇളവ് ബാധകമല്ല. ഇളവ് അര്‍ഹരായ വ്യക്തികള്‍ ട്രാഫിക് നിയമ ലംഘനത്തിനു ശേഷം മൂന്ന് മാസം തുടര്‍ച്ചയായി ദുബായിക്കു പുറത്തായിരുന്നാലും ഇളവിനുള്ള അര്‍ഹത നഷ്ടപ്പെടും.
ഇളവ് കണക്കാക്കുന്നത് ഇങ്ങനെ
ഓരോ മൂന്നു മാസത്തിലും നിയമ ലംഘനങ്ങളുണ്ടോ എന്നു പരിശോധിച്ച് ഓരോ ഡ്രൈവര്‍മാരുടേയും പിഴ തുകയില്‍ 25% വീതം ഇളവു നല്‍കും. ഈ കാലയളവിനുള്ളില്‍ നിയമലംഘനം വീണ്ടും ഉണ്ടായാല്‍ ഈ ഇളവ് ലഭിക്കില്ല. പിന്നീട് ഏറ്റവുമൊടുവിലെ നിയമ ലംഘനം തൊട്ടാണ് ഇളവിലുള്ള കാലവധി പരിഗണിക്കുക.
2019 സഹിഷണുതാ വര്‍ഷമായി യുഎഇ ആചരിക്കുന്നതിന്റെ ഭാഗമായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.