പാസ്പോർട്ട് നശിപ്പിക്കാൻ നോക്കിയെന്ന് പരാതി
കാസർകോട്- കൈക്കുഞ്ഞുങ്ങളുമായി യാത്രയ്ക്കെത്തിയ യുവതിക്ക് മംഗളൂരു വിമാനത്താവളത്തിൽ ദുരനുഭവം. യുവതിയുടെ പാസ്പോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കീറി യാത്ര തടസ്സപ്പെടുത്താൻ നോക്കിയെന്നാണ് പരാതി.
മംഗളൂരുവിൽ ഇത്തരം പരാതി തുടർക്കഥയാവുകയാണെന്ന് യാത്രക്കാർ പറയുന്നു. ഫെബ്രുവരി രണ്ടിന് കാസർകോട് കീഴൂർ സ്വദേശി ഹാഷിമിന്റെ ഭാര്യക്കാണ് ഏറ്റവും ഒടുവിൽ ദുരനുഭവമുണ്ടായത് തന്ത്രപരമായി ട്രോളി എടുത്തു വരാൻ പറഞ്ഞ് യുവതിയെ അവിടെ നിന്ന് ഒഴിവാക്കുകയും തിരിച്ചു വന്നപ്പോൾ യുവതിയുടെയും രണ്ടു മക്കളുടെയും പാസ്പോർട്ട് തിരിച്ചുനൽകുകയും ചെയ്തു. അവിടെനിന്ന് ബോർഡിംഗ് പാസ് എടുക്കാനായി പാസ്പോർട്ട് നൽകിയപ്പോഴാണ് പാസ്പോർട്ട് രണ്ട് കഷ്ണങ്ങളായി കീറിക്കളഞ്ഞ കാര്യം മനസ്സിലാക്കുന്നത്. ഈ പാസ്പോർട്ട് കൊണ്ട് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതർ നിർബന്ധം പിടിച്ചു. പാസ്പോർട്ട് ഇവിടെ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞിട്ടും അധികൃതർ ചെവിക്കൊണ്ടില്ല. രണ്ട് കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന ഭാര്യയോട് വളരെ ക്രൂരമായാണ് എയർപോർട്ട് അധികൃതർ പെരുമാറിയതെന്ന് ഹാഷിം പറഞ്ഞു.
ഒരു നിലക്കും ഈ പാസ്പോർട്ട് കൊണ്ട് യാത്ര ചെയ്യാനാവില്ല എന്ന് അധികൃതർ ശാഠ്യം പിടിച്ചു. ഒരു സ്ത്രീയെന്ന പരിഗണന പോയിട്ട് രണ്ട് കൈക്കുഞ്ഞുങ്ങൾ ഉണ്ട് എന്ന മനുഷ്യത്വപരമായ പരിഗണന പോലും എയർപോർട്ട് അധികൃതർ നൽകിയില്ലെന്നും ഹാഷിം ആരോപിക്കുന്നു. ഒടുവിൽ ഉന്നത എയർപോർട്ട് ഉദ്യോഗസ്ഥരെ കാണുകയും കേണപേക്ഷിച്ചു കാര്യങ്ങൾ പറയുകയും ചെയ്തപ്പോൾ ദുബായ് എയർപോർട്ടിൽ നിന്ന് മടക്കി അയച്ചാൽ തങ്ങൾ ഉത്തരവാദികളല്ല എന്ന് ഒരു പേപ്പറിൽ എഴുതി ഒപ്പിട്ടു തന്നാൽ മാത്രം യാത്ര തുടരാൻ സമ്മതിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് യാത്ര ചെയ്യുകയും ദുബായ് എയർപോർട്ട് അധികൃതർ വളരെ മാന്യമായ രീതിയിൽ പെരുമാറുകയും അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്പോർട്ട് മാറ്റണമെന്നുള്ള ഉപദേശം നൽകുകയും ചെയ്തതായി ഹാഷിം പറഞ്ഞു. മംഗളൂരു എയർപോർട്ട് അധികൃതരുടെ ഇത്തരം ക്രൂരവിനോദങ്ങൾ ഇതാദ്യമല്ലെന്നും സമാന അനുഭവം മുമ്പും പലർക്കും ഉണ്ടായിട്ടുണ്ടെന്നും ഹാഷിം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എയർപോർട്ട് അതോറിറ്റിക്കും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഹാഷിം അറിയിച്ചു. മംഗളൂരു എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീ യാത്രക്കാർ എയർപോർട്ടിലെത്തി പാസ്പോർട്ട് പരിശോധിക്കാൻ നൽകി തിരിച്ചു തരുന്ന സമയത്ത് വിസ പേജ് ഉൾപ്പെടെ പാസ്പോർട്ട് നല്ല രീതിയിൽ ആണെന്ന് ഉറപ്പു വരുത്തണം. കൂടെ പുരുഷന്മാർ ഇല്ല എന്ന് കണ്ടാണ് അധികൃതർ കൂടുതലും ക്രൂരത കാണിക്കുന്നത്. ഇങ്ങനെയുള്ള അനുഭവം ഇനി ഒരാൾക്കും വരാതിരിക്കട്ടെയെന്നും ഹാഷിം കൂട്ടിച്ചേർത്തു.