കോട്ടയം - ശബരിമല വിഷയം വീണ്ടും ചർച്ചയാകുന്നതോടെ പത്തനംതിട്ടയിലെ ലോക്‌സഭാ മണ്ഡലത്തിൽ മാറ്റുരയ്ക്കാനും പ്രമുഖരും. ശബരിമലയെ കൂടാതെ കേരളത്തിലെ ക്രൈസ്തവ സഭകളിൽ പ്രമുഖമായ കാഞ്ഞിരപ്പള്ളി രൂപതയുടെ ആസ്ഥാനവും പത്തനംതിട്ട മണ്ഡലത്തിലാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിലായുളള ഈ മണ്ഡലത്തിലാണ് പി.സി. ജോർജ് പ്രതിനിധാനം ചെയ്യുന്ന പൂഞ്ഞാറും. അതുകൊണ്ടു തന്നെ കോട്ടയം ജില്ലയിലെ രാഷ്ടീയ നേതാക്കൾ ആകാംക്ഷയോടെയാണ് ഈ മണ്ഡലത്തിലെ നീക്കങ്ങളെ വീക്ഷിക്കുന്നത്. സിറ്റിംഗ് എം.പി ആന്റോ ആന്റണി, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, കാഞ്ഞിരപ്പള്ളി മുൻ എം.എൽ.എ കെ.ജെ. തോമസ്, കെ.കെ. സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഈ ഘട്ടത്തിൽ പ്രചരിക്കുന്നത്
പത്തനംതിട്ട ഇപ്പോൾ യു.ഡി.എഫിന്റെ കൈപ്പിടിയിലാണെങ്കിലും ശബരിമല വിഷയത്തോടെ ഒന്നു പയറ്റാനാണ് പരിപാടി. എൻ.എസ്.എസിന്റെ ശക്തികേന്ദ്രം എന്ന നിലയിൽ യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാർഥികളെ തീരുമാനിക്കുന്നത് നീട്ടിയിരിക്കുകയാണ്. ശബരിമല സംഭവ വികാസങ്ങൾ കത്തിപ്പടർന്നാൽ
ബി.ജെ.പി ദേശീയ നേതാക്കളെ തന്നെ ഇറക്കിയേക്കും. നിർമല സീതാരാമൻ മുതൽ രാഹുൽ ഈശ്വർ വരെ സ്ഥാനാർഥി പട്ടികയിൽ ഇടംതേടുന്നവരാണ്. ബി.ജെ.പി നടത്തിയ രഹസ്യ സർവേയിൽ ഭൂരിപക്ഷവും സുരേന്ദ്രന്റെ പേരാണ് നൽകിയതെന്നാണ് അറിയുന്നത്.
എന്നാൽ പത്തനംതിട്ടയിൽ ബി.ജെ.പി പരിഗണിക്കുമ്പോൾ എൻ.എസ്.എസ് താൽപര്യവും കണക്കിലെടുക്കും. അങ്ങനെയെങ്കിൽ ബി. രാധാകൃഷ്ണ മേനോൻ മുൻനിരയിലാണ്. കെട്ടിയിറക്കുന്ന സ്ഥാനാർഥികൾ വേണ്ടെന്ന നിലപാടാണ് പൊതുവെ എൻ.എസ്.എസിനുളളത്. ശബരിമല കേസിൽ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹരജി ആദ്യം നൽകിയ ഏക ബി.ജെ.പി നേതാവ് കൂടിയാണ് മേനോൻ. എൻ.എസ്.എസുമായുള്ള മേനോന്റെ അടുപ്പമാണ് പത്തനംതിട്ട കേന്ദ്രീകരിച്ച് അദ്ദേഹം പ്രവർത്തനങ്ങൾ നടത്തുന്നതിന് പിന്നിലെ മറ്റൊരു കാരണം. കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഓഡിറ്റർ കം ഡയറക്ടറായ മേനോൻ കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് പത്തനംതിട്ട മണ്ഡലത്തിൽ വാരിക്കോരി നൽകിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യൂ അറയ്ക്കലിന്റെ പദ്ധതികൾ മുതൽ ആദിവാസി അരയ സംഘടനകൾക്ക് വരെ ഷിപ്പ്‌യാർഡ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചുളള പദ്ധതികൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി പത്തു കോടിയോളം രൂപ മണ്ഡലത്തിൽ ചെലവഴിച്ചിട്ടുണ്ട്. മുണ്ടക്കയത്തെ പുഞ്ചവയൽ ആദിവാസി വിഭാഗങ്ങളുടെ ഗിരിജൻ മഹിളാ സമാജത്തിനായി കൊടുത്തത് 36 ലക്ഷം രൂപയാണ്. പിന്നോക്ക വനിതകളുടെ ഉന്നമനത്തിനായി തൊഴിൽ സംരംഭം തുടങ്ങാനുള്ള കെട്ടിട നിർമാണത്തിനാണ് ഈ തുക അനുവദിച്ചത്. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കൊടുത്തത് 90 ലക്ഷം രൂപയാണ്. വി- കെയർ എന്ന പദ്ധതിക്കാണ് ഈ തുക. എന്നാൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ സർവേയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ബി.ജെ.പി ഇവിടെ പരിഗണിക്കുന്ന സ്ഥാനാർഥികളിൽ കുമ്മനം രാജശേഖരനും ഉൾപ്പെടുന്നു.
സിറ്റിംഗ് മണ്ഡലമായ പത്തനംതിട്ടയിൽ ആന്റോ ആന്റണിയെ തന്നെയായിരിക്കും കോൺഗ്രസ് പരിഗണിക്കുക എന്ന് വ്യക്തം. പുതുമുഖത്തെ മത്സരിപ്പിച്ച് പരീക്ഷിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് താൽപര്യം ഉണ്ടാകില്ലെന്ന് ഉറപ്പ്. യൂത്ത് കോൺഗ്രസിലെ നേതാക്കളുടെ പേരുകളും സ്ഥാനാർഥി പട്ടിയിലുണ്ടെങ്കിലും അത് അംഗീകരിക്കാൻ സാധ്യതയില്ല. കോൺഗ്രസ് ദേശീയ നേതൃത്വവുമായി സിറ്റിംഗ് എം.പി ആന്റോ ആന്റണി നല്ല ധാരണയിലാണ്. ശബരിമല വിഷയത്തിലാകട്ടെ സുപ്രീം കോടതി വിധി മറികടക്കാൻ നിയമ നിർമാണം വേണമെന്ന അഭിപ്രായമാണ് ആന്റോക്കുളളത്. ഇതോടെ ഹിന്ദു വിശ്വാസികളുടെ വോട്ട് ഉറപ്പിക്കാനായി എന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. കൂടാതെ പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകൾ കൂടിയാകുമ്പോൾ നിഷ്പ്രയാസം ജയിക്കാമെന്നാണ് നിഗമനം.
സി.പി.എം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നതിൽ അത്ര ജാഗ്രത പുലർത്താത്ത മണ്ഡലമാണ് പത്തനംതിട്ട എന്ന് പൊതുവിമർശനം ഉണ്ട്. കോൺഗ്രസ് വിട്ടുവന്ന ഫിലോപ്പോസ് തോമസിനെ പിന്തുണച്ചെങ്കിലും നേട്ടമുണ്ടായില്ല. കാഞ്ഞിരപ്പള്ളി മുൻ എം.എൽ.എ കെ.ജെ. തോമസിന്റെ പേരും ഇക്കുറി പരിഗണനയിലുണ്ട്. സി.പി.എം നേതൃത്വത്തിന്റെ കണ്ണിലെ കരടായ പത്മകുമാറിനെ ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കി ഇവിടെ മത്സരിപ്പിക്കുമെന്നും പറയപ്പെടുന്നു. പത്മകുമാറിനെ ഇതുവഴി ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കാൻ കഴിയും.