Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ബിനാമി ബിസിനസ് തടയാൻ പുതിയ പദ്ധതി വരുന്നു

റിയാദ് - ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പദ്ധതി അടുത്ത ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി വെളിപ്പെടുത്തി. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് പുതുതായി ഒമ്പതു സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
എട്ടു സർക്കാർ വകുപ്പുകൾ ബിനാമി വിരുദ്ധ ദേശീയ പദ്ധതി നടപ്പാക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി സഹകരിക്കും. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും വാണിജ്യ, നിക്ഷേപ മന്ത്രാലയവും ആരംഭിക്കുന്ന പുതിയ പദ്ധതികൾ ഉപയോക്താക്കളിൽ എത്തിക്കുന്നതിൽ വീഴ്ചകളുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണും. പുതിയ പദ്ധതികൾ ഉപയോക്താക്കളിൽ എത്തിക്കുന്നതിന് മാർക്കറ്റിംഗ് ആവശ്യമാണ്. 
ഏതു ബിസിനസ് പദ്ധതികൾക്കും മുന്നിൽ വെല്ലുവിളികളും പ്രതിബന്ധങ്ങളുമുണ്ടാകും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി വായ്പകളുടെ ലഭ്യതക്കുറവാണ്. പുതിയ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കും. സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സിവിൽ ഡിഫൻസിൽനിന്നും നഗരസഭകളിൽനിന്നുമുള്ള നടപടികൾ വേഗത്തിലാക്കുകയും എളുപ്പമാക്കുകയും ചെയ്യുമെന്ന് വാണിജ്യ,  നിക്ഷേപ മന്ത്രി പറഞ്ഞു. 
മലയാളികൾ അടക്കം നിരവധി വിദേശികളെയും ഇവർക്ക് കൂട്ടുനിന്ന സൗദി പൗരന്മാരെയും സമീപകാലത്ത് ബിനാമി ബിസിനസ് കേസുകളിൽ കോടതികൾ ശിക്ഷിച്ചിട്ടുണ്ട്. സൗദിയിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി, വാണിജ്യ വഞ്ചനയും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മയും വർധിക്കുന്നതിന് പ്രധാന കാരണമായ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ശക്തമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘനങ്ങളെ കുറിച്ച് പരാതികൾ നൽകുന്നതിന് മന്ത്രാലയം ആപ്പും പുറത്തിറക്കിയിട്ടുണ്ട്.

Latest News