ന്യൂസിലാന്റിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യയുടെ 4-1 വിജയത്തിനു ശേഷം ടീമുകള്‍ മൂന്നു മത്സര ട്വന്റി20 പരമ്പരയില്‍ ഇന്ന് പോരാട്ടമാരംഭിക്കുന്നു. ന്യൂസിലാന്റില്‍ ഇതുവരെ ഇന്ത്യന്‍ ടീം ട്വന്റി20 ജയിച്ചിട്ടില്ല. 2009 ല്‍ രണ്ടു മത്സരം കളിച്ചപ്പോള്‍ രണ്ടും തോറ്റു. എന്നാല്‍ അവസാനമായി കളിച്ച പത്ത് ട്വന്റി20 പരമ്പരകളും ഇന്ത്യ ജയിച്ചിട്ടുണ്ട്. രോഹിത് ശര്‍മ ഇതുവരെ 12 ട്വന്റി20 കളില്‍ ഇന്ത്യയെ നയിച്ചു. പത്തും ടീം ജയിച്ചു.
ഏകദിന ലോകകപ്പിന്റെ വര്‍ഷത്തില്‍ ട്വന്റി20 പുതിയ കളിക്കാരെ പരീക്ഷിക്കാനുള്ളതാണ്. ഇന്ത്യയുടെ മൂന്‍നിര ബാറ്റിംഗ് ഏറ്റവും സ്ഥിരതയുള്ളതാണ്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കിയതിനാലും കെ.എല്‍. രാഹുല്‍ ടീമിലില്ലാത്തതിനാലും വണ്‍ഡൗണ്‍ സ്ഥാനത്ത് പുതിയൊരു കളിക്കാരനെ പരീക്ഷിക്കേണ്ടി വരും. ശുഭ്മാന്‍ ഗില്ലിന് നറുക്കുവീഴാന്‍ സാധ്യതയേറെയാണ്. വലിയ പ്രതീക്ഷയോടെ രണ്ട് ഏകദിനം കളിച്ച പത്തൊമ്പതുകാരന് 9, 7 എന്നിങ്ങനെയേ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചുള്ളൂ. ഗില്ലിനെ പോലൊരു പ്രതിഭക്ക് ആവശ്യത്തിലേറെ അവസരം നല്‍കുമെന്ന് ഇന്ത്യന്‍ കോച്ച് രവിശാസ്ത്രി പറഞ്ഞു. ഏകദിന പരമ്പരയിലെ അപ്രതീക്ഷിത തിരിച്ചടിക്കു ശേഷം തിരിച്ചുവരാനൊരുങ്ങുകയാണ് ന്യൂസിലാന്റ്. അവസാന ഏഴ് ട്വന്റി20 കളില്‍ രണ്ടെണ്ണമേ അവര്‍ ജയിച്ചിട്ടുള്ളൂ. മൂന്നു രൂപത്തിലുള്ള ക്രിക്കറ്റില്‍ ന്യൂസിലാന്റിന് ഏറ്റവും റാങ്കിംഗ് കുറവ് ട്വന്റി20 യിലാണ് -ആറാം സ്ഥാനം. പരിക്കേറ്റ ഓപണര്‍ മാര്‍ടിന്‍ ഗപ്റ്റിലിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാവും ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യുക. 54 രാജ്യാന്തര ട്വന്റി20 കളില്‍ ഇരുപത്തേഴിലും വില്യംസന്‍ ഓപണറായിരുന്നു. അതില്‍ പതിനേഴും കിവീസ് ജയിക്കുകയും ചെയ്തു.
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ എം.എസ് ധോണി ടീമിലുണ്ടായിരുന്നില്ല. ന്യൂസിലാന്റിലും ധോണി പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യതയില്ലെന്നാണ് സുനില്‍ ഗവാസ്‌കറുടെ പ്രവചനം. വെല്ലിംഗ്ടണിലെ വെസ്റ്റ്പാക്ക് സ്റ്റേഡിയത്തിലെ പിച്ച് പലപ്പോഴും പ്രവചനാതീതമാണ്. അവസാനമായി ഇവിടെ നടന്ന ട്വന്റി20 യില്‍ ഉയര്‍ന്ന സ്‌കോറുകള്‍ പിറന്നു.