Sorry, you need to enable JavaScript to visit this website.

പത്രാസില്ലാത്ത  പത്രക്കാരുടെ പെൻഷനും ശൂന്യമായ ഉദ്യോഗസ്ഥ ഗാലറിയും

ദൈനംദിന  പ്രാദേശിക തുടിപ്പുകൾ ശ്രദ്ധയോടെ എഴുതി കേരളം നിർമ്മിച്ചെടുക്കുന്നവരാണ് മാധ്യമങ്ങളുടെ പ്രാദേശിക ലേഖകർ. അതെ, ഒരു കാലത്തെ, ഒ.ലേ. പിന്നീടെപ്പോഴോ സ്വ.ലേ. അക്രഡിറ്റേഷനും മറ്റ് പത്രാസുമില്ലാത്തവരെങ്കിലും നാട്ടിലെ പ്രമാണികൾ.  ആ വിഭാഗത്തിന്  ഇതാദ്യമായി അംഗീകാരം ലഭിക്കാൻ പോകുന്നു. ബജറ്റിന്റെ പൊതു ചർച്ചക്ക് മറുപടി പറയവെ ധനകാര്യമന്ത്രി ഡോ.ടി.എം  തോമസ് ഐസക് അവർക്കായി ക്ഷേമ പെൻഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു.  പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണമെന്ന് ബജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ടത് സി.പി.എമ്മിലെ രാജു അബ്രഹാമാണ്. ബജറ്റ് പൂർണമായി തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയല്ലാതായതിന്റെ ക്ഷീണം മന്ത്രി ഐസക് മറുപടി പ്രസംഗത്തിൽ തിരുത്തി.
 ഇടുക്കിക്ക് പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയൊക്കെ കേട്ടപ്പോൾ കേരള കോൺഗ്രസിലെ ജോസഫ് വിഭാഗത്തെ വരൂ..വരൂ എന്ന് മാടി വിളിക്കുന്ന പ്രതീതി. ബജറ്റ് പ്രസംഗം കേട്ട് കൈയ്യടിക്കാൻ വല്ലാതെ അവസരം കിട്ടാതിരുന്ന ഭരണ ബെഞ്ചുകൾക്ക് ആഹ്ലാദിക്കാൻ ഒരുപാടവസരങ്ങൾ നൽകുന്നതായി മന്ത്രിയുടെ മറുപടി.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രളയസെസ് ഉടനില്ലെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുതന്നെ.  സെസ് ഏപ്രിൽ മുതൽ നടപ്പാക്കില്ല. വിജ്ഞാപനം നിലവിൽ വരുന്ന ദിവസം മുതൽക്കെ പ്രളയസെസ് പ്രാബല്യത്തിൽ വരികയുള്ളൂ. ഇടുക്കിക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജാണ്  അനുവദിച്ചത്.  മൂന്നുവർഷം കൊണ്ട് പദ്ധതി നടപ്പാക്കും. എസ്‌സി പ്രമോട്ടർമാരുടെ വേതനം 10000 രൂപയായും എസ്ടി പ്രമോട്ടർമാരുടെ വേതനം 12500 രൂപയുമാക്കി. അങ്കണവാടി ടീച്ചർമാരുടെ ശമ്പളം 12,000 രൂപയാക്കി. ആശവർക്കർമാരുടെ ഓണറേറിയം 4,500 രൂപയാക്കിയിട്ടുണ്ട്. സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 50 കോടി അധികം. എസ്‌സി വിദ്യാർത്ഥികളുടെ ഗ്രാന്റിൽ  25 ശതമാനം വർധന- എല്ലാം വോട്ടുറപ്പ് പ്രഖ്യാപനങ്ങൾ തന്നെ. 
 വർദ്ധിച്ചു വരുന്ന കടത്തെക്കുറിച്ചും, സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയുമെല്ലാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റുള്ളവരും പറഞ്ഞു വെച്ചിരുന്നുവെങ്കിലും ഐസക്കിന് എല്ലാം 'ഇതൊക്കെ എന്ത് '  എന്ന ഈസി മട്ട്.  പ്രവാസി ചിട്ടി പരാജയം എന്ന് പറഞ്ഞവരെ സാമ്പത്തിക ശാസ്ത്രജ്ഞന്റെ തലത്തിൽനിന്ന് കണക്കുകൾ കൊണ്ട് നേരിട്ടു.  പ്രഖ്യാപിച്ച പല പദ്ധതികളെപ്പറ്റിയും നടക്കുമോ എന്നാശങ്കപ്പെട്ട പ്രതിപക്ഷത്തിന് മുന്നിൽ മന്ത്രി ഐസക്കിന്റെ ഉറച്ച സ്വരം നടക്കും, നോക്കിക്കോ. കാണാം, കാണാം എന്ന് പ്രതിപക്ഷവും.    
