മലപ്പുറം-പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇടതുസ്ഥാനാർഥിയായി നിയാസ് പുളിക്കലകത്ത് പരിഗണനയിൽ. നിലവിൽ സിഡ്‌കോ ചെയർമാനായ നിയാസിനെ മൽസരിപ്പിക്കുന്നത് വിജയസാധ്യത വർധിപ്പിക്കുമെന്ന അഭിപ്രായം ഇടതുമുന്നണിയിൽ ശക്തിമായുണ്ട്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും മലപ്പുറം ജില്ലാ കമ്മിറ്റികൾക്കും നിയാസിനെ മൽസരിപ്പിക്കുന്നതിൽ താൽപര്യമുണ്ട്. പൊന്നാനിയിൽ ഇത്തവണയും ജനസമ്മിതിയുള്ള സ്വതന്ത്രനെ മൽസരിപ്പിക്കുന്നതിനെ കുറിച്ചാണ് മുന്നണി നേതൃത്വം ആലോചിക്കുന്നത്. പാർട്ടി നേതാക്കൾ മൽസരിച്ചാൽ പൊന്നാനിയിൽ ജയസാധ്യത കുറവാണെന്നാണ് മുൻകാല തെരഞ്ഞെടുപ്പനുഭവങ്ങൾ. രാഷ്ട്രീയ വോട്ടുകൾക്ക് പുറമെ നിഷ്പക്ഷ വോട്ടുകളും സമുദായ വോട്ടുകളും നേടാൻ കഴിയുന്ന സ്വതന്ത്രസ്ഥാനാർഥിയെ മൽസരിപ്പിക്കുന്നതിന് ഇടതു നേതൃത്വം തയ്യാറായേക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ മൽസരിച്ച നിയാസ് പുളക്കലകത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മുൻകാലങ്ങളിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ പതിനായിരങ്ങളുടെ ഭൂരിപക്ഷം നേടി വന്നിരുന്ന തിരൂരങ്ങാടിയിൽ പി.കെ.അബ്ദുറബ്ബിന്റെ ഭൂരിപക്ഷം ആറായിരമായി കുറക്കാൻ നിയാസിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മൽസരം നടന്ന മണ്ഡലങ്ങളിലൊന്നായി അപ്രതീക്ഷിതമായി തിരൂരങ്ങാടി മാറി. മുൻമന്ത്രിയായ പി.കെ.അബ്ദുറബ്ബ് തോൽക്കുമെന്നു വരെ പ്രചാരണങ്ങളുണ്ടായിരുന്നു. നിയാസിന്റെ വ്യക്തപ്രഭാവവും മണ്ഡലത്തിലെ ബന്ധങ്ങളും ജനകീയതയുമാണ് ഇടതുമുന്നണിക്ക് മികച്ച വോട്ടുനില നേടികൊടുത്തത്. പി.കെ.അബ്ദുറബ്ബിന് 62927 വോട്ടുകൾ ലഭിച്ചപ്പോൾ നിയാസ് 56884 വോട്ടുകൾ ലഭിച്ചു. തിരൂരങ്ങാടിയുടെ ചരിത്രത്തിൽ ഇടതുമുന്നണിക്ക് ഏറ്റവുമധികം വോട്ടുകൾ ലഭിച്ചതും നിയാസ് മൽസരിച്ചപ്പോഴാണ്. ഈ തെരഞ്ഞെടുപ്പിന് ശേഷമാണ് സിഡ്‌കോ ചെയർമാൻ സ്ഥാനം ഇടതുസർക്കാർ നിയാസിന് നൽകിയത്. സി.പി.ഐ.ക്ക് അവകാശപ്പെട്ട ഈ പദവിയിൽ നിയാസിന്റെ പേര് സി.പി.ഐ നേതൃത്വം തന്നെയാണ് നിർദേശിച്ചത്.
തിരൂരങ്ങാടി നിയമസഭാ മണ്ഡലം ഉൾപ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലത്ത് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ നേടിയ ജനപ്രീതി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ഇടതുനേതൃത്വം കരുതുന്നത്. തിരൂരങ്ങാടിയോട് ചേർന്ന് കിടക്കുന്ന താനൂർ നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അട്ടമറി വിജയം നേടിയിരുന്നു. ഇത്തരത്തിലുള്ള അനുകൂല സാഹചര്യങ്ങളാണ് ഇത്തവണ നിയാസിനെ പോലൊയൊരു സ്വതന്ത്രനെ വീണ്ടും മൽസരിപ്പിക്കുന്നതിനെ കുറിച്ച് അലോചിക്കാൻ ഇടതുപക്ഷത്തെ പ്രേരിപ്പിക്കുന്നത്.
അതേസമയം, നിയാസിനെ സ്ഥാനാർഥിയാക്കിയാൽ തിരൂരങ്ങാടിയിലേത് പോലെ പൊന്നാനിയിലും ഇടതുപക്ഷത്തിന് ചില വിമർശനങ്ങൾ നേരിടേണ്ടി വരും. വ്യവസായിയായ നിയാസിന് സീറ്റ് നൽകിയത് പണം വാങ്ങിയാണെന്ന ആരോപണം തിരൂരങ്ങാടിയിൽ ശക്തമായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ ഇടതുപക്ഷം ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്ന വ്യവസായിയാണ് നിയാസ്. ഇടതമുന്നണി പെയ്‌മെന്റ് സീറ്റായാണ് പൊന്നാനി മണ്ഡലം നിയാസിന് നൽകിയതെന്ന ആരോപണം ഇത്തവണയും ഉയർന്നേക്കും. എന്നാൽ വിജയസാധ്യതയുള്ള സ്ഥാനാർഥിയെന്ന നിലയിൽ നിയാസിനെ മൽസരിപ്പിക്കുന്നതിന് ഇടതുപക്ഷത്തിന് അത്തരം വിമർശനങ്ങൾ തടസ്സമാകില്ലെന്നാണ് സൂചന.