ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ കനത്ത പരാജയത്തെത്തുടര്‍ന്ന് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ദിനേശ് ചണ്ടിമലിനെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ടീമില്‍ അടിമുടി മാറ്റം വരുത്താനാണ് ശ്രീലങ്ക ഒരുങ്ങുന്നത്. ചണ്ടിമലിനു പകരം ദിമുത് കരുണരത്‌നെയായിരിക്കും പുതിയ നായകന്‍. ചണ്ടിമലിന് പതിനേഴംഗ ടീമിലും സ്ഥാനമില്ല. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിനും 40 റണ്‍സിനും തോറ്റ ശ്രീലങ്ക രണ്ടാം മത്സരത്തില്‍ 366 റണ്‍സിന് കീഴടങ്ങി. കളിക്കളത്തിലും പുറത്തും പ്രശ്‌നങ്ങള്‍ നേരിടുന്ന ശ്രീലങ്ക ഈയിടെ ഇംഗ്ലണ്ടിനോടും ന്യൂസിലാന്റിനോടും പരമ്പര തോറ്റിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് 13 നാണ് തുടങ്ങുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു കളിയില്‍ രണ്ട് ഇരട്ട സെഞ്ചുറിയടിച്ച ആഞ്ചലൊ പെരേരയെ ടീമില്‍ തിരിച്ചുവിളിച്ചു.