 അയ്യങ്കാളി പഞ്ചമി എന്ന പെൺകുട്ടിയുമായി നിൽക്കുന്ന   ചിത്രം വരച്ചത് പി.എസ്. ജലജ എന്ന കലാകാരി. പ്രക്ഷോഭസമരങ്ങൾ വഴി ദളിത് പെൺകുട്ടിക്ക് സ്‌കൂൾ പ്രവേശം വാങ്ങിക്കൊടുത്തതിന്റെ ചരിത്രം പറയുന്ന ചിത്രം.    ആ ചിത്രം തന്റെ ബജറ്റ് പ്രസംഗ പുസ്തകത്തിന്റെ മുഖചിത്രമാക്കിയ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസകിനെ  നവമാധ്യമങ്ങളിലെ പാർട്ടി അനുഭാവികൾ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. പക്ഷെ മുസ്‌ലിം ലീഗിലെ എൻ.എ. നെല്ലിക്കുന്നിന്  ബജറ്റ് പുസ്തകം ഇഷ്ടപ്പെട്ടത് മറ്റൊരു കാരണത്താലാണ്. നോക്കൂ... പുസ്തകത്തിന്റെ പുറം ചട്ട ഒന്നാന്തരം പച്ച! .  യു.ഡി.എഫ് ഭരിച്ച കാലത്ത് പച്ച വിരോധം പ്രകടിപ്പിച്ച് വികാരമിളക്കിയ വരുടെ ഈ മാറ്റം നന്നായി എന്ന് നിരീക്ഷിച്ച നെല്ലിക്കുന്ന് ബജറ്റ് പ്രസംഗത്തിൽ ആശാൻ കവിത ഉദ്ധരിച്ച് നേട്ടങ്ങൾ പറഞ്ഞ മന്ത്രി ഐസകിനെ എൻ.വി. കൃഷ്ണ വാര്യരുടെ മറുകവിത കൊണ്ടാണ് നേരിട്ടത്. എം.എൽ.എ ഫണ്ട് അഞ്ച് കോടിയാക്കണമെന്നും, ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട അംഗത്തെ പ്രസംഗാനന്തരം അംഗങ്ങൾ അഭിനന്ദിക്കുന്നത് കണ്ടു. സി.പി.എമ്മിലെ മുരളി പെരുനെല്ലി പറയുന്നത് വിപ്ലവ സൂര്യൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കുതിപ്പ് തടയാൻ ഇനിയാർക്കും കഴിയില്ലെന്നാണ്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്  അത് നിർവ്വഹിച്ചു കൊടുക്കുന്നയാളാണ്  നല്ല ഭരണാധികാരിയെന്ന്  യു.എ.ഇ ഭരണാധികാരി പറഞ്ഞത് പിണറായി വിജയനിലൂടെ യാഥാർഥ്യമായെന്നാണ് പെരുനെല്ലി വിശ്വസിക്കുന്നത്.  ഉമ്മൻ ചാണ്ടിയുടെ കാലത്ത്  കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന പരിപാടി കഴിഞ്ഞയുടൻ അവിടെ പശുവിനെ മേയ്ക്കാൻ വന്ന കുട്ടിയെ വരച്ച കാർട്ടൂണിസ്റ്റിന്റെ ഭാവന എത്രയോ ശരിയായിരുന്നുവെന്ന് പെരുനെല്ലിയുടെ പരിഹാസം. വിമാനത്താവളം പിണറായി  ഭരണകാലത്താണ് യാഥാർഥ്യമായതെന്ന് സ്ഥാപിച്ചെടുക്കുകയായിരുന്നു അംഗം.  കേരള കോൺഗ്രസുകളുടെ ഇടതനുകൂല മാറ്റത്തെക്കുറിച്ചുള്ള  പ്രതീക്ഷയും പെരുനെല്ലിയുടെ വാക്കുകളിൽ നിറഞ്ഞു. അതോടെ യു.ഡി.എഫിന്റെ മഹാതോൽവി സി.പി.എം അംഗം മനസ്സിൽ കാണുന്നു.  വയലാർ രാമവർമ്മ എഴുതിയത് പോലെ എവിടെ തിരിഞ്ഞു നോക്കിയാലും പരിവർത്തനത്തിന്റെ ഞാണൊലിയാണിപ്പോൾ  കേരളത്തിലെന്നാണ് ജി.എസ്. ജയലാൽ പറയുന്നത്. 
പി.സി. ജോർജ് ആരെയാണ് അനുകൂലിക്കുക, ആരെയാണ് എതിർക്കുക എന്ന് മുൻകൂട്ടി പറയുക പ്രയാസം. ഇന്നലെ ഭരണകക്ഷിയെ എതിർക്കുകയായിരുന്നു. ഗാലറികളിൽ ഉദ്യോഗസ്ഥരും, നിയമസഭയിൽ മന്ത്രിമാരും  വേണ്ടത്ര ഇല്ലാത്ത ഘട്ടത്തിലായിരുന്നു ജോർജ് പ്രസംഗിക്കാനെഴുന്നേറ്റത്.'' നോക്കൂ ഐസക്കിന്റെ ബജറ്റ് ചർച്ച കേൾക്കാൻ ഗാലറിയിൽ ഉദ്യോഗസ്ഥരില്ല. നിയമസഭയിൽ മന്ത്രിമാരെയും കാണുന്നില്ല.  ഐസക്കെ എന്തിനാ ഈ സർക്കാർ '' ജോർജിന്റേത് പോലുള്ള   പരാമർശമുണ്ടായാൽ മിനിറ്റുകൾക്കകം ഉദ്യോഗസ്ഥ ഗാലറി നിറയുന്നതായിരുന്നു മുൻ അനുഭവം. ഇപ്പോൾ പക്ഷെ വിമർശം തലയിലൊഴിച്ചു കൊടുത്താലും ഒരനക്കവുമില്ലാത്ത അവസ്ഥ. ഏതാണ്ട് ശൂന്യമായ ഉദ്യോഗസ്ഥ ഗാലറിയുമായിതന്നെയാണ്  ബജറ്റ് പൊതുചർച്ച പൂർത്തീകരിച്ചത്.
 

Latest News